Thursday, December 15, 2011

പ്രവാസം

രഘുനാഥ് ഷോര്‍ണൂര്‍ ഡിസംബര്‍ പതിനഞ്ചിന് സമീക്ഷയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം .പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖകന്‍ പരാമര്‍ശിച്ചിട്ടുള്ളത് .പ്രവാസികളുടെ പുനരധിവാസ തൊഴില്‍ പ്രശ്നങ്ങളില്‍ കോണ്‍സുലേറ്റിന്‍റെ ഇടപെടല്‍ വളരെ അത്യാവശ്യമായിരിക്കുന്ന സാഹചര്യങ്ങളാണ് ഇന്ന് നിലവിലുള്ളത് .ഉദാഹരണമായി വിസ ഉറൂബ് ആക്കപ്പെട്ടവരുടെ പ്രശങ്ങള്‍ തന്നെ..ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും നിലവില്ലുള്ള എംബസ്സി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.അതിന്‍റെയൊക്കെ ഫലമായി ഇവര്‍ ചെന്ന് പെടുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ കൈകളിലാണ്.വന്‍ തുകകള്‍ കൊടുത്തിട്ടും പലര്‍ക്കും നിയമപരമായി ലഭിക്കേണ്ടുന്ന ഗുണങ്ങള്‍ പോലും ലഭിക്കുന്നില്ല.തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്നവരും എന്താണ് ചെയ്യേണ്ടത്‌ എന്ന അറിവില്ലാത്തതു കാരണം ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ട്.
                                                                                 ലേഖകന്‍ എടുത്തു പറയുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്.വിസ പ്രശ്നങ്ങളിലും സ്വദേശിവല്‍ക്കരണം മൂലമുള്ള നിയമക്കുരുക്കുകളിലും കുടുങ്ങി പൊടുന്നനെ കൂട്ടമായി നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ , അവരുടെ കുടുംബങ്ങള്‍, ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം.ഓരോ പൌരനും പ്രവാസിയാകാന്‍ ആലോചിക്കുന്നിടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിക്കുന്ന തുകകളുടെ വളരെ ചെറിയ ഒരംശം മതി പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികളെ വിജയകരമായി നടപ്പിലാക്കാന്‍.രാജ്യത്തിന്‌ തന്നെ മാതൃകയായി ഇടതു സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക വകുപ്പും ഒപ്പം പ്രവാസി ക്ഷേമനിധി സംവിധാനങ്ങളും വികലവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചിന്തകള്‍ മൂലം നശിപ്പിക്കപ്പെടാന്‍ പാടില്ല..രാജ്യമാകമാനം വിപുലപ്പെടുത്തി നടപ്പിലാക്കേണ്ട അത്തരം രീതികളെ തച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതിനെ കൂടുതല്‍ സമഗ്രമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌..അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഇവിടുത്തെ സംഘടനകളാണ്..
                                                                                 ആടുജീവിതവും ഗദ്ദാമ യുമൊക്കെ കേവലം ഭാവനാ സൃഷ്ടികള്‍ മാത്രമായി അനുഭവപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു പോലും മാനസികമായി ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന പ്രവാസികളെ ,താങ്ങി നിര്‍ത്തുന്നതില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പ്രവാസി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ഭംഗി വാക്കുകള്‍ പറഞ്ഞു വിലയിടാനാകില്ല..നാടു  വിട്ടു ഇവിടെയെത്തുന്ന പ്രവാസിക്ക് ഒരേ മതമാണ്‌ ,ഒരേ ചിന്തയാണ് ഒരേ വികാരമാണ് ..അവന്‍റെ യിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവയാകരുത്‌ സംഘടനകള്‍. രൂപപ്പെടാന്‍ നിമിത്തമായ ആശയങ്ങള്‍ ,കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും ഒരുമിച്ചു പൊരുതി നേടിയെടുക്കേണ്ട വിഷയങ്ങളിലും വിലങ്ങു തടിയാകരുത്‌ .അങ്ങനെ സംഭവിക്കുമ്പോളാണ് കച്ചവടമനസ്സുമായി പണത്തിനും പ്രശസ്തിക്കും വേണ്ടി സങ്കുചിത താല്പര്യക്കാര്‍ ഓരോ സംഘടനകളുടെ മറവിലും അല്ലാതെയും ഈ മരുഭൂമിയിലും പ്രവാസികള്‍ക്കു ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്..
                                                                                     ഇതിനൊക്കെ പുറമെയാണ് എംബസ്സി സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം .എയര്‍ ഇന്ത്യ നടത്തുന്ന ക്രൂരമായ താമാശകള്‍.
                                                        മനുഷ്യക്കച്ചവടവും മറ്റു കച്ചവടങ്ങളും നടത്തി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ദ്രോഹിച്ചു സമ്പന്നന്‍ മാരായ കുറച്ചു പേര്‍ നക്ഷത്ര ഹോട്ടലുകളില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ക്കൊപ്പമല്ല പ്രവാസികാര്യ മന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവാസി ദിവസം ആഘോഷിക്കേണ്ടത് ..കാരണം ബി പി എല്‍ കാര്‍ഡുകാരനും താഴെ ദരിദ്രനായി മാറുന്ന പ്രവാസിയുടെ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ ജാതകത്തിനു ,കുടുംബത്തിന്‍റെ കൂട്ടത്തോടെയുള്ള ആത്മഹത്യ എന്ന പതിവു അന്ത്യം ഇന്നും തുടരുകയാണ്..
                                                                                                                                                         സന്തോഷ്‌ തയ്യില്‍. അല്‍ -കോബാര്‍ , സൗദി അറേബ്യ

No comments:

Post a Comment