Friday, July 9, 2010

ആമുഖം

SHIJU SASIDHARAN


പ്രിയപ്പെട്ട നവോദയ സുഹൃത്തുക്കളെ 
                                                            നമ്മള്‍ പ്രവാസികള്‍ നമ്മുടെ നാടിനെ കുറിച്ചും നമ്മുടെ നാട്ടിലെ സംഭവവികാസങ്ങളെ കുറിച്ചും ഒക്കെ വളരെ ആശങ്കയോടെ സംസാരിക്കുന്നവരാണ്‌.നമ്മുടെ നാട്ടുകരെക്കാളും പ്രവാസികള്‍ നമ്മുടെ നാടിന്‍റെ മാറ്റങ്ങളില്‍ ശ്രദ്ധാലുക്കള്‍ ആണ് എന്നത് ഏവരും അംഗീകരിക്കുന്ന ഒന്നാണ് .നമ്മള്‍ മലയാളികള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയബോധവും സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ഉള്ള ഇടപെടലുകളും ഒക്കെയാണ് ലോകത്തിന്‍റെ ഇതു കോണില്‍പോയാലും നമ്മള്‍ മലയാളികളെ വേറിട്ട്‌ നിര്‍ത്തുന്നത് .ഇവിടെ അത്തരം ഒരു ബോധത്തെ പോഷിപ്പിക്കുന്നതില്‍ നമ്മോടൊപ്പം നമ്മള്‍ കൂട്ടിയിട്ടുള്ളത് 'നവോദയയെ' ആണ് .സാമൂഹ്യക്ഷേമം സംസ്കാരികം തുടങ്ങി നിരവധി മേഖലകളില്‍ നിരവധി പേര്‍ക്ക് ആശ്വാസമായി നമ്മുടെ സംഘടന പ്രവര്‍ത്തിക്കുന്നു .ഇപ്പോള്‍ അതിന്‍റെ തന്നെ ഒരു ഭാഗമായാണ് സര്‍ഗസദസ്സ് എന്ന പേരില്‍ സാഹിത്യ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .കഴിഞ്ഞ രണ്ടു പരിപാടികളില്‍ ആയി നടന്ന ചര്‍ച്ചകളും കൂടി ചേരലുകളും നമുക്ക് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല.പലപ്പോഴും ഇതിന്‍റെ തുടര്‍ച്ചകള്‍ നടക്കുന്നില്ല എന്നത് നമ്മളെ സങ്കടപ്പെടുത്തുന്നു എങ്കിലും ഇപ്പോള്‍ ഉണ്ടായ ഈ ചലനം അതിന്‍റെ തുടര്‍ ചലനങ്ങള്‍ രേഖപെടുത്തി മുന്നോട്ടു പോകുമെന്നുതന്നെ പ്രതീക്ഷിക്കുന്നു .ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന നേതൃനിരയേ നമ്മുടെ സചേതനമായ സാന്നിധ്യം കൊണ്ടു പിന്തുണക്കുകയും അനുമോദിക്കുകയും ചെയ്യാം .
                        വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവ് നമ്മുടെ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ നമ്മളൊക്കെ ബോധവാന്മാരാണ് .ഐ ടി സാക്ഷരത എന്നത് നമ്മുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമായി മാറുന്നു എന്നത് അല്‍പ്പം ആശങ്കളോടെ നമ്മള്‍ അംഗീകരിക്കുന്നു .ചര്‍ച്ച ചെയ്യുന്നു .എന്നാല്‍ ഇതിലൊക്കെയുള്ള ആശങ്കള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ ഗുണഫലങ്ങള്‍ അംഗീകരിക്കാതെ കഴിയില്ല.
സോഷ്യല്‍ വെബ്‌ സൈറ്റുകള്‍ ഇന്ന് നിരവധിയാണ് .ലോകവിസ്തീര്‍ണം ഒരു കടുകുമണിയോളം ചെറുതാക്കി അതിന്‍റെ അതിരുകള്‍ ഇല്ലാതാക്കിയിരിക്കുന്നു.ലോകസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ ഇതിലും പുറകില്‍ അല്ല .ഫേസ് ബുക്ക്‌ .ഓര്‍ക്കുട്ട് ,ട്വിറ്റെര്‍, ഗൂഗിള്‍ ബസ്സ്‌ തുടങ്ങി ലോകത്തിലെ പ്രമുഖ പേജുകള്‍ക്കൊപ്പം നമ്മുടെ മലയാളത്തിലും അനവധിയുണ്ട് .കൂട്ടം ,വാക്ക്, സുഹൃത്ത്‌,കന്മദം അങ്ങനെ അനവധി..ഇവയിലൊക്കെ നടക്കുന്ന ചര്‍ച്ചകള്‍ ,അതില്‍ പോസ്റ്റ്‌ ചെയ്യുന്ന സാഹിത്യ സൃഷ്ടികള്‍  ,
ഇതിലെല്ലാം വളരെ സജീവമായി പങ്കെടുക്കുന്നവരാണ് നമ്മള്‍ പ്രവാസികള്‍ ..അതിനു മപ്പുറം സ്വന്തമായി ബ്ലോഗുകള്‍ സൂക്ഷിക്കുന്നവരും അനവധി..
              ഇവിടെ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നതിന്‍റെ പുറകിലെ ചിന്ത അത്തരം പൊതുഇടങ്ങള്‍ നമുക്കിടയില്‍ സൃഷ്ടിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ആലോചനകള്‍ ആണ് .ഇപ്പോള്‍ അങ്ങനെ ഒന്നു നിലവിലുണ്ടോ എന്നറിയില്ല..നവോദയയിലെ അംഗങ്ങള്‍ക്കിടയില്‍ അത്തരം സര്‍ഗവാസനകള്‍ പരിപോഷിക്കുന്നതിനും .ഓരോ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും ഒക്കെ ഇങ്ങനെ ഒരു ഇടം പുതിയ സാധ്യതകള്‍ രൂപപെടുത്തുന്നു.പൊതുവേദിയില്‍ സംസാരിക്കുന്നതിന്‍റെ സങ്കീര്‍ണതകളെ ഭയപെടുന്നവര്‍ ,സ്വന്തം സ്വകാര്യതകളില്‍ പിറവി കൊള്ളുന്ന വാക്കുകളെ ആഘോഷിക്കുന്നവര്‍,കൂടാതെ ഇവിടുത്തെ നാടിന്‍റെ രീതികൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുടുംബാംഗങ്ങള്‍ ഇവര്‍ക്കൊക്കെ ഇത്തരം ഒരു ഇടം ഉപയോഗിക്കാം എന്നു ഞാന്‍ കരുതുന്നു..അതു കൂടാതെ സ്വന്തമായി ബ്ലോഗുകള്‍ ഉള്ളവരെയൊക്കെ നമുക്ക് ഇവിടെ യോജിപ്പിക്കാം ..ഒപ്പം പ്രവാസികളുടെ ഇടയില്‍ ഉണ്ടാകുന്ന രചനകള്‍ അതൊക്കെ പരിചയപ്പെടുത്താനും  .പുതിയ വിഷയങ്ങളെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാനും ഒക്കെയായി ഒരു വേദി..കൂടാതെ നമ്മുടെ പൊതുപരിപാടികളുടെ അറിയിപ്പുകളും ചിത്രങ്ങളും മറ്റും എല്ലാവരിലും എത്തിക്കാനും ഇതു ഉപയോഗപ്രദമാണ്.
ഇത്തരം പേജുകള്‍ സൗജന്യമായി നിര്‍മിക്കാനുള്ള സൈറ്റുകള്‍ ഇന്ന് ഇന്‍റെര്‍നെറ്റില്‍  ലഭ്യമാണ് .പിന്നെ മലയാളം ഫോണ്ടുകളും ഗൂഗിള്‍ മലയാളം സൈറ്റും  ഒക്കെ ഉപയോഗിച്ച് ഇതിനെ മലയാളത്തില്‍ തന്നെ നിലനിര്‍ത്തുവാനും കഴിയും .ഊഷ്മളമായ സാന്നിധ്യവും ഇടപെടലും അതിനുള്ള മനസ്സും ആവശ്യപെടുന്ന ഈ ആശയത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞാന്‍ ആഗ്രഹിക്കുന്നു.ഒപ്പം ഇതിലേക്ക് ചേര്‍ക്കേണ്ട വിഷയങ്ങളും പംക്തികളും നിര്‍ദ്ദേശിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
                                                                              വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് 
.
ഷിജു ശശിധരന്‍

No comments:

Post a Comment