Thursday, October 7, 2010

വിശ്വാസം - അതല്ലേ എല്ലാം!!! by aju mathews

വിശ്വാസം - അതല്ലേ എല്ലാം!!! by aju mathews

Published by: അക്ഷരം on 7th Oct 2010 | View all blogs by അക്ഷരം

തങ്ങള്‍ക്കു മുമ്പില്‍ നിരത്തപെടുന്ന വാദങ്ങളിലെ യുക്തിയും അവതരിപ്പിക്കപെടുന്ന തെളിവുകളുടെയും രേഖകളുടെയും ശരിയും ബലവും നോക്കി വിധി പറയേണ്ടുന്ന കോടതി വിശ്വാസത്തിനും വികാരത്തിനും പ്രാമുഖ്യം നല്‍കി നടത്തിയ വിധി കാണുമ്പോള്‍ ഓര്‍മ  വരുന്നത് മേല്പറഞ്ഞ പരസ്യ വാചകമാണ്. ഇന്ത്യന്‍ നീതി ന്യായവ്യവസ്തിതിയുടെ ചരിത്രത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോരുന്ന ഒരു കീഴ്വഴക്കം ഈ വിധി സൃഷ്ടിച്ചു കൂടായ്കയില്ല എന്നത് ഈ വിധിയില്‍ പതിയിരിക്കുന്ന ഒരു വലിയ അപകടമാണ് .
 
Lucknow ബെഞ്ചിന്റെ വിധിയിലെ ന്യൂനതകള്‍ നിലനില്‍ക്കെത്തന്നെ പ്രശ്നപരിഹാരത്തിനുള്ള ഒരു ഒത്തുതീര്‍പ്പ്  ഫോര്‍മുലയായി ഒരു വലിയ ജനവിഭാഗം ഈ വിധിയെ കാണാന്‍ ആഗ്രഹിക്കുന്നു. ഈ വിധിക്കുശേഷം അനുഭവപ്പെടുന്ന നിശ്ശബ്ദത ഒരു പരിധി വരെയെങ്കിലും ഇതിന്റെ കൂടി പ്രതിഫലനമാണ്. ഒരു തെറ്റ് കൊണ്ട് അതിലേറെ വലിയ ഒത്തിരി തെറ്റുകളെ തിരുത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് കരുതുന്നവരും ഉണ്ടാകാം.
 
തിരശീലക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അദൃശ്യ ശക്തികളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൊണ്ടാടപ്പെടുന്ന നിഷ്ടൂരവും കപടവുമായ അബദ്ധ നാടകങ്ങളില്‍ ഇനിയും കരുവാക്കപെട്ടു സ്വന്തം ജീവിതം ഹോമിക്കാന്‍ തയ്യാറല്ല എന്ന് ഒരു ജനത ഏറെക്കുറെ മുഴുവനായും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൂടെക്കൂടെ നമ്മുടെ നാട്ടിലെ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും  അവയുടെ നേതൃത്വങ്ങളെയും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഇത് തിരിച്ചറിഞ്ഞു പത്തി മടക്കി തുടങ്ങിയിരുന്ന  ഇത്തരം ശക്തികള്‍ , പക്ഷെ  ഈ വിധിയെ തങ്ങളുടെ നിലപാടുകളുടെ വിജയമായി വ്യാഖ്യാനിച്ചു ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ കൂടുതല്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കും വര്‍ഗീയ ധ്രൂവീകരണതിനും ഉള്ള ആയുധമാക്കുമോ എന്നും  ഭയപെടെണ്ടിയിരിക്കുന്നു. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും ഈ വിധി ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി മാറും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
 
വിശ്വാസം - അതാണ്‌ എല്ലാം, എന്ന് തത്വത്തില്‍  ഈ വിധിയിലൂടെ അംഗീകരിക്കുന്ന കോടതിയേക്കാള്‍ ഈ വിഷയത്തില്‍ സമചിത്തതയും പക്വതയും കാണിച്ച ജനങ്ങളില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം .

2 comments:

  1. വിധി തങ്ങള്‍ക്കനുകൂലമായതിനാല്‍ VHP നേതാക്കള്‍ അണികളെ പ്രകോപിക്കുവാനായി ഒന്നും ചെയ്തില്ല. മുസ്ളീം നേതൃത്വം വളരെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു എന്നതാണ് ഇതിലെ പ്ലസ് പോയിന്റ്. പിന്നെ ഇത് അവസാന വാക്കല്ലല്ലോ. സുപ്രീം കോടതിയുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു. ഏതായാലും രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ നഷ്ടം സംഭവിക്കുന്നത് മുഴുവന്‍ ജനതയ്ക്കുമാണെന്ന കാര്യം എല്ലാവരും സൌകര്യപൂ‍ര്‍വ്വം മറക്കുന്നു.

    ReplyDelete
  2. ശരിയാണ് .തെളിവുകൾ അടിസ്ഥാനമാക്കേണ്ട കോടതി വിശ്വാസം മാനദണ്ഡമാക്കുമ്പോൾ അപകടമാണ്
    അഖിലൻ&യേശുദാസ്(ഓലക്കണ്ണട blogspot)

    ReplyDelete