നൂറ്റാണ്ടുകളായി ചൂഷണത്തില്‍ പിടയുന്ന മനുഷ്യകുലം ,സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവീയഐക്യത്തിന്‍റെയും വിമോചനഗാഥയായി ഓണോല്‍സവങ്ങള്‍ നിറയുന്നു.
ലോകം വിശന്നു പൊലിയുമ്പോള്‍ കോടികളുടെ മഹാരമ്യങ്ങളില്‍ അരചര്‍ വാഴുന്നു.ചൂഷിതരക്തത്തില്‍ പിടയുന്ന ഭൂമിയെ പങ്കിട്ടെടുക്കാന്‍ സാമ്രാജ്യത്വ വാമനന്‍മാര്‍ സമത്വസങ്കല്‍പ്പങ്ങളുടെ തലയറുക്കുന്നു.ഭീകരതയും വര്‍ഗീയതയും യുദ്ധഭ്രാന്തും വമിച്ചു മാനവസംസ്ക്കാരത്തെ നരകീയമാക്കുന്നു.
പൂ നുള്ളുന്ന കുഞ്ഞു മിഴികളില്‍ വിഷം പുരളുന്നത് നാം അറിയണം.കമ്പോളാര്‍ത്തികള്‍ വിഴുങ്ങുന്ന ഉത്സവങ്ങളുടെ ജനകീയധാരയെ നമുക്ക് വീണ്ടെടുക്കണം.ആര്‍ദ്രമാര്‍ന്ന സ്നേഹാനുഭൂതിയില്‍ മതജാതിവംശവൈരങ്ങള്‍ മറന്നു കാലുഷ്യങ്ങളുടെ കോട്ടകളെ നമുക്ക് പിളര്‍ക്കണം.ഓണം മാനവരാശിയുടെ സമത്വധിഷ്ടിത വിമോചനപോരാട്ടങ്ങളുടെ ഇന്ധനമാകണം.
നൊമ്പരങ്ങളുടെ ഇരുള്‍പടര്‍ന്ന ജീവിതത്തില്‍ മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസന്ദേശം വെളിച്ചത്തിന്‍റെ പടവാളായി വെട്ടി തിളങ്ങണം
ഞാറ്റടിപ്പാട്ടിന്‍റെ താളവും
കാര്‍ഷിക സമൃദ്ധിയുടെ ആഹ്ലാദവും വിടരുന്ന
ജീവിതം പൂക്കാലമാകുന്ന നന്മയുടെ നാളേക്ക്
നമുക്ക് സ്നേഹോല്‍സവങ്ങളായി പടരാം
No comments:
Post a Comment