Wednesday, January 25, 2012

അഴീക്കോട് മാഷിനു ആദരാഞ്ജലികള്‍ ...

സുകുമാര്‍ അഴീക്കോട് ..
നൂറ് തലക്കെട്ടുകള്‍ ...
നൂറ് വര്‍ത്തമാനങ്ങള്‍ ......

ലിങ്ക് സന്ദര്‍ശിക്കുകമാഷിനു അക്ഷരത്തിന്റെ ആദരാഞ്ജലികള്‍ ....

Sunday, December 25, 2011

തന്‍മയിനും തെജോമയിനും ആശംസകള്‍ ..


http://malarvadionline.com/gcc/index.html 

നവോദയ കോബാര്‍ കുടുംബത്തിലെ സജീവസാന്നിധ്യം സ.അജു മാത്യൂസിന്റെ മക്കള്‍ തന്മയ് മാത്യൂസും , തോജോമായ് മാത്യൂസും മലര്‍വാടി ജി സി സി മെഗാ ക്വിസ് 2011 ല്‍ വിജയികളായി...അക്ഷരത്തിന്റെ അഭിനന്ദനങ്ങള്‍  

ശിശുദിനങ്ങള്‍ ????!!!!!!!!!!

ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നമസ്കാരം 
                                                              പ്രിയപ്പെട്ട കൂട്ടുകാരെ , ആഹ്ലാദം അലതല്ലുന്ന മനസ്സുമായി ഈ കലോല്‍സവ വേദിയില്‍ ഒത്തു ചേരുമ്പോഴും കുട്ടികള്‍ ലോകമാകെ പീഡിപ്പിക്കപ്പെടുകയാണ്.നമ്മുടെ സങ്കടങ്ങളും അവകാശങ്ങളും ഉറക്കെ വിളിച്ചു പറയേണ്ടിയിരിക്കുന്നു .എത്രയെത്ര ശിശുദിനങ്ങള്‍ , എണ്ണമറ്റനിയമങ്ങള്‍ ,പഠനങ്ങള്‍  , ചര്‍ച്ചകള്‍ !എന്ത് പ്രയോജനം.കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 

                                                            നമുക്കൊപ്പം തുള്ളിച്ചാടി നടക്കെണ്ടവര്‍ , അക്ഷരങ്ങള്‍ പഠിക്കേണ്ടവര്‍, കീറിപ്പറിഞ്ഞ ഉടുപ്പുമായി ഭിക്ഷ യാചിക്കുന്നു .വിശന്നു പൊരിയുന്ന വയറുമായിഖനികളില്‍ , തീപ്പെട്ടിക്കമ്പനികളില്‍ വയലേലകളില്‍ പണിയെടുക്കുന്നു.കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടോ , മരണവുമായി മല്ലടിക്കുന്ന ഒരു കുഞ്ഞുകുട്ടിയെ തിന്നാന്‍ കൊതിയോടെ കാവലിരിക്കുന്ന ഒരു കഴുകന്‍റെ ചിത്രം .കുട്ടികള്‍ നിത്യവും മരിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള ഒരു ചിത്രമായിരുന്നു അത്.ഞങ്ങള്‍ ചോദിക്കുന്നു എന്നാണ് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് നല്ല ഉടുപ്പുകളും വയര്‍ നിറയെ കഴിക്കാനുള്ള ഭക്ഷണവും പഠിക്കാനുള്ള സൗകര്യവും ഉണ്ടാകുക? 

                                                          പട്ടിണി സഹിക്കാതെ ഇരുപതു രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരുടെ നാടായി നമ്മുടെ ഭാരതവും മാറിയില്ലേ ? കൊടിയ ദാരിദ്ര്യമല്ലേ ആയിരം ആണ്‍കുട്ടികള്‍ക്ക് 900.പെണ്‍കുട്ടികള്‍ എന്ന നാണം കേട്ട അവസ്ഥ നമ്മുടെ രാജ്യത്തുണ്ടാക്കിയത്?.ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടാന്‍ പെണ്‍കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണു ചെയ്തത്? മനുഷ്യവംശത്തിനു വേണ്ടിമുലയൂട്ടുന്നതോ.ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്ക് നല്‍കാത്തത്‌ കാടത്തമല്ലേ ? മദ്യപിച്ചു ബഹളമുണ്ടാക്കുകയും അമ്മമാരെ തല്ലുകയും ചെയ്യുന്ന അച്ഛന്‍മാരെന്താ വീട്ടുപണിയെടുക്കാത്തത് ?സ്ത്രീധനത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും കണക്കില്‍ എത്ര സ്ത്രീജീവിതങ്ങളാണു  പൊലിഞ്ഞുപോകുന്നത് .എന്നാണ് ഈ അടിമത്തം അവസാനിക്കുന്നത്?
 
                                                         നമ്മുടെ  കേരളത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പല്ലേ 'അ' എന്ന അക്ഷരം എഴുതാന്‍ കഴിയാത്തതിന് ഒരു മൂന്നര വയസ്സുകാരനെ അച്ഛന്‍ ബെല്‍റ്റു കൊണ്ട്അടിച്ചു മുറിവേല്‍പ്പിച്ചത്.സ്കൂളുകളിലും വീടുകളിലും മുതിര്‍ന്നവരുടെ തല്ലും ശകാരവും ഏറ്റുവാങ്ങിയും ഇരുമ്പു കമ്പി പഴുപ്പിച്ചുവെച്ചതിന്‍റെ വേദനയേറ്റും എത്രകുട്ടികളാണ് നീറിനീറികരയുന്നത്,അമ്മമലയാളത്തില്‍ പഠിക്കാനും അന്വേഷിച്ചറിയാനും കഥകളിലൂടെയും കളികളിലൂടെയും കാര്യങ്ങള്‍ ഗ്രഹിക്കാനും കഴിയാതെ എത്ര കൂട്ടുകാരാണ് അണ്‍-ഏയ്‌ഡഡ സ്കൂളുകളില്‍ ശ്വാസം മുട്ടുന്നത്.രക്ഷിതാക്കളുടെ അതിമോഹത്തിനും ഗമയ്ക്കും ഞങ്ങള്‍ കുട്ടികളെ ഇങ്ങനെ ബാലിയാടാക്കണോ . 

ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ,കേള്‍ക്കുന്ന കഥകള്‍  ഞങ്ങള്‍ കുട്ടികളെ ഭയപ്പെടുത്തുന്നു.ചെറിയ കുഞ്ഞുങ്ങളെപ്പോലും മുതിര്‍ന്നവര്‍ അവരുടെ ചീത്ത മോഹങ്ങള്‍ക്ക് ഇരയാക്കുകയല്ലേ .പിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പിശാചിന്‍റെ നാടായി കേരളം മാറിയിരിക്കുന്നു .സ്നേഹത്തിന്‍റെ പുലിത്തോലണിഞ്ഞ വാല്‍സല്യങ്ങളും വിഷ മിഠായികളും  എങ്ങനെയാണ് ഞങ്ങള്‍ തിരിച്ചറിയുക? പറയൂ ആരാണ് ഞങ്ങളുടെ രക്ഷകര്‍? 

                                                         ഓര്‍മയില്ലേ , ഒറ്റക്കയ്യന്‍  കാട്ടാളന്‍ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടുകൊന്ന ഷോര്‍ണൂരിലെ സൗമ്യചേച്ചിയെ?. കാണുന്നില്ലേ പെണ്‍കുട്ടികളുടെ നിലവിളികളിലും തേങ്ങലുകളിലും കൊച്ചുകേരളം വിറകൊള്ളുന്നത്?.നിങ്ങളെ കണ്ടു പടിച്ചല്ലേ പാവം അഞ്ചാം ക്ലാസുകാരന്‍ ഞങ്ങളുടെ അംഗന്‍വാടി കൂട്ടുകാരിയെ കുളത്തിലേക്ക് തള്ളിയിട്ടു കൊന്നത്?.കുരുന്നിലെ ഞങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നതാരാണ്.?ഒരു പൂവിതള്‍ പോലെ സൗരഭ്യമുള്ള ഞങ്ങളുടെ ബാല്യത്തെ പിച്ചിച്ചീന്താന്‍ മനോരോഗികളെ നിങ്ങള്‍ക്കാരാണ് അനുവാദം നല്‍കിയത്‌?. 

                                                           ചെറിയ ശതമാനം മാത്രം വരുന്ന കുറ്റവാളികളെ ചെറുക്കാന്‍ എന്താണ് അസമത്വങ്ങള്‍ക്കെതിരെ പോരാടിയ നമ്മുടെ നാടിനാവാത്തത്.ബ്രിട്ടീഷ്‌ ഭരണത്തിനെതിരായും അനാചാരങ്ങള്‍ക്കെതിരായും പൊരുതിജയിച്ച നാടല്ലേ നമ്മുടേത് .ഭൂമിയില്‍ പണിയെടുക്കുന്നവന് അവകാശം നല്‍കിയും പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കിയും ലോകത്തിനു മാതൃകയായ പാരമ്പര്യമല്ലേ കേരളത്തിന്‍റെത്.മഹാത്മജിയും ചാച്ചാജിയും ഇ എം എസും  എ കെ ജിയും കെ കേളപ്പനും കൊളുത്തിവെച്ച സ്നേഹവിളക്കുകള്‍ അണയുകയാണോ? 

                      ഇല്ല അതിനനുവദിച്ചുകൂടാ, നാടിന്‍റെ നന്മകള്‍ക്കായി നമ്മള്‍ ഒത്തുചേരേണ്ടിയിരിക്കുന്നു ." അവനവന്‍  ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം " എന്ന കവിവാക്യം ജീവിതമുദ്രാവാക്യമായി നമുക്ക് ഏറ്റെടുക്കണം.കണ്ണീര്‍ ചാനലുകളും തുണിയില്ലാനൃത്തങ്ങളും , കടം വാങ്ങി നിറയ്ക്കുന്ന ആഡംബരവസ്തുക്കളും  മദ്യവും മയക്കുമരുന്നുമല്ല ജീവിതമെന്ന് നമുക്ക്‌ തിരിച്ചറിയാനാകണം.ചുറ്റുപാടുകളെ വിശകലനം ചെയ്ത് പഠിക്കാനും  കുറ്റവാളികളെ തിരിച്ചറിയാനും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും നാം പഠിക്കണം.പരസ്പരം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ സ്നേഹബന്ധങ്ങളിലൂടെ ഒരു പുതു ലോകം പണിയാന്‍ നമുക്കാവണം. 

സ്നേഹ നിധികളായ ഗുരുനാഥന്മാരും രക്ഷിതാക്കളും മറ്റു പ്രിയപ്പെട്ടവരും വഴിവിളക്കുകളുമായി പ്രകാശം ചൊരുത്തുമ്പോള്‍ ഇടറിവീഴാതെ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.   


നവോദയ കേന്ദ്രകമ്മറ്റി അംഗം സ.രഘുനാഥ് ഷോര്‍ണൂരിന്‍റെ മകള്‍ കുമാരി നവീനയ്ക്ക്‌ ഉപജില്ല കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിക്കൊടുത്ത പ്രസംഗം.കൂടാതെ നാടോടിനൃത്തത്തിലും മോണോആക്ടിലും എ ഗ്രേഡ് നേടി..ഒപ്പം യുറീക്ക വിജ്ഞാന പരീക്ഷയില്‍ രണ്ടാം സ്ഥാനവും സാമുഹ്യശാസ്ത്രം ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലെ പ്രശ്നോത്തരികളില്‍ ഒന്നാം സ്ഥാനവും ഈ മിടുക്കി സ്വന്തമാക്കി...

Sunday, December 18, 2011

നവോദയ അല-കോബാര്‍ ഏരിയ ഏക്സിക്യൂട്ടീവ് അംഗം സ.സന്തോഷ്‌ തയ്യില്‍ തയ്യാറാക്കിയ കുറിപ്പ്..

Thursday, December 15, 2011

പ്രവാസം

രഘുനാഥ് ഷോര്‍ണൂര്‍ ഡിസംബര്‍ പതിനഞ്ചിന് സമീക്ഷയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം .പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖകന്‍ പരാമര്‍ശിച്ചിട്ടുള്ളത് .പ്രവാസികളുടെ പുനരധിവാസ തൊഴില്‍ പ്രശ്നങ്ങളില്‍ കോണ്‍സുലേറ്റിന്‍റെ ഇടപെടല്‍ വളരെ അത്യാവശ്യമായിരിക്കുന്ന സാഹചര്യങ്ങളാണ് ഇന്ന് നിലവിലുള്ളത് .ഉദാഹരണമായി വിസ ഉറൂബ് ആക്കപ്പെട്ടവരുടെ പ്രശങ്ങള്‍ തന്നെ..ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും നിലവില്ലുള്ള എംബസ്സി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.അതിന്‍റെയൊക്കെ ഫലമായി ഇവര്‍ ചെന്ന് പെടുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ കൈകളിലാണ്.വന്‍ തുകകള്‍ കൊടുത്തിട്ടും പലര്‍ക്കും നിയമപരമായി ലഭിക്കേണ്ടുന്ന ഗുണങ്ങള്‍ പോലും ലഭിക്കുന്നില്ല.തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്നവരും എന്താണ് ചെയ്യേണ്ടത്‌ എന്ന അറിവില്ലാത്തതു കാരണം ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ട്.
                                                                                 ലേഖകന്‍ എടുത്തു പറയുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്.വിസ പ്രശ്നങ്ങളിലും സ്വദേശിവല്‍ക്കരണം മൂലമുള്ള നിയമക്കുരുക്കുകളിലും കുടുങ്ങി പൊടുന്നനെ കൂട്ടമായി നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ , അവരുടെ കുടുംബങ്ങള്‍, ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം.ഓരോ പൌരനും പ്രവാസിയാകാന്‍ ആലോചിക്കുന്നിടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിക്കുന്ന തുകകളുടെ വളരെ ചെറിയ ഒരംശം മതി പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികളെ വിജയകരമായി നടപ്പിലാക്കാന്‍.രാജ്യത്തിന്‌ തന്നെ മാതൃകയായി ഇടതു സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക വകുപ്പും ഒപ്പം പ്രവാസി ക്ഷേമനിധി സംവിധാനങ്ങളും വികലവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചിന്തകള്‍ മൂലം നശിപ്പിക്കപ്പെടാന്‍ പാടില്ല..രാജ്യമാകമാനം വിപുലപ്പെടുത്തി നടപ്പിലാക്കേണ്ട അത്തരം രീതികളെ തച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതിനെ കൂടുതല്‍ സമഗ്രമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌..അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഇവിടുത്തെ സംഘടനകളാണ്..
                                                                                 ആടുജീവിതവും ഗദ്ദാമ യുമൊക്കെ കേവലം ഭാവനാ സൃഷ്ടികള്‍ മാത്രമായി അനുഭവപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു പോലും മാനസികമായി ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന പ്രവാസികളെ ,താങ്ങി നിര്‍ത്തുന്നതില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പ്രവാസി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ഭംഗി വാക്കുകള്‍ പറഞ്ഞു വിലയിടാനാകില്ല..നാടു  വിട്ടു ഇവിടെയെത്തുന്ന പ്രവാസിക്ക് ഒരേ മതമാണ്‌ ,ഒരേ ചിന്തയാണ് ഒരേ വികാരമാണ് ..അവന്‍റെ യിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവയാകരുത്‌ സംഘടനകള്‍. രൂപപ്പെടാന്‍ നിമിത്തമായ ആശയങ്ങള്‍ ,കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും ഒരുമിച്ചു പൊരുതി നേടിയെടുക്കേണ്ട വിഷയങ്ങളിലും വിലങ്ങു തടിയാകരുത്‌ .അങ്ങനെ സംഭവിക്കുമ്പോളാണ് കച്ചവടമനസ്സുമായി പണത്തിനും പ്രശസ്തിക്കും വേണ്ടി സങ്കുചിത താല്പര്യക്കാര്‍ ഓരോ സംഘടനകളുടെ മറവിലും അല്ലാതെയും ഈ മരുഭൂമിയിലും പ്രവാസികള്‍ക്കു ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്..
                                                                                     ഇതിനൊക്കെ പുറമെയാണ് എംബസ്സി സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം .എയര്‍ ഇന്ത്യ നടത്തുന്ന ക്രൂരമായ താമാശകള്‍.
                                                        മനുഷ്യക്കച്ചവടവും മറ്റു കച്ചവടങ്ങളും നടത്തി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ദ്രോഹിച്ചു സമ്പന്നന്‍ മാരായ കുറച്ചു പേര്‍ നക്ഷത്ര ഹോട്ടലുകളില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ക്കൊപ്പമല്ല പ്രവാസികാര്യ മന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവാസി ദിവസം ആഘോഷിക്കേണ്ടത് ..കാരണം ബി പി എല്‍ കാര്‍ഡുകാരനും താഴെ ദരിദ്രനായി മാറുന്ന പ്രവാസിയുടെ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ ജാതകത്തിനു ,കുടുംബത്തിന്‍റെ കൂട്ടത്തോടെയുള്ള ആത്മഹത്യ എന്ന പതിവു അന്ത്യം ഇന്നും തുടരുകയാണ്..
                                                                                                                                                         സന്തോഷ്‌ തയ്യില്‍. അല്‍ -കോബാര്‍ , സൗദി അറേബ്യ

Wednesday, March 16, 2011

പൈങ്കിളി രാഷ്ട്രീയം


സഖാവ് വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ ഇല്ലയോ എന്നതത്രേ ഇന്നത്തെ കേരളരാഷ്ട്രീയത്തിലെ പ്രധാന ചോദ്യം .എന്തായാലും ഉത്തരങ്ങള്‍ പലവേഷത്തില്‍  പറന്നു നടക്കുന്നുണ്ട് ..മാതൃഭൂമി യുടെ തലക്കെട്ട്‌ വാര്‍ത്തയുടെ പോസ്റര്‍ കണ്ടു .."തടി പിടിച്ചത് ആന ..നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികള്‍ ".എന്തായാലും സി പി എം ന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല ..അങ്ങനെ ഒരു പ്രസ്താവന ആരും പറഞ്ഞതായും അറിവില്ല ..പിന്നേ ഈ ചര്‍ച്ചകളില്‍ ഒക്കെ കണ്ടത് വെച്ച് അങ്ങനെ ഒന്നു ആര്‍ക്കും വേണ്ട എന്നതുപോലെയാണ് .മാതൃഭൂമി യും മനോരമയും പിന്നേ ഏഷ്യാനെറ്റും ഒക്കെ ഇനി ഈ വാര്‍ത്തയുടെ ചൂട് ഇതേ അവസ്ഥയില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് തന്നെ കരുതണം.
       ചിന്തിക്കുമ്പോള്‍ വിചിത്രമെങ്കിലും ഇപ്പോഴത്തെ രീതി വച്ച് അത്ര വിചിത്രമായി തോന്നാത്ത തരത്തില്‍ പല വ്യാഖ്യാനങ്ങളും അതിലുപരി പല പ്രവചനങ്ങളും ഒക്കെ പല ചര്‍ച്ചയിലും കണ്ടു .അപ്പൂപ്പന് യാത്ര പറയുന്ന സുഹൃത്ത്‌ ..യു ഡി എഫിന് ഈസി വാക്കോവര്‍ പറയുന്ന സുഹൃത്ത്‌ .അഞ്ചു വര്‍ഷത്തെ പരാജയമാണ് ഇതെന്ന് കല്‍പ്പിക്കുന്ന സുഹൃത്ത്‌ .ശക്തമായി ഇടതുപക്ഷത്തെ പിന്താങ്ങിയവര്‍  വി എസ് ഇല്ലാത്തതു കൊണ്ടു  ഞാന്‍ എല്‍ ഡി എഫിന് വോട്ടു ചെയ്യില്ല എന്നു പ്രഖ്യാപിക്കുന്നു  ..ആകെ രസമാണ് .ചോദ്യം ചോദിക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ക്കും വലിയ ക്ഷാമമൊന്നും ഇതുവരെയില്ല ..പക്ഷെ ഇവരോടൊക്കെ മറുപടി പറയാന്‍ ഏന്റെ ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചു വശാകുന്നത് കണ്ടു വിഷമംതോന്നുന്നു . എന്തായാലും ഇതൊക്കെ അങ്ങനെ നടക്കും ..സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്യേകിച്ച് ഒന്നുമില്ലാത്തവര്‍ അങ്ങനെ ഉള്ളവരെ കടിച്ചു കീറും .വായില്‍   തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ ഓരോന്ന് ചോദിക്കും .പക്ഷെ ചില വിശ്വാസങ്ങളും ചില ചിന്തകളും ഒക്കെയുള്ളവന് അതു സംരക്ഷിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നതു സ്വാഭാവികം .അപ്പോള്‍ അതിനെ ചൂഷണം ചെയ്തു അന്നന്നത്തെ ആനന്ദത്തിനു വകയുണ്ടാക്കുന്നവന്റെ ചിന്താഗതി എനിക്കു സഹതാമുണ്ടാക്കുമെങ്കിലും യാതൊരു ഉളുപ്പും ഈ പറയുന്ന വര്‍ഗത്തിന് ഉണ്ടാകുമെന്ന്  കരുതുന്നില്ല..
                                അപ്പോള്‍ വി എസ് ആകും  ഇത്തവണയും താരം ..പല മഹത്തുക്കളും കോളമെഴുതി ജീവിക്കുന്നവരും ഒക്കെ വി എസ് ആണ് താരം എന്നു പറഞ്ഞു പത്രങ്ങളായ പത്രങ്ങള്‍ ഒക്കെ നിറച്ചു കഴിഞ്ഞു .എന്തായാലും എനിക്കു കൌതുകം യു ഡി എഫിനെ കുറിച്ചാണ്  ..ഈ ഒരു വാര്‍ത്തയും വര്‍ത്തമാനങ്ങളും ഒക്കെ കൊണ്ടു ഉപയോഗം അവര്‍ക്കാണല്ലോ .എങ്ങനെയും ഒരു നൂറ്റി നാല്‍പ്പതു പേരെ അങ്ങ് നിര്‍ത്തിയാല്‍ മതി . ബാക്കി ഞങ്ങള്‍ ഏറ്റു എന്ന മട്ടിലാണ്‌ ഇന്ന് വി എസ് സ്നേഹികളുടെ രാഷ്ട്രീയം .ഏന്റെ തന്നെ ഒരു സുഹൃത്തിന്റെ പോസ്റ്റില്‍ സാധാരണക്കാരന്റെ രോദനമെന്നൊക്കെ   എഴുതിക്കണ്ടു . സാധാരണക്കാരെയൊക്കെ ഇങ്ങനെ വിലപിപ്പിക്കാന്‍  കഴിയുന്നു എന്നത് എത്ര കൃത്യമായ പ്ളാനിംഗ് ആയിരിക്കണം .അങ്ങനെ ഒന്നു രൂപപെടുത്തിയെടുക്കാന്‍ മനോരമയും മാതൃഭൂമിയും ഒക്കെ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വിളവെടുക്കുന്നു എന്നു കരുതാം.അതിന്റെ സന്തോഷങ്ങള്‍ നാളെ പുലരുമ്പോള്‍ വര്‍ണ്ണചിത്രങ്ങളില്‍ മുന്നില്‍ കാണും .അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി മാധ്യമങ്ങളും എന്തൊക്കെ ചെയ്താലും അതു മതിയാകാതെ വരും എന്നു തോന്നുന്നു ..കാരണം ഒരു പൈങ്കിളി സീരിയല്‍ കാണുന്നപോലെ എല്ലാ മസാലകളും ചേര്‍ത്തു വിളമ്പാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നത് തന്നെ .
                               പക്ഷെ പാര്‍ട്ടിയുടെ ഈ തീരുമാനം അത് ഈ കേട്ടത് ശരിയാണെങ്കില്‍  എന്നെ സന്തോഷപ്പെടുതുന്നു. അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ അതായിരിക്കും ഏറ്റവും വിപ്ലവകരമായ തീരുമാനം.ഒരാള്‍ ഒരു താരം അല്ല ഒരു ഇടതു പക്ഷ പാര്‍ട്ടിക്ക് വേണ്ടത് .ഒരു നയമാണ് .അതിലൂടെയുള്ള നടപ്പിലാക്കാനുള്ള ആര്ജ്ജവമാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പി ബി എടുത്ത ഒരു തീരുമാനം മാറ്റിയത് പോലുള്ള അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ .
                                 ഇത്തരം പൈങ്കിളി ക്കഥകള്‍ ആണ് അഞ്ചു വര്‍ഷം തന്നെ ഭരിക്കുന്നവനെ തെരെഞ്ഞെടുക്കുന്നവന്റെ മാനദണ്ഡം എന്നു വെക്കുന്നവരോട് വീണ്ടും സഹതാപം മാത്രം ..ഓരോ മുന്നണിയുടെ നയങ്ങള്‍ .ഇന്ന് മത്സരിക്കുന്ന രണ്ടു പ്രമുഖ മുന്നണികളുടെയും സര്‍ക്കാരുകള്‍ ഒന്നു കേന്ദ്രത്തിലും ഒന്നു കേരളത്തിലും നിലവിലുണ്ട് .അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താം , എന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്തു എന്നൊക്കെ യുള്ള കണക്കുകള്‍ പരിശോധിക്കാം .പ്രകടന പത്രികകള്‍ പരിശോധിക്കാം , മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വ്യക്തിജീവിതവും അവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ഒക്കെ പരിഗണിക്കാം ..ഇങ്ങനെ ചേര്‍ത്തു വായിക്കേണ്ട അനവധി കാരണങ്ങള്‍ വെച്ച് ഒരു വോട്ടു ചെയ്യുന്നതിന് മുന്‍പ് അല്‍പ്പമൊന്നു ഗൃഹപാഠം ചെയ്താല്‍ ചെയ്ത വോട്ടിനെങ്കിലും ഒരു മതിപ്പ് തോന്നും .അങ്ങനെ ഒന്നു ഉണ്ടാകുന്നതു വരെ  ഓരോന്നിനും   അത് മനോരമ പറഞ്ഞതാ ..അത് മാതൃഭൂമി പറഞ്ഞതാ എന്നൊക്കെ ന്യായീകരണം പറയുന്നത് കേട്ടു കൊണ്ടേയിരിക്കണം  .അതിനു കഴിയുന്ന ഒരു ജനത രൂപപ്പെട്ടു വരട്ടെ എന്നു ആശിക്കാം .ഇതൊക്കെ കൊണ്ടു തന്നെ ആ വാചകം വീണ്ടും കയ്യടി നേടുന്നു .."ഒരു ജനത അവര്‍ അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളെയാണ്   അവര്‍ക്ക് ലഭിക്കുന്നത് ".

Saturday, February 26, 2011

യാത്രികന്റെ സ്വപ്നങ്ങള്‍--നിധീഷ്‌ മുത്തമ്പല


യാത്രികന്റെ സ്വപ്നങ്ങള്‍
ഒന്ന് 
എങ്ങോ ചെന്ന് ചേരാനിരിക്കുന്ന പാളങ്ങളിലൂടെ അവസാനത്തെ രാത്രിവണ്ടിയും കടന്നു പോയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു .ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു നടത്തം തുടര്‍ന്നു...ആരാണയാള്‍ ..ആരെയാണ് അയാള്‍ കാത്തിരിക്കുന്നത് ?.
                                                                                        ഏതാനും ദിവസങ്ങളായി ഞാനയാളെ ശ്രദ്ധിക്കുന്നു .ഓരോ തീവണ്ടിയും വരുമ്പോഴും പോകുമ്പോഴും വഴിക്കണ്ണുമായി ആപ്പീസിനരികിലെ 
മരത്തില്‍ തീര്‍ത്ത ചാരുകസേരയില്‍ അയാളുണ്ടാകും. ആപ്പീസിന്റെ ചില്ലു ജാലകത്തിനപ്പുറത്തു ഏതോ കാലസഞ്ചാരം പോലെ തിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും അയാള്‍ വേറിട്ട്‌ തന്നെ നിന്നു 
ഈ അതിര്‍ത്തി ഗ്രാമത്തിലെ തീവണ്ടിയാപ്പീസിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ മലയാളികള്‍ അപൂര്‍വ്വമായേ ഇതുവഴി വന്നുപോകാറുള്ളൂ.തമിഴരാണിവിടെ ഏറെയും .പുറത്തിപ്പോള്‍ നേര്‍ത്ത മഞ്ഞുവീഴുന്നുണ്ട്‌ .സ്വെറ്ററും ഷാളുമെടുത്തു ഒന്നു പുകയ്ക്കാമെന്ന് കറുത്തി പുറത്തിറങ്ങി .

അയാളെപ്പോഴും ആ കസേരയിലുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അയാള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു ..ആ തണുപ്പില്‍ അയാള്‍ക്ക് വല്ലതും ...?
ഒന്നു രണ്ടു തവണ തട്ടി വിളിച്ചപ്പോലാണ് അയാള്‍ ഉണര്‍ന്നത് ...? ആരാ എന്തുവേണം ...? കണ്ണുകള്‍ പാതി തുറന്നു അയാള്‍ ചോദിച്ചു ..മലയാളി തന്നെ എന്നു ഉറപ്പായപ്പോള്‍ ആശ്വാസമായി .
" ഞാനീ ആപ്പീസില്‍ ജോലി ചെയ്യുന്നതാ ..ഈ തണുപ്പിലിങ്ങനെ കണ്ടപ്പോള്‍ വിളിച്ചതാ .."
ഞാന്‍ പറഞ്ഞു..
"ഓരോന്ന് ഓര്‍ത്തിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല" ..പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു 
"ആരാ വരാനുള്ളത് "
"ഏന്റെ മോള്‍ "-ഏന്റെ ചോദ്യം മുഴുവന്‍ ആകുന്നതിനു മുന്‍പ് ഉത്തരം വന്നു 
"ഗുജറാത്തില്‍ നഴ്സാണ് --നാല് ദിവസം മുന്‍പാണ് പുറപ്പെട്ടത്‌ "
"എന്നിട്ട്"
"ഇടക്കെവിടെയോ തീവണ്ടി പാളം തെറ്റിയെന്നും പറഞ്ഞു വിളിച്ചിരുന്നു പിന്നീട് ഒരു വിവരവും ഇല്ല"
"തീവണ്ടികള്‍ പാളം തെറ്റുന്നതും ചിലപ്പോള്‍ വരാതിരിക്കുന്നതും ഇപ്പോള്‍ പതിവാണ് . കാര്യമാക്കേണ്ട "
'എന്നാലും ഉള്ളില്‍ ഒരു പേടി"
"പേടിക്കേണ്ട മോളിങ്ങെത്തും"
ഞങ്ങളുടെ സംസാരം ഇങ്ങനെ നീളവേ  കൊടക്കാറ്റും മഞ്ഞും മലയിറങ്ങിവരുന്ന നേര്‍ത്ത ശബ്ദം അടുത്തെത്തി.
ഞാനയാളെ ആപ്പീസിനകത്തേക്ക്  ക്ഷണിച്ചു 

രണ്ട്
          നിയോണ്‍ വിളക്കുകളുടെ അരണ്ട വെളിച്ചത്തില്‍ പ്ലാറ്റ്‌ ഫോര്‍മിനരികിലേക്ക് മഴ കിതച്ചെത്തുന്നതു ഏതോ ഒരു നിമിഷം എന്റെ കാഴ്ചയെ അസ്വസ്ഥമാക്കി. ഈ വിജനതയില്‍ ആരോ ഒരാള്‍ ഒറ്റയ്ക്ക് മഴ നനഞ്ഞു പാളത്തിലൂടെ നടക്കുന്ന ഒരു ചിത്രം ,വെറുതെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു
 ഓരോ കട്ടന്‍കാപ്പിയുടെ ചൂട് നുകര്‍ന്ന് അയാള്‍ അയാളുടെ കഥ പറഞ്ഞുതുടങ്ങി 
                          കുപിത യൌവ്വനങ്ങളുടെ രാഷ്ട്രീയത്തിലേക്ക് അതിന്റെ മുന്നില്‍ നിന്ന് നടത്തിയ പോരാട്ടങ്ങള്‍ ,,ചെറുത്തുനില്‍പ്പുകള്‍  അടിയന്തിരാവസ്ഥയിലെ ജയില്‍ വാസം  ഒടുവില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ചു   ഈ അതിര്‍ത്തിഗ്രാമത്തില്‍ ചേക്കേറിയത് .
                      ഉള്ളില്‍ കനലെരിയുന്ന ഒരാള്‍ക്ക് ഇവിടെയും അടങ്ങി ഇരിക്കാന്‍ കഴിയുമായിരുന്നില്ല ..
സൂര്യകാന്തി പാടങ്ങള്‍ക്ക്  പേരുകേട്ട ഗ്രാമത്തിലെ  പാവങ്ങളുടെ  ജീവിതം പക്ഷെ സൂര്യകാന്തിപ്പൂക്കളെ പോലെ 
സുന്ദരമായിരുന്നില്ല ..
             ദാരിദ്യവും മറ്റു കൊടിയ അനാചാരങ്ങളും ഈ കാലത്ത് ഇവിടെ കൊടികുത്തി വാഴുന്നു ..സവര്‍ണ്ണര്‍ തീര്‍ത്ത ജാതി മതിലുകല്‍ക്കപ്പുറം ഒരിക്കലും പൂക്കാത്ത കനവുകളും പേറി ,മണ്ണിനോടും സ്വന്തം ജീവിതത്തോട് തന്നെയും   പടവെട്ടി   ഉരുകിതീര്‍ന്നവര്‍ക്കൊപ്പം നിന്ന് പൊരുതേണ്ടി വരുന്നു ..പിന്നെയും ...
ശിവശങ്കരന്‍ നമ്പൂതിരി , ശിവണ്ണന്‍ ആയ കഥയുടെ പരിണാമ ഗുപ്തി ഇങ്ങനെയൊക്കെയായിരുന്നു

മൂന്ന്
ഗംഗ അതായിരുന്നു അയാലുടെ മകളുടെ പേര്..വീടിന്റെ വരാന്തയുടെ നിറം മങ്ങിയ ചുമരില്‍ അതിലേറേ നിറം മങ്ങിയ ഒരു ഫോട്ടൊ ചൂണ്ടി അയാള്‍ പറഞ്ഞു ."ഇതാണു എന്റെ മകള്‍ ഗംഗ ..." പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അമ്പരന്നു പോയി ..ഞാന്‍ തെടികൊണ്ടിരിക്കുന്ന ഗംഗ.ഒന്നു രണ്ടു വര്‍ഷത്തെ
അന്വേഷണം ഇവിടെ തീരുകയാണ് .ജീവിതത്തിന്റെ കനല്‍ വഴികള്‍ ഒരുമിച്ചു താണ്ടാമെന്നു പറഞ്ഞ ഗംഗ .ഒരു ജന്മം മുഴുവന്‍ തനിക്കുവേണ്ടി കാത്തിരിക്കാമെന്നു പറഞ്ഞ ഗംഗ.ഓര്‍മകളുടെ അപഥസന്ചാരങ്ങളെ തടഞ്ഞു അയാളുടെ ചോദ്യമെത്തി .
' എന്താ അറിയുമോ "
" ഏയ് ഇല്ല " ഉറപ്പിച്ചു തന്നെ പറഞ്ഞു
കാറ്റിലാടുന്ന സൂര്യകാന്തിപ്പൂക്കള്‍ക്കരികിലൂടെ തിരിച്ചു നടക്കുമ്പോള്‍ ഗംഗയായിരുന്നു മനസ്സുനിറയെ .തീര്‍ത്തും യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍.നല്ല സുഹൃത്തായി .യാത്ര ജീവിതത്തിന്റെ ദുഷ്കരമായ തെരുവിലെത്തിയപ്പോള്‍ ,എന്നെന്നേക്കുമായി ഒരു കൂട്ടിനു രണ്ടുപേര്‍ക്കും മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല
.എന്നിട്ടും.ഇടയ്ക്കെപ്പോഴോ വഴി തെറ്റിപോയി .ഒന്നും പറയാതെ .പിടി തരാതെ 
ഇത്രയും കാലം അവള്‍ മറഞ്ഞിരുന്നത് എന്തിനായിരുന്നു ? സത്യത്തില്‍ എന്താണവള്‍ക്ക് സംഭവിച്ചത്

നാല്
പ്ലാറ്റ് ഫോര്‍മിന്റെ ഒരറ്റത്ത് ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എന്താണെന്നറിയാന്‍ ചെന്ന് നോക്കി .തിക്കിത്തിരക്കി നോക്കിയപ്പോള്‍ കണ്ടത് അയാളുടെ ചേതനയറ്റ ശരീരം .ഒരു ബെന്ച്ചിനു താഴെ കിടക്കുന്നു.വായില്‍ നിന്നു രക്തം വാര്‍ന്നതിന്റെ അടയാളം ...
പോലീസും ആംബുലന്‍സും മറ്റു ബഹളങ്ങളും അയാള്‍ക്കിവിടെ അടുത്ത ബന്ധുക്കളാരെങ്കിലും
ഉണ്ടാവാനിടയില്ല ...പരിചയക്കാര്‍ കാണുമായിരിക്കും ..അയാളുടെ മകള്‍ വിവരം അറിഞ്ഞു കാണുമോ..? ആരൊക്കെയോ ചേര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി .പുറകെ പോലിസ് ജീപ്പും കടന്നു പോയി . ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നോ..അതോ മറ്റൊരു കഥ കേള്‍ക്കുകയായിരുന്നോ
.ജീവിതത്തില്‍ ഇന്നേവരെ സംഭവിച്ചതെല്ലാം യാദൃശ്ചികതകളായിരുന്നു .'യാത്ര ' യാണ് ജീവിതം എന്നു പറഞ്ഞത് ആരാണ് .? എനിക്കത് സത്യമായി തീരുകയാണ് .യാത്രക്കാരന്റെ സ്വപനങ്ങളും കൌതുകങ്ങളും തീരുന്നില്ല .വഴിയമ്പലത്തില്‍ കണ്ടുമുട്ടുന്നവരും സ്വന്തം വഴിയില്‍ ഇറങ്ങിപോകുന്നവരും ..ജീവിതത്തില്‍ പിന്നീടൊരിക്കലും കണ്ടുമുട്ടാത്ത സഹയാത്രികയും ...എങ്കിലും യാത്ര തുടരുന്നു ....തീരാത്ത ജീവിതയാത്ര
അയാളുടെ ശവമടക്ക് കഴിഞ്ഞിരിക്കുമോ .ചിലപ്പോള്‍ ഗ്രാമം മുഴുവന്‍ കണ്ണീര്‍ പൊഴിച്ച് ചിതക്ക്‌ ചുറ്റും നിരന്നിരിക്കും .ഗംഗ എത്തിക്കാണുമോ .
റെയില്‍വേ സ്റ്റേ ഷന്‍റെ പരിസരം ഇപ്പോള്‍ വിജനമാണ് .ഒരു വണ്ടി കൂടിയേ ഇന്നിനി വരാനുള്ളൂ.
നേരം തെറ്റി പെയ്യുന്ന നേര്‍ത്ത മഴ .ചില്ലുജാലകതിനപ്പുറത്തെ മങ്ങിയ കാഴ്ചകള്‍ ഇപ്പോള്‍ വിരസമാണ് .
ഒടുവിലത്തെ വണ്ടി വന്നു നിന്നു -ചൂളം വിളിച്ചു കടന്നു പോയപ്പോള്‍ ആരോ പാളത്തിലൂടെ മഴ നനഞ്ഞു .പോകുന്ന പോലെ തോന്നി.ചിത്രം വ്യക്തമല്ല..എന്തോ ഒരു കൌതുകം തോന്നിയതിനാല്‍ പുറകെ ചെന്നു.അല്‍പ്പം അടുത്തെത്തിയപ്പോള്‍ അതൊരു സ്ത്രീയാണെന്നു ബോധ്യമായി .സാരിത്തലപ്പുകൊണ്ട് തല മൂടിയിരിക്കുന്നു ." ഏയ് നില്‍ക്കൂ "..എന്നു പറഞ്ഞപോള്‍ അവര്‍ തിരിഞ്ഞുനോക്കി ..അരണ്ട വെളിച്ചത്തിലും എനിക്കു ആ മുഖം വായിക്കാനായി ...ഗംഗ !..ഏതാനും നിമിഷങ്ങള്‍ പരസ്പരം നോക്കി നിന്നുപോയി എന്തോ ചോദിക്കാനവള്‍ തുനിഞ്ഞു .ഞാനത് വിലക്കി ..അവളെ ചേര്‍ത്തു പിടിച്ചു പാളങ്ങളിലൂടെ പതുക്കെ നടന്നു ..ഒരിക്കലും കൂട്ടിമുട്ടാനിടയില്ലാത്ത, സമാന്തരരേഖകള്‍ പോലെ നീണ്ടു പോകുന്ന പാളങ്ങളിലൂടെ .

Friday, February 25, 2011

കായിക മത്സരങ്ങള്‍ -നവോദയ ദമാം

ദമ്മാം നവോദയ കോബാര്‍ ഏരിയ സംഘടിപ്പിച്ച കായിക മല്‍സരങ്ങളില്‍ നിന്ന് ..

Sunday, January 30, 2011

മകളേ മയങ്ങു നീ .... by ശ്രീ ..

മുല്ലപ്പൂക്കളുടെയും വിയര്‍പ്പിന്റെയും വാടിയ മണം കുമിയുന്ന നോട്ടുകളിലേക്കു നോക്കി നില്‍ക്കെ പിഞ്ചു കണ്ണുകളില്‍ കൌതുകം കൂട് കൂട്ടി .

നിസ്സഹായത സ്ഫുരിക്കുന്ന കണ്ണുകള്‍ കാലുകള്‍ തളര്‍ന്നു കിടക്കുന്ന അച്ഛന്റെതാണെന്ന് കൌതുക നയനങ്ങള്‍ കണ്ടു പിടിച്ചു

കൌതുകം നിസ്സഹായതയുമായി കൊമ്പ് കോര്‍ത്തു .

" എന്തിനാ അച്ഛാ എല്ലാവരും വന്നു അമ്മയുടെ കൂടെ മുറിയില്‍ അടച്ചിരിക്കുന്നെ? "

നിസ്സഹായത നേര്‍ത്തൊരു ഞെട്ടലോടെ കൌതുക നയനങ്ങളിലേക്ക് നോക്കി .

" അമ്മ ഒരു ദേവിയാണ് മോളേ .. ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന അഭീഷ്ട വരദായിനി "

മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കണ്ണടക്കാന്‍ ഒരുങ്ങി

കൌതുകം ഇരുണ്ടു വരുന്ന നേര്‍ത്ത ഇരുട്ടിലേക്ക് നോക്കി . " അപ്പൊ വരുന്നവരെല്ലാം അമ്മക്ക് പൈസ കൊടുക്കുന്നതോ? "

പുറത്തു മഴ ആര്‍ത്തലച്ചു പെയ്തു . ഓല മേഞ്ഞ വീടിനുള്ളിലേക്ക് കണ്ണീര്‍ കണങ്ങള്‍ പോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.

" നമ്മള്‍ അമ്പലത്തില്‍ പോകുമ്പോള്‍ ഭാണ്ടാരത്തില്‍ പൈസ ഇടാറില്ലേ ? അത് പോലെയാ മോളേ .. "

നേര്‍ത്തൊരു വിതുമ്പലോടെ വെളിച്ചം കണ്ണടച്ചു കളഞ്ഞു .

പിഞ്ചു കണ്ണുകളില്‍ പിന്നെയും സംശയത്തിന്റെ തിരമാലകള്‍ ഇരമ്പി .

" അപ്പൊ വലുതാകുമ്പോ ഞാനും അമ്മയെപ്പോലെ ദേവിയാവോ അച്ഛാ? "

നിസ്സഹായമായ കണ്ണുകളില്‍ നടുക്കവും ദൈന്യതയും മിന്നി മറഞ്ഞു . കണ്ണില്‍ ഉരുണ്ടു കൂടിയ തുലാവര്‍ഷം ഇരുളില്‍ അലിഞ്ഞു ഇല്ലാതെയായി

ഇനി സംശയം തല പൊക്കാത്തവണ്ണം കൌതുകത്തെ നിസ്സഹായത നെഞ്ചോടു ചേര്‍ത്ത് പിടിച്ചു .

ഇടി മുഴക്കത്തോട്‌ കൂടി മഴ ആര്‍ത്തലച്ചു പെയ്തു . ഇരുളില്‍ പ്രാവിന്റെ കുറുകല്‍ പോലെ വിതുമ്പലുകള്‍ ഇടറി വീണു ....
 

Thursday, January 6, 2011

'വിശുദ്ധരുടെ'-വര്‍ഗ്ഗ വീക്ഷണങ്ങള്‍...----.നിധീഷ്‌ മുത്തമ്പലം

സമകാലിക കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന കുറെ പദങ്ങള്‍.. ഒരു പ്രവാസിയുടെ കണ്ണിലൂടെ അതിന്റെ യൊക്കെ അര്‍ഥങ്ങള്‍ തിരയുകയാണ്,,,ഒരു കൌതുകത്തിന് അപ്പുറം കുറെ ആശങ്കകളും മനസ്സില്‍ ഉയരുകയാണ് ..... 'ലവ് ജിഹാദ്' ,സ്വത്വ രാഷ്ട്രീയം, ബിടിവഴുതനങ്ങ, മൂന്നാര്‍,ആസിയാന്‍ ,,,,ഈ പട്ടിക തീരുന്നില്ല... ഇത്തരം വാര്‍ത്തകളില്‍ നിന്ന് നാട് വിട്ടു ജീവിക്കുന്ന ഒരാള്‍ എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത്...? എവിടെയാണ് കേരളത്തിന്‌..മലയാളിക്ക് പിഴക്കുന്നത്‌...?തീവ്രവാദതിനുപോലും വളക്കൂറുള്ള മണ്ണായി എപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് മാറിയത് ...നമുക്കറിയാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചു അധികം അഭിമാനിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍,,,, ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ..തുടങ്ങി എന്തിനും ഏതിനും നമ്മളാണ് മുന്നിലെന്നതു ഒരു അഹങ്കാരമായി പരിണമിചുവോ ..നമ്മള്‍ നെഞ്ചില്‍ കാത്തുവെച്ച മതേതര മൂല്യങ്ങള്‍ തകരുകയാണ്,,,,മതങ്ങളുടെ പേരില്‍ ...ദൈവങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരായി നമ്മള്‍ അധ:പതിച്ചിരിക്കുന്നു ,,,വിലക്കയറ്റവും,മറ്റ് ഉയര്‍ന്ന ജീവിത ചിലവുകളും കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാവുമ്പോള്‍ ..തൊഴിലില്ലാത്ത ലക്ഷങ്ങള്‍ അലയുമ്പോള്‍ ..നഗരപ്രാന്തങ്ങളില്‍ ചേരികള്‍ പെരുകുമ്പോള്‍ .. എന്തിനീ വര്‍ഗീയത..എന്തിനീ തീവ്രവാദം ....പിറന്നു വീഴുന്ന കുഞ്ഞിന്റെ ജാതി ഏതാണ്...തെരുവില്‍ ചിന്തുന്ന ചോരയുടെ ജാതി ഏതാണ്..? ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച പദങ്ങള്‍ പ്രസക്തമാകുന്നത്...പാവപ്പെട്ടവന്റെ അവകാശങ്ങള്‍ നേടാന്‍ ഇനിയും പോരാട്ടങ്ങള്‍ അനിവാര്യമാവും...പക്ഷെ അതിനു വ്യക്തമായ വര്‍ഗ്ഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കണം പോരാടണം ,,,ഇപ്പോള്‍ കേരളത്തില്‍ സജീവമായ ചില അഭിനവ വിശുദ്ധരുടെ വര്‍ഗവീക്ഷ്നങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റങ്ങളെ തകര്‍ക്കുന്നതാണ്..ഭിന്ന രാഷ്ട്രീയം മുന്നോട്ട് വെച്ച് പ്രശ്നങ്ങളെ ഒറ്റപ്പെട്ടതാണ് എന്ന് വരുത്തി തീര്‍ക്കുന്നത് നമ്മള്‍ കാണാതെ പോകരുത് ,,,സ്ത്രീ രാഷ്ട്രീയം ..ദളിത് രാഷ്ട്രീയം ,,,ഹിജടകളുടെ രാഷ്ട്രീയം ..വേശ്യകളുടെ രാഷ്ട്രീയം ഇരകളുടെ രാഷ്ട്രീയം ...ഇങ്ങനെ പല പേരുകളില്‍ സ്വത്വ രാഷ്ട്രീയം അരങ്ങില്‍ എത്താന്‍ ശ്രമിക്കുകയാണ്...ഇതിനു പിന്നില്‍ വ്യക്തമായ ആഗോള മൂലധന -ഫണ്ടിംഗ് അജണ്ട ഉണ്ട് ..ഇത് തിരിച്ചറിഞ്ഞു പ്രതിരോധങ്ങള്‍ തീര്‍ക്കുക.... മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നാണെന്നും..അതിനു ശാസ്ത്രീയ പരിഹാരങ്ങള്‍ ഒന്നിച്ചു തേടണമെന്നും ഉള്ള തിരിച്ചറിവില്‍ നിന്ന് പുതിയ വര്‍ഗ്ഗ വീക്ഷണങ്ങള്‍ പിറവിയെടുക്കട്ടെ ......

'വിശുദ്ധരുടെ'-വര്‍ഗ്ഗ വീക്ഷണങ്ങള്‍....

കൈപ്പത്തി-ഒരു ചിഹ്നമല്ല...---നിധീഷ്‌ മുത്തമ്പലം

കൈപ്പത്തി വെറുമൊരു-
ചിഹ്നം മാത്രമല്ല,
ഇനിയൊരു ചിഹ്നത്തിലോതുങ്ങാന്‍-
അതിന് കഴിയുകയുമില്ല ..
     വയറ്റാട്ടിയുടെ കൈപ്പത്തി -
     പേറെടുക്കാന്‍ ഉള്ളതാണ്..
     ജീവന്റെ  തുടിപ്പുകള്‍
   ഭൂമിയെ പുണരുന്നത്
   ആ കൈകളിലൂടെയാണ്‌
   ഏറ്റവും വിശുദ്ധമായ കൈപ്പത്തി...
കവിക്കും, കശാപ്പുകാരനും,
വിപ്ലവകാരിക്കും, വിമോചകനും,
പതിതനും, പാതിരിക്കും,
പ്രവാസിക്കും, പ്രണയിനിക്കും,
കൈപ്പത്തി തന്നെയാണ്
നിലനില്‍പ്പും,
നിലപാടും...

പണ്ട് ഏകലവ്യനോട്‌ ദക്ഷിണയായി
പെരുവിരല്‍ ചോദിച്ചു ഗുരു,
ഇന്ന്;ഗുരുവിന്റെ കൈപ്പത്തി വെട്ടി മാറ്റി -
പകരം വീട്ടി '' ഉത്തരാധുനിക ശിഷ്യര്‍ ''
പെരുവിരലില്‍ നിന്ന് കൈപ്പത്തിയിലെകുള്ള ദൂരം
നാളെ ശിരസ്സെട്ടുക്കുന്നിടതെക്കുണ്ടാവുമോ..?
ചിഹ്നത്തില്‍ ചിരിക്കുന്ന
കൈപ്പത്തിക്കു താഴെ
ചോരയും കണ്ണീരും പടരുമ്പോള്‍
അറ്റുവീണ കൈപ്പതിയെ നോക്കി
ദ്രോണരും,ഏകലവ്യനും ഒന്നിച്ചു ചിരിച്ചു..!


കൈപ്പത്തി-ഒരു ചിഹ്നമല്ല... 

Wednesday, October 20, 2010

BLOOD AND TEAR

After a long time I was on my village
Years of silence burst out at once
The same place where I grow in sun and shower
where the first rain drops touched my feet
where the grass field I played
and after along time I was on my village

I stepped out from shell of memories
In few seconds I was all wet
Rain drops kissed my face
Starts melting heart & mind
And the unfaithful tears they fall
Like rivers streaming hot through the muggy mist
And I cried alone in that rain

Confusion feeds like a savage inside,
Leaving nothing considered worthy remains
Destined to walk through life less ordinary
Alone, exiled, different and disdain
My heart moves from fire to cold
look like a helpless chick in the rain
And I cried alone in that rain

As it started raining more heavily
The sound of thunder grooved
I could feel loneliness, wandering here and there
Looking for all that my pain can recognize
I couldn't, my tears were all lost in the rain
I could feel burning on my cheeks,
When the cold rain drops feel on it,
Who knows what I look for
Still not see the kids who needs me, my babies
Now they lies in their tombs
Where on their tombs , the devils playing
And singing no worries of tomorrow
And there I cried alone in that rain

Are they far away from me but I can't forget
Oh, I can't go back and live in the past
Just as I enjoy the peacefulness of a full moon
With warmth and love, but where I lost my life
In the dances of sword and guns
Or in the horrors we saw, and
Or in the nightmare of flames and destruction
Too may tears turn into blood
When my aching soul is about to flee
The sadness and loneliness it is a witness too
And there I cried alone in that rain

TO ALL THE VICTIMS OF GUJARAT COMMUNAL RIOT

--
Posted By AZAD TIRUR to bloomingdale at 10/19/2010 05:49:00 AM
Friday, October 15, 2010

Fwd: Buzz from പട്ടേട്ട് .ജനമേ ജനമേ കാസര്‍കോടിന്റെ ജനമേ കേള്‍ക്കുക.

കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് എന്‍ഡോസള്‍ഫാനുവേണ്ടി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വെല്ലുവിളിച്ച് കീടനാശിനി ഉല്‍പാദകര്‍ക്കുവേണ്ടി അന്താരാഷ്ട്രവേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം. നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കവന്‍ഷനില്‍ ഇന്ത്യ വാദിച്ചത്. വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കവന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കവന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത്രമല്ല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കര്‍ശനമായി തടഞ്ഞത്. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി.

ദേശാഭിമാനി


 Link to this post:
 http://www.google.com/buzz/104412239531173257088/CkBayL9vUjG/%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%95-%E0%B4%B8%E0%B4%B0-%E0%B4%95-%E0%B4%9F-%E0%B4%A8

Oct 14 പട്ടേട്ട് .: ജനമേ ജനമേ കാസര്‍കോടിന്റെ ജനമേ കേള്‍ക്കുക.
Oct 14 Pramod R Sankar: ദുരിതം അനുഭവിക്കുനത് കേന്ദ്രത്തില്‍ ഇരിക്കുന്നവരല്ലല്ലോ. ഭോപാല്‍ ദുരന്തന്തിന്റെ അന്ത്യം നമ്മള്‍ കണ്ടു. ബാലെ ഭേഷ് !!. ആണവ കരാറും നമ്മള്‍ കണ്ടു. ഒരു അപകടം ഉണ്ടായാല്‍ ആണവ കമ്പനി തരുന്ന പിച്ചയും വാങ്ങി അടങ്ങി ഇരുന്നു കൊള്ളണം. ഇല്ലേല്‍ അന്തസ്സായി മരിച്ചു കൊടുക്കണം. . ഇതൊക്കെ കണ്ടിട്ടും , കൂടുതലെന്തയെങ്കിലും ഈ പരമ ചെട്ടകളുടെ കൈയില്‍ നിന്നും പ്രതീഷിച്ചാല്‍ , പ്രതീഷിക്കുനവനെ വേണം തലേണ്ടത്.
Oct 14 Rakesh | രാകേഷ്: ഇന്നലെ എന്മകജെ വായിച്ചതേയൊള്ളു.

അറിഞ്ഞിടത്തോളം ഇതിനെ ഉപമിക്കേണ്ടത് ഹിരോഷിമ-നാഗസാക്കിയോടാണ്. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നത് ചിന്തനീയം. ഇതിനെ വെറും രാഷ്ട്രീയമായി കാണാതെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രയോഗം തുടങ്ങിയിട്ട് ഇപ്പോള്‍ 2 പതിറ്റാണ്ടോളമായില്ലേ!! അപ്പോള്‍ ഇരുമുന്നണികള്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ട്.

മനുഷ്യക്കുരുതി നടത്തിവേണോ കശുവണ്ടി ഉണ്ടാക്കാന്‍!!! അതും ഒരു തലമുറയേയല്ല പിന്‍തുടര്‍ച്ചയേയും കൂടി ഉന്മൂലനം ചെയ്യുകയാണ്.
Link to this post n more coments
 http://www.google.com/buzz/104412239531173257088/CkBayL9vUjG/%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%95-%E0%B4%B8%E0%B4%B0-%E0%B4%95-%E0%B4%9F-%E0%B4%A8
കൂട്ടിവയ്ക്കാനൊരിടം: നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? -----പട്ടേട്ട്

സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവിടം. നുണകളെഴുതുക, പിന്നീട് അവയ്ക്ക് വ്യാഖ്യാനം ചമയ്ക്കുക എന്നതാണ് വാര്‍ത്തയെഴുത്തിന്റെ ശൈലി. നുണകളും വ്യാഖ്യാനങ്ങളുമെല്ലാം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ. മനോരമയെന്നോ മാതൃഭൂമിയെന്നോ വ്യത്യാസമില്ലാതെ പത്രലോകം നിര്‍മ്മിക്കുന്ന നുണകള്‍ കൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത്.
ലോട്ടറി വിവാദത്തില്‍ മനോരമയും ആശ്രയിച്ചത് നുണകളെയാണ്. ലോട്ടറി അപവാദ പ്രചാരണത്തില്‍ ബഹുകാതം പിന്നിലായിപ്പോയതിന്റെ കേട് തീര്‍ക്കാന്‍ മാതൃഭൂമിയും രംഗത്തിറങ്ങി. കൊമ്പന്‍ പോയ വഴിയെ വെച്ചുപിടിക്കുകയാണ് മോഴയും. നുണയെഴുതുക; അത് വ്യാഖ്യാനിച്ച് പെരുംനുണയാക്കുക. ശൈലിയ്‌ക്കൊന്നും ഒരുവ്യത്യാസവുമില്ല.

ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.

കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.

ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.

ഇദ്ദേഹത്തിനൊപ്പം (സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു) സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഒരുതവണയെങ്കിലും ഹാജരായിരുന്നെങ്കില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെയെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.

സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.

വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...
.... ലോട്ടറിക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റിക്കൊണ്ടായിരുന്നു 2008ല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല.

ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.

പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍ വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.

നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.

എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ / രാജ്യത്തിന്റെ പേരില്‍ അവരുടെ അംഗീകാരമില്ലാതെ ഒരു സ്വകാര്യവ്യക്തി നിയമവിരുദ്ധമായി പണം സമ്പാദനം നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും അവകാശമുണ്ടായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.

കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.

ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.


കൂട്ടിവയ്ക്കാനൊരിടം: നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍?: "സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവ..."