Showing posts with label ശ്രീ. Show all posts
Showing posts with label ശ്രീ. Show all posts

Sunday, January 30, 2011

മകളേ മയങ്ങു നീ .... by ശ്രീ ..

മുല്ലപ്പൂക്കളുടെയും വിയര്‍പ്പിന്റെയും വാടിയ മണം കുമിയുന്ന നോട്ടുകളിലേക്കു നോക്കി നില്‍ക്കെ പിഞ്ചു കണ്ണുകളില്‍ കൌതുകം കൂട് കൂട്ടി .

നിസ്സഹായത സ്ഫുരിക്കുന്ന കണ്ണുകള്‍ കാലുകള്‍ തളര്‍ന്നു കിടക്കുന്ന അച്ഛന്റെതാണെന്ന് കൌതുക നയനങ്ങള്‍ കണ്ടു പിടിച്ചു

കൌതുകം നിസ്സഹായതയുമായി കൊമ്പ് കോര്‍ത്തു .

" എന്തിനാ അച്ഛാ എല്ലാവരും വന്നു അമ്മയുടെ കൂടെ മുറിയില്‍ അടച്ചിരിക്കുന്നെ? "

നിസ്സഹായത നേര്‍ത്തൊരു ഞെട്ടലോടെ കൌതുക നയനങ്ങളിലേക്ക് നോക്കി .

" അമ്മ ഒരു ദേവിയാണ് മോളേ .. ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന അഭീഷ്ട വരദായിനി "

മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കണ്ണടക്കാന്‍ ഒരുങ്ങി

കൌതുകം ഇരുണ്ടു വരുന്ന നേര്‍ത്ത ഇരുട്ടിലേക്ക് നോക്കി . " അപ്പൊ വരുന്നവരെല്ലാം അമ്മക്ക് പൈസ കൊടുക്കുന്നതോ? "

പുറത്തു മഴ ആര്‍ത്തലച്ചു പെയ്തു . ഓല മേഞ്ഞ വീടിനുള്ളിലേക്ക് കണ്ണീര്‍ കണങ്ങള്‍ പോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.

" നമ്മള്‍ അമ്പലത്തില്‍ പോകുമ്പോള്‍ ഭാണ്ടാരത്തില്‍ പൈസ ഇടാറില്ലേ ? അത് പോലെയാ മോളേ .. "

നേര്‍ത്തൊരു വിതുമ്പലോടെ വെളിച്ചം കണ്ണടച്ചു കളഞ്ഞു .

പിഞ്ചു കണ്ണുകളില്‍ പിന്നെയും സംശയത്തിന്റെ തിരമാലകള്‍ ഇരമ്പി .

" അപ്പൊ വലുതാകുമ്പോ ഞാനും അമ്മയെപ്പോലെ ദേവിയാവോ അച്ഛാ? "

നിസ്സഹായമായ കണ്ണുകളില്‍ നടുക്കവും ദൈന്യതയും മിന്നി മറഞ്ഞു . കണ്ണില്‍ ഉരുണ്ടു കൂടിയ തുലാവര്‍ഷം ഇരുളില്‍ അലിഞ്ഞു ഇല്ലാതെയായി

ഇനി സംശയം തല പൊക്കാത്തവണ്ണം കൌതുകത്തെ നിസ്സഹായത നെഞ്ചോടു ചേര്‍ത്ത് പിടിച്ചു .

ഇടി മുഴക്കത്തോട്‌ കൂടി മഴ ആര്‍ത്തലച്ചു പെയ്തു . ഇരുളില്‍ പ്രാവിന്റെ കുറുകല്‍ പോലെ വിതുമ്പലുകള്‍ ഇടറി വീണു ....