Showing posts with label july. Show all posts
Showing posts with label july. Show all posts

Wednesday, September 8, 2010

വ്യഖ്യാനങ്ങള്‍ വഴി തെറ്റിക്കുന്നില്ലേ

 SHIJU SASIDHARAN

http://sarasamukhi.blogspot.com/2010/07/blog-post_26.html
മുഖ്യമന്ത്രി നാടിനും സി പി എം നും അപമാനമാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടുകൊണ്ടാണ് ഈ വിഷയം അറിഞ്ഞു തുടങ്ങിയത്..പിന്നെ അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളായി,തൊഗാഡിയന്‍ പ്രസ്താവന എന്ന് വരെ ചില സുഹൃത്തുക്കള്‍ പറയുന്നതും കേട്ടു..ഇപ്പോള്‍ ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ പോസ്റ്റ്‌വി എസ് ന്റെ വിവരക്കേടിന്റെ അതിരുകളെ കുറിച്ച് പറയുന്നു..എഴുതുന്ന എന്റെ രാഷ്ട്രീയമോ മറ്റുള്ളവരുടെ രാഷ്ട്രീയമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല ഇവിടെ ഇത് കുറിക്കുന്നത് .അത് ആവശ്യമെങ്കില്‍ ആകാവുന്നതുമാണ്.
ഇന്നലെ ഈ വാര്‍ത്ത‍ രണ്ടു മൂന്നു പത്രങ്ങളില്‍ കണ്ടു ..കേരള കൌമുദിയുടെയും മാതൃഭൂമിയുടെയും റിപ്പോര്‍ട്ടുകള്‍ ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .

ശനിയാഴ്ച വൈകുന്നേരം മുതല്‍ ചാനലുകളിലെ ചര്‍ച്ചയും ഇതുതന്നെ .ഏഷ്യാനെറ്റിലെ ഒരു ചര്‍ച്ചയില്‍ ന്യൂസ്‌ റീഡര്‍ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് മുന്‍കൂട്ടി തീരുമാനിച്ചു വെച്ച പോലെ മുഖ്യമന്ത്രി ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു..ഈ വാര്‍ത്തകള്‍ ഒക്കെ വായിച്ചിട്ടും വീഡിയോകള്‍ കണ്ടിട്ടും എന്താണെന്നു ഇത്രയും വ്യാഖ്യാനിച്ചു വശാകന്നുതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല.മുഖ്യമന്ത്രിയുടെതായി വന്ന പ്രസ്താവനയില്‍ ഏതു വരിയിലാണ് ഒരു സാമുദായിക സ്പര്‍ദ്ദക്ക് വഴിവെക്കുന്നത് ഉള്ളതെന്ന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു..ഇരുപതു വര്‍ഷം കൊണ്ട് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം രൂപീകരിക്കുക എന്നതാണ് പോപ്പുലര്‍ ഫ്രെണ്ടിന്റെ അജണ്ട എന്ന് പറയുന്നതില്‍ പോപ്പുലര്‍ ഫ്രെണ്ട് കാര്‍ക്കല്ലാതെ ആര്‍ക്കാണ് പൊള്ളുന്നത് ,അത് എങ്ങനെ മുസ്ലിം സമൂഹത്തിനെതിരാകും .ബ്ലോഗര്‍ഉള്‍പ്പെടുത്തിയ മാധ്യമം പത്രറിപ്പോര്‍ട്ടിലും ഇതേ റിപ്പോര്‍ട്ട് അല്ലാതെ ഈ ആരോപിക്കുന്ന പോലെ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല..ലവ് ജിഹാദ് നടക്കുന്നു എന്ന് പറഞ്ഞു എന്ന് പറഞ്ഞു ചില താല്‍പര കക്ഷികള്‍ വാര്‍ത്ത‍ കൊടുത്തതിന്റെ അപകടം ഒഴിവാക്കിയിട്ട് കാലം അധികം ആയില്ല..ഇവിടെ മത പരിവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രെണ്ട് ശ്രമിക്കുന്നു എന്ന് പറയുന്നതിനു വ്യകതമായി തെളിവുകള്‍ ഉള്ളതായി ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തു .മാതൃഭൂമി അത് റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്തു




ഈ റിപ്പോര്‍ട്ടില്‍ പറയുന്ന പുസ്തകവും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളും കേരളം മുഴുവന്‍ റെയ്ഡു ച്യ്തപ്പോള്‍ പിടികൂടിയ ലഘു ലേഖനങ്ങളും പിന്നെ ആയുധങ്ങളും താലിബാന്‍ മോഡലില്‍ കൊലപാതകങ്ങള്‍ നടത്തുന്ന സി ഡി കളും പിടിക്കപ്പെട്ടപ്പോള്‍ നല്‍കിയ മൊഴികളും എല്ലാം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ് .അതൊന്നും തെറ്റെന്നു ആരും പറഞ്ഞു കേട്ടില്ല.വ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ നിരപരാധികളെ തീവ്രവാദികളാക്കില്ലേ എന്ന ചോദ്യത്തിന് ഇങ്ങനെയൊരു മറുപടി പറഞ്ഞതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു..ആ ചോദ്യത്തില്‍ തന്നെ തോന്നുന്നില്ലേ അത്ര നല്ലതല്ലാത്ത ഒരു ചിന്ത .
സമൂഹത്തിനെ ഞെട്ടിച്ച ഒരു കാടാത്തത്തിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഭവവികാസങ്ങളുടെ ഒരു തുടര്‍ച്ചയായി ഈ ചോദ്യതിനെയും ഉത്തരത്തിനെയും കാണാന്‍ എന്തുകൊണ്ട് കഴിയുന്നില്ല .2050 ഓടെ മാവോയിസ്റ്റുകള്‍ ഇന്ത്യ പിടിച്ചടക്കുമെന്നു ഒരു ഉന്നത കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ആയിരുന്നോ നമ്മള്‍ പ്രതികരിച്ചത്..അത് മാവോയിസ്റ്റുകള്‍ അവരുടെ ലക്ഷ്യമായി സമ്മതിച്ചതായും വാര്‍ത്തകള്‍ വന്നു..ഇവിടെ അങ്ങനെ ഒരു സംഘടന ചില ലക്ഷ്യങ്ങള്‍ സൂക്ഷിക്കുന്നു എന്നും അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതെന്നും ഒരു ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി മുഖ്യമന്ത്രി പറയുമ്പോള്‍ അതില്‍ വെറും രാഷ്ട്രീയഎതിര്‍പ്പുകള്‍ കൊണ്ട് വര്‍ഗീയമെന്നും ഭൂരിപക്ഷവര്‍ഗീയത എന്നുമൊക്കെ പറഞ്ഞു ചിന്തകളെയും ചര്‍ച്ചകളേയും വഴി തെറ്റിക്കുനതിനെ എങ്ങനെ ന്യായീകരിച്ചു സംസരിക്കാനാകും ..ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ ആകില്ലേ അവരുടെ ആയുധങ്ങള്‍ ആകുന്നതു ..അച്ചടി മാധ്യമങ്ങള്‍ കാണിച്ച സംയമനവും കരുതലും പോലും നമ്മുടെ ചാനലുകള്‍ കാണിച്ചില്ല,,
ജൂലായ്‌ 18 ന്റെ കലാകൌമുദിയില്‍ ഈ തുടര്‍ സംഭവങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാന്‍ കഴിഞ്ഞു..ചാനലുകള്‍ക്ക് എങ്ങനെ നീചമായും പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അതില്‍ വിവരിക്കുന്നു..ദീപിക പത്രത്തില്‍ വന്ന ചില കൊള്ളിവെച്ച വാക്കുകള്‍ എങ്ങനെ കാഴ്ചകളെ വഴിതെറ്റിക്കുന്നു എന്നും പറയുന്നുണ്ട് .. തീവ്രവാദം ഒരു വിപത്താണ് ..അതിലേക്കു എങ്ങനെ ഇത്രയും പണം എത്തുന്നതിന്റെ വഴികള്‍ എങ്ങനെയെന്നു അന്വേഷിക്കണം .ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവേര്‍മെന്റുകള്‍ക്ക് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപെട്ടിടു അതിനെ പറ്റി എത്രപേര്‍ ചര്‍ച്ച ചെയ്തു..ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ മാണെങ്കില്‍ എന്തുകൊണ്ട് അതില്‍ അഭിപ്രായം പറയുന്നില്ല..അങ്ങനെ ഒരു ചര്‍ച്ച നടന്നാല്‍ ഈ സംഘപരിവാറും പോപ്പുലര്‍ ഫ്രെണ്ടും എല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നു..സാമൂഹ്യ സംഘടനകള്‍ എന്ന പേരില്‍ മുഖം മൂടികള്‍ വെച്ച് പ്രവര്‍ത്തിക്കുന്ന വരെ കുറിച്ച് സര്‍ക്കാര്‍ തന്നെയല്ലേ തെളിവുകള്‍ നിരത്തിയത്..എന്നിട്ടും അതൊന്നും കണ്ടില്ല എന്ന് നടിച്ചു മറ്റു സംഘടനകളുടെ പേര് പറഞ്ഞു അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ അതിന്റെ അപകടമോര്‍ത്തു ഭയമാകുന്നു..അത്തരം ഒരു ലേഖനവും ഇന്ന് കണ്ടു..ഇതൊക്കെ വ്യക്തമാക്കുന്നത് വെറും രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നതില്‍ കവിഞ്ഞു ഒരു പ്രാധാന്യവും ഇതിനു ആരും കല്‍പ്പിക്കുന്നില്ല എന്നതാണ്..ഒരു സര്‍ക്കാരിന്റെ അന്വേഷണതിനെ അട്ടിമറിക്കാന്‍ ആകില്ലേ ഇത്തരം ആരോപണങ്ങള്‍ സഹായമാകുക ..ഇങ്ങനെയൊക്കെ യുള്ള കാര്യങ്ങളെ വിവരക്കേട് എന്ന് പറഞ്ഞു പുചിക്കുന്നവര്‍ ഇതുകൊണ്ട് എന്താണ് യഥാര്‍ത്ഥവിവരങ്ങള്‍ കൂടി പറയാന്‍ മെനക്കെടുന്നില്ല .
രാഷ്ട്രീയ അടവ് നയങ്ങള്‍ വര്‍ഗീയതയെ വളര്‍ത്തുന്നില്ല എന്ന് പറയുന്നില്ല പക്ഷെ അത് മാത്രമാണ് കാരണം എന്ന് പറയുമോ..അരാഷ്ട്രീയം വളര്‍ത്തുന്ന മാധ്യമങ്ങള്‍ അല്ലെ ഇതിലെ ഒന്നാം പ്രതി..നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനത്തെ ആകെ കാടടച്ചു ആക്ഷേപിക്കുകയും ജനങ്ങളുടെ മുന്‍പില്‍ കൊല്ലരുതതവരായി രാഷ്ട്രീയക്കാരെ പ്രതിഷ്ടിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ആര്‍ക്കു ആയുധങ്ങള്‍ നല്‍കുന്നു..ഇപ്പോള്‍ നടന്ന തൊടുപുഴ സംഭവത്തില്‍ പോലും ചാനലുകള്‍ അല്‍പ്പം കൂടി സാവകാശവും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഇത്തരം ഭീകരമായ അന്തരീക്ഷം ഒഴിവാകാമായിരുന്നു എന്ന് വളരെ ദുഖപൂര്‍വം ഓര്‍ക്കേണ്ടി വരുന്നു ..അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ഉത്തരതിനെ വ്യാഖ്യാനങ്ങള്‍ ചമച്ചു ആശക്കുഴപ്പവും അരക്ഷിതാവസ്ഥയും ഉണ്ടാക്കി മുഖ്യമന്ത്രിയെ തന്നെ വര്‍ഗീയവാദിയും ജനാധിപത്യ വിരുദ്ധനും ഒക്കെ ആക്കി മാറ്റുന്നത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ കരുതുപകരുന്നതല്ലേ എന്ന ആശങ്ക ബാക്കിയാകുന്നു.


അഭിപ്രായങ്ങള്‍ ഇവിടെയും

ആടുജീവിതം എന്നെ പേടിപ്പിക്കുന്നു




SHIJU SASIDHARAN


നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്
പലപ്പോഴും വീട്ടില്‍ അമ്മയെ വിളിച്ചു സംസാരിക്കുമ്പോള്‍ 'അമ്മക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല ' എന്നൊരു വാചകം പറയേണ്ടി വരാറുണ്ട്..അത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് 'നിനക്കെന്തറിയണം അവിടെ ഇരുന്നു പറഞ്ഞാല്‍ മതിയല്ലോ 'എന്നുള്ള അമ്മയുടെ വാചകവും .അപ്പോഴൊക്കെയും എന്റെ വാചകത്തിന് എന്റെ വികാരം പ്രതിഫലിപ്പിക്കാനുള്ള ശക്തി പോരാ എന്ന് തോന്നിയിട്ടുണ്ട് ..ഇവിടെ ആടുജീവിതത്തിലെ ഈ കുറിപ്പ് ഒരു പക്ഷെ എനിക്ക് ബലം നല്‍കിയേക്കും പക്ഷെ ഈ വാചകം അമ്മക്ക് മനസ്സിലാകുമോ ..അറിയില്ല ..പല കാരണങ്ങള്‍ കൊണ്ട് എന്റെ പ്രവാസം നല്ലതാണ് .അങ്ങനെ ഓര്‍ക്കാന്‍ തന്നെയാണ് എനിക്കിഷ്ടവും ..ഇവിടെ ആയതുകൊണ്ട് മാത്രം എനിക്ക് വന്നുഭവിച്ചിട്ടുള്ള ഗുണങ്ങള്‍ അനവധിയാണ് .സൗദി അറേബ്യയിലെ ജീവിതം അതിന്റെ ഗുണങ്ങളുടെ കണക്കുകള്‍ ഞാന്‍ ഇപ്പോഴും കണക്കു കൂട്ടി വെക്കുന്നു.ദോഷങ്ങള്‍ ചിന്തിക്കുന്നില്ല .വേറൊന്നും കൊണ്ടല്ല ..നല്ല പേടിയാണ്..അന്യ നാട്ടിലാണ് ജീവിക്കുന്നത് എന്ന പേടി വേണ്ടുവോളമുണ്ട് .വഴികളില്‍ നൂറുമീറ്റര്‍ ചുറ്റളവില്‍ മനുഷ്യസാന്നിധ്യം കണ്ടില്ല എങ്കില്‍ ഞാന്‍ കൂടുതല്‍ ഭയമുള്ളവനാകും.എപ്പോഴൊക്കെയോ കേട്ട കഥകളാണ് കാരണം ..അത് വെറും കഥകളല്ല ..അനുഭവങ്ങളാണെന്ന് കരുതാന്‍ കാരണങ്ങള്‍ അനവധി.
ഒരു ഭര്‍ത്താവും ഭാര്യയും കൂടി കാറില്‍ ഒരു കടയുടെ മുന്‍പില്‍ എത്തുന്നു..ഭാര്യയെ കാറില്‍ ഇരുത്തി എ സി വേണമെന്നുള്ളതുകൊണ്ട് വണ്ടി ഓഫാക്കാതെ ഡോര്‍ മാത്രമടച്ചു ഭര്‍ത്താവ് കടയിലേക്ക് പോകുന്നു..ഈ ഇടവേളയില്‍ ഒന്ന് രണ്ടു യുവാക്കള്‍ വണ്ടിയില്‍ കയറുകയും വണ്ടിയുമെടുത്ത്‌ ദൂരേക്ക്‌ പോകുന്നു..പിന്നെ ആ ഭര്‍ത്താവ് ആ വണ്ടിയോ അതിനകത്തെ ജീവനുകളെയോ കണ്ടിട്ടില്ല,.
പറഞ്ഞു കേട്ടതാണ് ഈ കഥ..വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയിക്കേണ്ടി വന്നിട്ടില്ല..ഇങ്ങനെയും നടക്കും..ഒരു നിമിഷം കൊണ്ട് ജീവിതം മാറി മറിയുന്നു..യാതൊരു ഉറപ്പും ഏതു ലോകത്തും ഇല്ലായിരിക്കാം..ഇതിലും ഭീകരത നടക്കുന്നുമുണ്ടാകാം..പക്ഷെ ഞാന്‍ ഭയക്കുന്നു..ഓരോ കുടുംബങ്ങളെ ഇവിടെ കാണുമ്പോഴും മനസ്സ് അറിയാതെ ആ സംഭവം ഓര്‍ക്കുന്നു..ഒന്ന് ശ്രദ്ധിക്കണേ എന്ന് മൗനമായി അവരോടു ഞാന്‍ പറയുന്നു..എന്റെ നാടാണെങ്കില്‍ ഇങ്ങനെ ഭയക്കില്ല എന്ന് ഞാന്‍ കരുതുന്നു..ഇവിടെ എന്റെ ജീവിതം ആടുജീവിതത്തിനെയോ മറ്റു ദുരിതം അനുഭവിക്കുന്നവരെയോ പോലെ എന്ന് ആലോചിക്കാന്‍ പോലുമാകില്ല..ശതകോടി മടങ്ങ്‌ സുരക്ഷിതനാണ്ഞാന്‍ .അല്ലെങ്കില്‍ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നു ഞാന്‍ .ഈ രാജ്യത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഞാന്‍ ജീവിക്കുന്നത് ..അപ്പോള്‍ എന്റെ ഭയം എന്നത് എത്ര വലുതാവും..എന്റെ സഹജീവികള്‍ക്ക് അത് എങ്ങയോക്കെയാകും
വളരെ അടുത്ത ദിവസങ്ങളിലാണ് ഞാന്‍ ആടുജീവിതം എന്ന പദം തന്നെ കേള്‍ക്കുന്നത് .ബ്ലെസ്സി അതൊരു സിനിമ ആക്കാന്‍ പോകുന്നു..പിന്നെ നവോദയയുടെ ഒരു സാഹിത്യ സദസ്സില്‍ ആടുജീവിതം കടന്നു വന്നു..പിന്നെയാണ് അത് ബെന്ന്യമിന്‍ എന്ന ബഹ്‌റൈന്‍ പ്രവാസിയുടെ നോവല്‍ ആണെന്നും പ്രവാസരചന കള്‍ക്ക് പുതിയ മാനം നല്‍കിയ ഈ നോവല്‍ 2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി എന്നൊക്കെ അറിഞ്ഞത്..ഒടുവില്‍ രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് രവിയേട്ടനെ പരിചയപെടുമ്പോള്‍ അദ്ദേഹം ഇത് വായിച്ചു അവസാനിക്കാറായിരുന്നു.ഒടുവില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു അദ്ദേഹം അതിനെ കുറിച്ച് ഒരു വായനാനുഭവം തയ്യാറാക്കി..അക്ഷരത്തില്‍ അത് ഞാന്‍ പോസ്റ്റു ചെയ്തു..അപ്പോഴും ഇതിന്റെ വരികളിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല..ഒടുവില്‍ രവിയേട്ടന്‍ തന്നെ കാരണമായി എനിക്ക് അത് വായിക്കാനുമിടയായി ...
198 പേജില്‍ ഞാന്‍ വായിക്കാതെ മറിച്ച കുറച്ചു പേജുകളുണ്ട്..ഇപ്പോഴും അത് വായിക്കാനുള്ള ഒരു ധൈര്യം എന്തുകൊണ്ടോ എനിക്ക് തോന്നുന്നില്ല..ആടിന്റെയും ഒട്ടകതിന്റെയും ഒക്കെ ഗന്ധം അനുഭവപെടുന്നു എന്ന് രവിയേട്ടന്‍ പറയുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു..ആടിനെയും പശുക്കളെയും ഒക്കെ കണ്ടു വളര്‍ന്നു എങ്കിലും ഇങ്ങനെ ഒരു അനുഭവം അത് അതിന്റെ വ്യത്യസ്തയും അതിന്റെ ഭീകരതയും കൊണ്ട് മനസ്സില്‍ നിന്ന് മായുന്നില്ല..ഇവിടെ എന്റെ നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ക്കപ്പുറമായിരിക്കാം അങ്ങനെ ഒരു മസറ.അവിടെ ഇപ്പോഴും ഉണ്ടാകാം ഒരു അര്‍ബാബും ഒരു നജീബും ഒരു പറ്റം ആടുകളും.
എന്റെ ജോലി ഇവിടെ സൗദി ഇലക്ട്രി സിറ്റി കമ്പനിയില്‍ ..എന്റെ സീറ്റിനു മുന്‍പില്‍ അല്‍പ്പം തടിയനായ ഒരു അറബി..അര്‍ ബാബിനെ പോലെ ഒന്നും തോന്നുന്നു എന്നല്ല..എനിക്ക് അദ്ദേഹത്തോട് പറയണം എന്നുണ്ട്..നിങ്ങളെ പോലൊരാള്‍ ആകും..അദ്ദേഹമാണ് നജീബിനെയും ഹക്കീമിനെയും ഒക്കെ ഇങ്ങനെ നരകിപ്പിച്ചത്..ഈ പുസ്തകം ആരെങ്കിലും ഇംഗ്ലീഷിലോ അറബിയിലോ ഒന്ന് തര്‍ജ്ജിമ ചെയ്തു തന്നു എങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു .എങ്കില്‍ ഞാന്‍ നിങ്ങളെ കൊണ്ട് ഇത് വായിപ്പിച്ചേനെ.പക്ഷെ അവിടെയും എനിക്ക് ഭയം മാറുന്നില്ല ..ഇവിടുത്തെ ഒരു സ്വദേശിയെ പോലും ശരിക്കൊന്നു നോക്കാന്‍ പോലും മടിയാണ്..അവര്‍ക്ക് ഇഷ്ടമായില്ല എങ്കില്‍ ഉപദ്രവിച്ചാലോ..എങ്കിലും നജീബിന്റെ കഥ നിങ്ങള്‍ അറിഞ്ഞു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
സുഹൃത്ത്‌ പറഞ്ഞത് കേട്ട് നജീബിന്റെ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ ആണ് നോവലിസ്റ്റിനു കേട്ടുമറന്ന കഥകളുടെ അവ്യക്തതയും ഉപരിപ്ലവവും അനുഭവരാഹിത്യവും ഒക്കെ മനസ്സിലായത് എന്ന് പറയുന്നു..എത്ര ശരിയാണ്..ഇത് ഞാന്‍ ഇവിടെ കുറിക്കുമ്പോള്‍ നജീബ് ഒരു കടലിന്റെ മറുകരയില്‍ ബഹ്റൈനില്‍ ഒരു സാഹിത്യ സദസ്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു..ബെന്ന്യമിന്‍ നവോദയ മുഖാന്തിരം ഇവിടെ എത്തുമെന്നൊരു വാഗ്ദാനം കിട്ടിയതും ഓര്‍ക്കുന്നു..അപ്പോള്‍ എന്റെ ചിന്ത ഹമീദി നെയും ഹക്കീമിനെയും കുറിച്ചാകുന്നു.ഹക്കീം എന്റെ നാട്ടുകാരനാണ് എന്നാണ് വായിച്ചത്..അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഈ കഥകള്‍ അറിയുന്നുണ്ടോ..ഒരു ഭാവനക്കും കൊണ്ട് തരാനാകില്ല ആ കഥകള്‍ ..
പുസ്തകത്തിന്റെ വരികളിലൂടെയുള്ള ഒരു പരിഹാസഭാവം ,എനിക്ക് അങ്ങനെ കണക്കാനാണ് ഇഷ്ടം .ആ ഒരു വികാരത്തിലേക്ക് ഈ സംഭവങ്ങളെ എത്തിക്കാന്‍ നജീബ് എത്ര കാലമെടുത്തു കാണും .ഒരു വായനക്കാരന്‍ എന്ന നിലക്ക് ഇടയ്ക്കു ആ ഒരു ഭാവം എന്നെ ആലോസരപ്പെടുതാതിരുന്നില്ല..പക്ഷെ എനിക്ക് മനസ്സിലാകുന്നു.ഇതിനുമപ്പുറം ഒരു വികാരം അത് അനുഭവിച്ച മനുഷ്യ ഹൃദയത്തിനു ഉണ്ടാകില്ല .ഇന്ന് തന്റെ ജീവിതം തിരിച്ചറിയപ്പെടുമ്പോഴും ഈ ഒരു വികാരമാകും ഉണ്ടാകുക .എന്തായാലും ഇപ്പോള്‍ നജീബിനും നബീലിനും നല്ല ആശംസകള്‍ നേരുന്നു..
അന്യഗ്രഹ ജീവികളെ കുറിച്ച് പല കഥകളും സിനിമകളും ഒക്കെ അറിഞ്ഞിട്ടുണ്ട്..ഫാന്റസിയില്‍ പലതും പറഞ്ഞു പലതും കണ്ടു..എന്ന ഒരു മരുഭൂമിയിലെ ആവാസവ്യവസ്ഥ അത് എങ്ങനെ എന്ന് ഞാന്‍ അറിയുന്നത് നജീബ് പറഞ്ഞിട്ടാണ്..ഇങ്ങനെ അനുഭവങ്ങളുടെ പുതിയ ഒരു ലോകം ആടുജീവിതത്തില്‍ ഞാന്‍ കണ്ടു, അതിലൂടെ എന്നില്‍ ഒരു പേടി നിറച്ചു എങ്കിലും ..ഞാന്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു..ഒപ്പം അത് വെളിച്ചം കാണാന്‍ ഇടയാക്കിയവര്‍ക്കും അവാര്‍ഡ്‌ എന്ന ഒരു പരസ്യം നല്‍കി ഞങ്ങളെ ഒക്കെ അറിയിച്ചവര്‍ക്കും നന്ദി.പ്രവാസികളുമായി ബന്ധമുള്ള എല്ലാവരും ഇത് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....പ്രവാസത്തെ കുറിച്ച് ഇപ്പോള്‍ നിലവിലുള്ള അനേകം നിലകളുള്ള സൗധങ്ങള്‍ക്ക് ഇതൊരു മറുപടി ആയേക്കാം..ഇതിനെ കുറിച്ച് എഴുത്ത് തുടര്‍ന്നാല്‍ വാക്കുകള്‍ക്കു പഞ്ഞം ഉണ്ടാകില്ല എന്ന് തോന്നുന്നു..ഇപ്പോള്‍ ഒരു പിടി നല്ല ആശംസകള്‍ കൊണ്ട് വാക്കുകളെ അവസാനിപ്പിക്കുന്നു ..നന്ദി ...
 
http://sreevilasom.blogspot.com/2010/07/8.html 

സാക്ഷി

SHABEER CHEELIKKODE


എന്‍റെ ഹൃദയത്തെ ഞാന്‍ ഉറങ്ങാന്‍ അനുവദിച്ചു 
എന്‍റെ ബോധത്തെ ഞാന്‍ ഉറങ്ങാന്‍ അനുവദിച്ചു 
എന്‍റെ സ്വതത്തെ ഞാന്‍ ഉറങ്ങാന്‍ അനുവദിച്ചു 
അവസാനം തലച്ചോറും ഹൃദയവും തമ്മിലുള്ള 
വാക്ക് തര്‍ക്കം കേട്ട് ഞാന്‍ ഉറങ്ങാതെ മാറി നിന്നു

ചങ്ങലക്കും ഭ്രാന്ത്‌ പിടിക്കുന്നോ..

SHIJU SASIDHARAN


അല്ല എന്താണീ ജസ്റ്റിസുമാരുടെ മനസ്സിലിരുപ്പ് ..അതോ ഇതൊക്കെ വായിച്ചറിഞ്ഞതില്‍ എന്തെങ്കിലും പിശകുണ്ടോ ..സര്‍ക്കാരിനു എതിരു എന്നതുകൊണ്ട്‌ അധികം വ്യത്യാസം ഒന്നും ഉണ്ടാകാന്‍ വഴിയില്ല ..ജഡ്ജി രാമചന്ദ്രന്‍ നായര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ കേട്ടുകൊണ്ടാണ് വെള്ളിയാഴ്ച ഇവിടെ ഉച്ചക്ക് ഉണര്‍ന്നത് ..പിന്നെ വൈകുന്നേരം ആയപ്പോള്‍ ഇന്ത്യാവിഷനില്‍ ബ്രേക്കിംഗ് ന്യൂസ്‌ ആയി ചുവന്ന അക്ഷരത്തില്‍ എഴുതുന്നു .. Öß~mß ക്ക് വി എസ് ന്റെ മറുപടി ..വി എസ് ന്റെ മറുപടി കൂടി താഴെ വായിച്ചപ്പോള്‍ തോന്നി ഇനി ജഡ്ജ് വി എസ് നെ Öß~mß kkഎന്നോ മറ്റോ വിളിച്ചു എന്നു.അത്ര ചാതുര്യമായിരുന്നു ആ വാര്‍ത്തക്ക്..ചാനല്‍ ചര്‍ച്ചകളില്‍ വിശ്വാസം പോരാത്തത് കൊണ്ടാണ് ഇന്നത്തെ പത്രം നോക്കാമെന്ന് കരുതിയത് .കേരളകൗമുദി, മനോരമ, മാതൃഭൂമി ഇതൊക്കെ മൂന്നിന്റെയും പ്രിന്റെഡ്‌ വേര്‍ഷന്‍ കണ്ടപ്പോള്‍ ആണ് Öß~mß kkയുടെ ഇര അഡീഷണല്‍ സെക്രട്ടറി ആണെന്ന് മനസ്സിലായത് ..മാതൃഭൂമി പക്ഷെ ഒരു പടികൂടെ കടന്നു പൊങ്കാലയിടുന്ന സ്ത്രീകള്‍ക്കും Öß~mß kkപട്ടം കൊടുത്തത് കണ്ടു ..അപ്പോള്‍ ഇന്ത്യാവിഷന്റെ ഗതികേട് മനസ്സിലായി..ഒരു ശുംഭന്‍ ആവര്‍ത്തിക്കാന്‍ നോക്കിയതാണ് പാവങ്ങള്‍ ..നികേഷ് കുമാര്‍ ഇട്ടേച്ചു പോയപ്പോള്‍ ഇനി ഇത്തരം മസാലകള്‍ക്ക് പുതിയ വഴി തേടുകയാണ് അവര്‍ ..നികേഷ് ഇനി മാതൃഭൂമിയ്ക്ക് വേണ്ടി വാര്‍ത്ത വായിക്കും എന്നൊക്കെ ബ്ലോഗ്‌ ലോകത്ത് വാര്‍ത്തകള്‍ പറന്നു നടക്കുന്നുണ്ട് ..അതിനും കാത്തിരിക്കാം .
അപ്പോള്‍ Öß~mß, kkജസ്റ്റിസ് മാര്‍ക്കും മലയാള പദങ്ങളെ ക്കുറിച്ച് nn നല്ല ബോധ്യമുണ്ടെന്ന് സാരം ഒരാളെ ശുംഭന്‍ എന്നു വിളിക്കുന്നതാണോ മറ്റൊരാളെÖß~mß എന്നു വിശേഷിപ്പിക്കുമ്പോള്‍ ആണോ അത് വിളിക്കുന്നവര്‍ക്ക് കൂടുതല്‍ ആനന്ദകരം എന്നു അറിയില്ല..എന്തുകൊണ്ടോ അതിനെ കുറിച്ച് അധികം ചര്‍ച്ചകള്‍ നടന്നില്ല ..പ്രസ്താവിച്ച വിധിയില്‍ ഉള്ള എതിര്‍പ്പുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിക്കുന്നു .അതില്‍ ക്ഷോഭിച്ചു ജനാധിപത്യ ഗവണ്മെന്റിന്റെ പ്രതിനിധിയെ Öß~mß എന്നും ഗവണ്മെന്റിനെÖß~mßയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ എന്നും വിളിക്കുന്നു...പഴയ റവന്യു സെക്രട്ടറിയെ പോലെ അഡീഷണല്‍ സെക്രട്ടറിയും അങ്ങ് സഹിക്കട്ടെ ..നിങ്ങളുടെ കഷ്ടകാലം ..നിങ്ങള്ക്ക് വേണ്ടി ഉറഞ്ഞു തുള്ളാന്‍ കോമരങ്ങള്‍ ഒന്നുമില്ല ..ചാനല്‍ പ്രവര്‍ത്തകരോ ബ്ലോഗ്‌ പുലികളോ ആരുമില്ല..അതിനു വലിയ മാര്‍ക്കറ്റുമില്ല .എന്തായാലും ഇതൊക്കെ കേട്ടിട്ട് ജഡ്ജിമാരും അത്ര മോശമല്ല..എന്തൊക്കെ ഡയലോഗുകള്‍ ആണ്, ഭീഷണിപ്പെടുത്താന്‍ നോക്കണ്ട ..അതൊന്നും വിലപ്പോവില്ല. Öß~mßയെ നിര്‍ത്തി കളിക്കുന്നു..ഒരു പക്ഷെ കോടതിക്ക് തോന്നിയോ ഇത് ധര്‍മ സംസ്താപനതിനുള്ള യുദ്ധമാണെന്ന്..ഇങ്ങനെ പേടിക്കില്ല എന്നൊക്കെ പറയണമെങ്കില്‍ ഇത്രയും അരക്ഷിതാവസ്ഥ യിലാണോ നമ്മുടെ നിയമവ്യവസ്ഥ ..ജനക്ഷേമം ,പൊതുജന താല്പര്യം തുടങ്ങി എളുപ്പം എടുത്തു പ്രയോഗിക്കാവുന്ന ചില വാക്കുകള്‍ കൊണ്ട് കോടതികളും ചാനലുകളും ഒക്കെ കളിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി ..എന്നു മുതലാണ്‌ എന്നറിയില്ല ഇത്ര സ്നേഹം എന്നു മനസ്സിലാകുന്നില്ല..ഒരു സ്വാശ്രയ നിയമം കൊണ്ടുവന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞു അതിനെ പല കഷണങ്ങള്‍ ആക്കി മാറ്റിയപ്പോള്‍ ആരുടെ താല്പര്യമായിരുന്നു സംരക്ഷിക്കപെട്ടത്‌, അനവസരത്തിലും അനാവശ്യവുമായി കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞത് ആരുടെ താല്പര്യം ..ഇപ്പോള്‍ ഇതൊക്കെ പ്രസ്താവിച്ച അതെ വ്യക്തികള്‍ തന്നെയാണ് ക്രൈസ്തവ മാനേജ് മെന്റുകള്‍ കച്ചവട തല്‍പരത ഇല്ലാത്തവരെന്നു പറഞ്ഞത് ..
നിയമ നിര്‍മാണ സഭയും ഭരണനിര്‍വഹണ വ്യവസ്ഥയും ചെയ്യണ്ട കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു ചെയ്യാന്‍ നീതിന്യായ വ്യവസ്ഥക്ക് അധികാരം ഉണ്ടായതുഏതു സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ല .ഇന്നലെ കോടതിയുടെതായി പുറത്തുവന്ന വാക്കുകള്‍ പലതും ഇവിടത്തെ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം കടമെടുത്തു പറയുന്നത് പോലെ തോന്നുന്നു..പൊതുവേദിയില്‍ ജഡ്ജി ഇതിനെ കുറിച്ച് ന്യായീകരിച്ചില്ല എന്നു പറയുന്നു..എന്നാല്‍ അദ്ദേഹം പറയുന്നു ഈ വിധി ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്..അല്ലാതെ ജഡ്ജി മാര്‍ക്ക് വേണ്ടിയല്ല എന്നു..ഇതിലെ ന്യായീകരണം ആര്‍ക്കും മനസ്സിലാകില്ല എന്നാണോ ..ഈ ജനങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സാമുദായിക സംഘടനയിലോ ,തൊഴിലാളി സംഘടനയിലോ ,ഒന്നും അംഗമാകാത്ത എത്ര പേര്‍ ഉണ്ടാകും ..ഇവരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പൊതു ധര്‍ണയും സമരങ്ങളും നടത്താത്തവര്‍ എത്ര പേര്‍ ഉണ്ടാകും ..ഇതൊക്കെ പൊതുസ്ഥലത്ത് അല്ലെങ്കില്‍ പൊതു നിരത്തുകളില്‍ നടത്തരുത് എന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളുന്നവര്‍ എത്രപേര്‍ ഉണ്ടാകും..വെള്ളിയാഴ്ച ഈ പ്രസ്താവന യുദ്ധം നടക്കുമ്പോള്‍ തന്നെയാണ് കോഴിക്കോട് നഗരത്തില്‍ വന്‍ ഗതാഗത തടസ്സം ഉണ്ടാക്കി പോലീസിന്റെ മുന്നറിയിപ്പിനെ അവഗണിച്ചു ആയിരം എന്നു പറഞ്ഞപ്പോള്‍ അതിന്റെ അഞ്ചിരട്ടി ആളെ കൂട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനവും സമ്മേളനവും എല്ലാം പോപ്പുലര്‍ ഫ്രെണ്ട് നടത്തിയത് ..അവിടെ കോടതിവിധി നടപാകാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നം എങ്ങനെയാകും ..ഒരുപക്ഷെ അതോക്കെയാകും ഈ പ്രകടനം നടത്തുന്നവരും ലക്ഷ്യമിടുന്നത്..ഇതിനെക്കുറിച്ച്‌ കോടതികള്‍ എന്ത് പറയും..ജനപക്ഷം ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പറഞ്ഞു അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇത്ര മടി..ജനങ്ങള്‍ തെരഞ്ഞെടുത്ത ഗവന്മേന്റിനോടും രാഷ്ട്രീയ പാര്‍ട്ടി കളോടും എല്ലാം അഭിപ്രായം ആരാഞ്ഞു അവര്‍ തമ്മില്‍ ഒരു അഭിപ്രായ ഐക്യം ഉണ്ടാക്കി നടപ്പിലാക്കേണ്ട ഒരു കാര്യത്തില്‍ ഇത്രയും മുന്‍വിധിയോടെ താന്‍ പിടിച്ചതിനു മൂന്നു കൊമ്പു എന്നു സ്ഥാപിക്കുന്നത് പോലെ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ശുഭസൂചകമല്ല .കോടതി പറയുന്നു കേവലം ചില രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം സാമാന്യവത്കരിക്കരുത് എന്നു..എന്താണ് കോടതിയുടെ ഈ കാര്യത്തിലെ മാനദണ്ഡം ..ആരാണ് കുറച്ചു പേര്‍ക്ക് ആണ് എതിപ്പ് എന്നു കോടതിയെ ബോധ്യപെടുതുന്നത് ..എത്രപേര്‍ എതിര്‍ക്കുന്നു, എത്രപേര്‍ അനുകൂലിക്കുന്നു എന്നതിന് എന്ത് അടിസ്ഥാനം ആണ് കോടതിക്ക് വിശ്വാസം ആയുള്ളതു..
വളരെ അത്ഭുതം തോന്നുന്നു ഈ പരാമര്‍ശങ്ങള്‍ കേട്ടിട്ട്..രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ കളിയാക്കാനാണ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇഷ്ടം ..അപ്പോള്‍ അങ്ങനെയുള്ള വയ്ക്ക് മറുപടി പറയാനായി നമ്മുടെ ബഹുമാനപ്പെട്ട ഹൈ ക്കോടതി ജഡ്ജിമാര്‍ ആ പ്രസ്തവനയോളം താഴുന്നത് കാണുമ്പോള്‍ നാണക്കേട്‌ തോന്നുന്നതു ആ വ്യക്തികള്‍ക്കല്ല മറിച്ചു അവരെ ആരാധിക്കുന്ന ,അവരില്‍ പ്രതീക്ഷ വെക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന ജനതയ്ക്ക് മുഴുവനുമാണ്..വിഡ്ഢികള്‍ എന്നു വിഡ്ഢികളെ തിരുത്താന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞു സ്വയം ഇലിഭ്യരാകുന്നു ..റിവ്യൂ ഹര്‍ജി നല്ക്കിയതിനെ കളിയാക്കുന്നു..സുപ്രീം കോടതിയില്‍ പോകാത്തത് എന്തെന്ന് ചോദിക്കുന്നു..തുടര്‍ച്ചയായി ഹൈ ക്കോടതി വിധികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുന്നതിന്റെ പേരിലാണോ ഈ ഉപദേശങ്ങള്‍ .ഇതൊക്കെ ഒരു സംസ്ഥാന ഗവണ്മെന്റിനെതിരെ യാകുമ്പോള്‍ അത് വളരെ ഗൌരവമുള്ളതായി മാറുന്നു..
പിന്നെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ കോടതികള്‍ ചേര്‍ന്ന് പുനര്‍നിര്‍വചിക്കുന്നത് കാണുമ്പോള്‍ കൌതുകമാണ്..ഇതൊക്കെ ഏതുവരെ പോകുമെന്ന് പറയുക അസാധ്യം ..വെടിവഴിപാട് ടേപ്പ് ചെയ്തു കേള്‍പ്പിക്കുക ..ശബരിമലയുടെ പടിയുടെ വീതി കൂട്ടുക ..ആറ്റുകാല്‍ പൊങ്കാല സ്റ്റേ ഡിയ ങ്ങളില്‍പന്തലിട്ടു നടത്തുക .. തൃശ്ശൂര്‍ പൂരം അങ്ങനെ എതിനൊക്കെ ഇനി പുനര്‍നിര്‍വചനങ്ങള്‍ ഉണ്ടാകും എന്നറിയില്ല..ഇതിനൊപ്പം ഇന്ന് കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍ ..തിരുവനന്തപുരം മേലാറന്നൂര്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതിനും ഉറക്കെ മണിയടിച്ചതിനും അമ്പലത്തിനു സമീപം താമസിക്കുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് ക്ഷേത്രം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു..എന്റെ സംശയം ഇനി കുടുംബത്തോടൊത്തു സീരിയലോ റിയാലിറ്റി ഷോ യോ കാണുംപോഴാണോ ഈ ശബ്ദം ആലോസരമുണ്ടാക്കിയത് എന്നാണു..ഏതായാലും നമ്മുടെ സാമൂഹിക സ്ഥിതിയൊക്കെ മാറിപോകുന്നു..എല്ലാം കുറെ നിയമങ്ങള്‍ നിയന്ത്രിക്കുന്ന യാന്ത്രികമായ ജീവിതമാണോ എല്ലാരും ആഗ്രഹിക്കുന്നത്..

ആടുജീവിതം -ഒരു വായനാനുഭവം

RAVEENDRAN KAAVIL 


അറബിക്കഥകളെ പണ്ട് കേട്ടിരുന്നത് ആയിരത്തൊന്നു രാവുകളിലെ കഥകളും അതിനോടനുബന്ധിച്ചുള്ള വിസ്മയകരമായ കഥകളുമാണ്  ,പില്‍ക്കാലത്ത് എഴുതുപതുകളില്‍ കേരളസമൂഹത്തിന്റെ അറബിനാടുകളിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസത്തിന്‍റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാക്കിയ ആഡംബര ജീവിതത്തിന്‍റെ ചലനത്തിനോടനുബന്ധിച്ചുള്ള കഥകളും മറ്റുമാണ് .ഇതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിനെ നൊമ്പരപെടുത്തിയ, വേദനിപ്പിച്ച കഥകളും ഉണ്ടായിട്ടുണ്ട്.സാധാരണക്കാരന്‌ അറബ് നാടുകളിലെ ജീവിതം വളരെ പ്രയാസമുള്ള താണെന്നു കേരള സമൂഹത്തിലുള്ളവരെ ബോധവല്‍ക്കരിക്കപെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും കേരളത്തിലെ സാധാരണക്കാരന്‍റെ മനസ്സില്‍ ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ ആഡംബര ജീവിതവും മറ്റുമാണ് ഓടിയെത്തുന്നത് .ഒരു പരിധി വരെ അതു ശരിയാണെങ്കിലും ഒരുപാട് പേര്‍ ഗള്‍ഫില്‍ പ്രവാസജീവിതം ആരംഭിച്ച ശേഷം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അറബു നാടുകളിലേക്ക്  വരുന്നവരില്‍ സിംഹഭാഗവും നല്ല നിലയില്‍മാന്യമായി  ജോലി ചെയ്യുവാന്‍ വേണ്ടി മാത്രമാണ് .  റോമിലെ  gladiators നെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് .അത് പോലെ വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ് ബെന്ന്യാമിന്‍റെ ആടുജീവിതം വായിച്ചപ്പോഴും എനിക്കുണ്ടായത് .
           മണലാരണ്യത്തിലെ കനല്‍ക്കട്ട പോലെയുള്ള വെയിലിലും ചൂടിലും നജീബിന് ഒന്നും കാണുന്നുണ്ടായിരുന്നില്ല .ജീവിതം കാഴ്ചയുള്ള അന്ധകാരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അനുഭവങ്ങളെ കഥാകൃത്ത്‌ വളരെ വശ്യതയോടെ  പ്രതിപാദിച്ചിട്ടുണ്ട് .ഒറ്റപ്പെട്ട ശേഷം ഒരുപാടു മാസങ്ങള്‍ക്ക്,വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം സുഹൃത്തിനെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍  കഴിയാതെ പോയതും, ഒരു കത്തെഴുതി അത് അയക്കുവാന്‍ യാതൊരു വഴിയുമില്ല എന്നറിഞ്ഞിട്ടും ഹക്കീം തന്‍റെ പ്രിയതമക്ക് ഒരു എഴുത്ത് എഴുതി വെക്കുന്നതുമെല്ലാം ഒരു മനുഷ്യന്‍റെ കരളലിയിക്കുന്ന യാതനാനുഭവങ്ങളാണ്.
           മനുഷ്യന്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരുപക്ഷെ ചെടികളോടും പ്രകൃതിയോടുമൊക്കെ സംസാരിച്ചു തുടങ്ങും .ചെടികളുടേയും  പ്രകൃതിയുടേയും  ഭാഷ അവന്‍ തന്നത്താനെ പഠിക്കും.നജീബ് എത്ര സുന്ദരമായാണ് ആടിന് പേരിടുന്നതും അതിനോട് സംസരിക്കുന്നതുമെല്ലാം.നാം നന്നായാല്‍ ദൈവം നമ്മെ തേടിവരും പലരൂപത്തിലും വേഷത്തിലും .
                  ഓരോ ഏടുകള്‍ വായിക്കുമ്പോഴും നജീബിന്‍റെ അടുത്തുനിന്നു എല്ലാം കാണുന്ന ഒരു അനുഭവമാണ് ഉണ്ടായത്. എന്റെ ദേഹത്ത് ആടിന്‍റെയും ഒട്ടകത്തിന്‍റെയും മണം ഉള്ളതുപോലെ ഒരു തോന്നല്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍  എനിക്കുണ്ടായി .
                                                                                                                                    രവീന്ദ്രന്‍

കലയുടെ രാഷ്ട്റീയം. പ്രൊ.ബി. രാജീവണ്റ്റെ ലേഖനത്തിന്‌ ഒരു വിയോജനക്കുറിപ്പ്‌

PURAKKADAN


കലയുടെ രാഷ്ട്രീയം...ഇത്‌ ഇ.എം.എസ്‌.മരിക്കുന്നില്ല എന്ന പേരില്‍ പുറത്തിറങ്ങിയ പ്രൊ.ബി.രാജീവണ്റ്റെ ലേഖന സമാഹാരത്തിലെ ഒരു ലേഖനത്തിണ്റ്റെ പേരാണ്‌. ഈ ലേഖനം മുന്‍ നിര്‍ത്തി ഒരിക്കല്‍ സൌദി അറേബ്യയിലെ പള്ളിക്കൂടം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു..സൌദിയിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തന്നെ പറയട്ടെ പങ്കെടുത്തവരുടെ എണ്ണം തുലോം തുഛം ആയിരുന്നെങ്കിലും ആശയ സംഘട്ടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടന്നതു കൊണ്ടും പരിപാടി വിജയകരമായിരുന്നു എന്നു പറയാതെ വയ്യ. ആണ്റ്റണി സാര്‍ ആയിരുന്നു നേതൃത്വം, ബഷീര്‍ വാറോഡ്‌, രഘുനാഥ്‌ ഷൊറ്‍ണ്ണൂര്‍‍, സുബൈര്‍ തുഖ്ബ, ഷംസുദ്ദീന്‍ ആറാട്ടുപുഴ, പ്രഭാകരന്‍ മാഷ്‌,പ്രദീപ്‌ കൊട്ടിയം, ജോസേട്ടന്‍, മാധവി ടീച്ചര്‍, സറീന ടീച്ചര്‍ തുടങ്ങി സൌദി അറേബ്യയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നവര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ചര്‍ച്ചയുടെ ഉള്ളടക്കം പൂര്‍ണ്ണമായി പോസ്റ്റ്‌ ചെയ്യുന്നത്‌ അപ്രായോഗികം ആയതു കൊണ്ട്‌ തന്നെ ഞാന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം ആണ്‌ ഈ പോസ്റ്റ്‌. എന്നാല്‍ തന്നെയും അന്നു ഉന്നയിക്കാനാവാതിരുന്ന ചില രൂപകങ്ങളും ഉണ്ട്‌ ഇവിടെ, ബെന്യാമിണ്റ്റെ ആട്‌ ജീവിതം പോലെ ഉള്ളവ..

കലയുടെ രാഷ്ട്രീയം, കലാകാരനെ എങ്ങനെ ആണ്‌ നാം നിര്‍വചിക്കുക? ആദ്യ കാലങ്ങളില്‍ കല സാഹിത്യരൂപങ്ങളിലും ചിത്രമെഴുത്തിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്നു.. പക്ഷെ കാലം കലാകാരനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു.. ഇന്നു ഒരുവന്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍, ഒരു നല്ല വീഡിയോ എടുത്താല്‍, കമ്പ്യൂട്ടറിണ്റ്റെ അനന്ത സാധ്യതകളില്‍ ഒന്നായ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഒരു ബിംബം സൃഷ്ടിച്ചാല്‍ എന്തിനധികം കച്ചിത്തുരുമ്പും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച്‌ പോലും സംവദിക്കാവുന്ന അവസ്ഥയിലേക്ക്‌ നാം എത്തി നില്‍ക്കുന്നു.

എം.എഫ്‌. ഹുസൈനെ പോലെ ഉള്ളവര്‍ (ചിത്രം വരച്ച്‌ പണമുണ്ടാക്കുന്നവര്‍), അവര്‍ക്കു ആശയങ്ങളേക്കാള്‍ ഇന്നു താല്‍പ്പര്യം വിവാദം മാത്രമാണ്‌. വിവാദം ഉണ്ടെങ്കിലേ നല്ല വില കിട്ടു, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടു എന്ന ഒരവസ്ഥ ഇന്നു വന്നു തീര്‍ന്നിരിക്കുന്നു.. കവിത എഴുതി മാത്രമാണ്‌ താന്‍ ജീവിക്കുന്നത്‌ എന്നു അവകാശപ്പെടുന്നവര്‍ ഉണ്ട്‌ നമുക്ക്‌ ചുറ്റും..ഏത്‌ മേഖല എടുത്ത്‌ നോക്കിയാലും ലാഭം എന്ന അടിസ്താന തത്ത്വം മാത്രമാണ്‌ ഇന്നു നമുക്കു കാണാനാവുക.

ഉപയോഗിക്കുക എന്നത്‌ ഇടതുപക്ഷത്തിണ്റ്റെ, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു പ്രായോഗിക തന്ത്രമായി പലപ്പോഴും എനിക്ക്‌ അനുഭവപ്പെട്ടിട്ടുണ്ട്‌. പക്ഷേ എണ്റ്റെ പ്രായം വച്ചു നോക്കിയാല്‍ നേരറിവുകളേക്കാള്‍ പ്രാധാന്യം കേട്ടറിവുകള്‍ക്കും വായനാനുഭവങ്ങള്‍ക്കുമാണ്‌. പ്രത്യേകിച്ച്‌ ഞാന്‍ ഇല്ലാതിരുന്ന ഒരു കാലയളവിനെ കുറിച്ച്‌ സംസാരിക്കേണ്ടി വരുമ്പോള്‍. അതു കൊണ്ട്‌ തന്നെ കലയെ വേണ്ട രീതിയില്‍ ഉപയോഗിച്ച കാലഘട്ടം എനിക്കു നേരിയ ഓര്‍മ പോലും ഇല്ലാത്തതാണ്‌.

തീരെ ഇല്ല എന്നു പറഞ്ഞു കൂടാ, കെ.പി.എ.സി.യും സാംബശിവനും ഒക്കെ എണ്റ്റെ കുട്ടിക്കാലത്ത്‌ പോലും ഉണ്ട്‌. പക്ഷെ അവര്‍ ഒരു കാലത്ത്‌ തങ്ങളുടെ കലയിലൂടെ മലയാളിയോട്‌ സംവദിച്ചത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ കേട്ടറിവും വായനാനുഭവവും വേണ്ടി വന്നിട്ടുണ്ട്‌. അവര്‍ എന്താണ്‌ ചെയ്തത്‌ കലയിലൂടെ, ഒരു രാഷ്ട്രീയ പ്രസംഗത്തിനും സാദ്ധ്യമാവാത്ത വിധം മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മാത്രം മതി അതിനൊരുദാഹരണം. ഇന്നത്തെ തലമുറക്ക്‌ അന്നത്തെ കേരളീയ സാഹചര്യങ്ങളോട്‌ താദാത്മ്യം പ്രാപിക്കാനാവില്ല ഒരിക്കലും.. അന്ന്‌ അവര്‍ പട്ടിണി അനുഭവിച്ചു എങ്കില്‍ അതു യഥാര്‍ഥ പട്ടിണിയുടെ മൂര്‍ത്തഭാവം ആയിരുന്നു.. വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ഉപേക്ഷിച്ചിട്ടു പട്ടിണി കിടന്നാല്‍ ആ അനുഭവം ഒരിക്കലും ഉണ്ടാകില്ല. പട്ടിണി കിടന്നു കൊണ്ട്‌, എത്രയോ എതിര്‍പ്പുകള്‍ നേരിട്ട്‌ കൊണ്ട്‌ അവര്‍ ആശയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.

ഒരുവന്‍ സ്വാനുഭവത്തിനു വേണ്ടി കല അനുഷ്ഠിക്കുന്നുവെങ്കില്‍ അതു ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതെന്തിനു. ഏത്‌ തരം കല ആയാല്‍ പോലും, ആസ്വാദകണ്റ്റെ കൊള്ളാം എന്ന അഭിപ്രായത്തിനു വേണ്ടിയോ? അതോ തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ കൂടുതല്‍ നല്ല കല ആവിഷ്കരിക്കുവാന്‍ വേണ്ടിയോ? അങ്ങനെ എങ്കില്‍ നിങ്ങളുടെ കല ആസ്വദിക്കുവാനും അഭിപ്രായം പറയുവാനും ആര്‍ക്കാണ്‌ ബാദ്ധ്യത? ആസ്വാദകന്‍ എന്ന വര്‍ഗം ഉണ്ട്‌ എന്നു നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നതെന്തിന്‌? ചെയ്യുന്ന കലയില്‍ ഉള്ള വിശ്വാസമാകുമൊ? ഒന്നു കൂടെ വിശദീകരിക്കാം ഒരു വ്യക്തി പ്രണയത്തെ കുറിച്ചെഴുതുന്നു. അത്‌ പലപ്പോഴും വ്യക്തിപരമായ അനുഭവം മാത്രമാകുന്നതെ ഉള്ളൂ, അതു വായിക്കുകയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ സ്വാര്‍ത്ഥത മാത്രമല്ലേ?

എണ്റ്റെ അഭിപ്രായത്തില്‍ കല എന്നും സഹജീവിക്കു വേണ്ടി കൂടെ ഉള്ളതാവണം. പലപ്പോഴും പല ബ്ളോഗില്‍ നിന്നും അനുഭവവേദ്യമായതും അടുത്തിറങ്ങിയ ബെന്യാമിണ്റ്റെ ആട്‌ ജീവിതവും ഒക്കെ സഹജീവിയുടെ നൊമ്പരങ്ങള്‍ പങ്കു വെക്കുന്നതല്ലേ? ഒരു കാലത്ത്‌ കേരളീയ സമൂഹം അനുഭവിച്ച വേദനകള്‍ നാടകത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും ഒക്കെ അവര്‍ പങ്കു വെച്ചതു പോലെയല്ലെ ഇന്നു ചില മാധ്യമങ്ങളിലൂടെ പ്രവാസാനുഭവങ്ങള്‍ പലരും പങ്കു വെക്കുന്നത്‌. പ്രവാസത്തിണ്റ്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നു നാം ബ്ളോഗ്‌ ലോകത്ത്‌ അറിയുന്നുണ്ട്‌, കാരണം ബ്ളോഗില്‍ ഏറ്റവും സജീവം പ്രവാസികള്‍ ആയതു കൊണ്ടാണ്‌ അതു., പക്ഷേ പ്രൊ.ബി.രാജീവനെപ്പോലെ ഉള്ളവര്‍ അറിയുന്നുണ്ടാകില്ല നജീമിണ്റ്റെയും ഹക്കിമിണ്റ്റെയും ഒക്കെ ലോകം. അതു അറിയിക്കുവാന്‍ എഴുത്ത്‌ എന്ന കല വേണ്ടി വരുന്നു. അപ്പോള്‍ കല സമൂഹത്തിനു വേണ്ടിയാവണം. എല്ലാ കലയും സമൂഹത്തിനു വേണ്ടി മാത്രം ആവണം എന്നല്ല എണ്റ്റെ അഭിപ്രായം. കലാകാരണ്റ്റെ കണ്ണ്‌ സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവണം..

പ്രതികരിക്കേണ്ടയിടത്ത്‌ പ്രതികരിക്കുകയും സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും വേണം. അതു കൊണ്ട്‌ തന്നെ ബി.രാജീവണ്റ്റെ ലേഖനത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌., അതോടൊപ്പം കലയെ പണസമ്പാദനത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നവരോടും.

പിന്‍കുറിപ്പ്‌: കേരളത്തിലെ നക്സലൈറ്റ്‌ പ്രസ്താനത്തിണ്റ്റെ മുന്‍ നിരക്കാരില്‍ ഒരാളായിരുന്ന, നക്സലൈറ്റ്‌ രാജീവന്‍ എന്ന്‌ സ്വന്തം നാട്ടില്‍ പോലും അറിയപ്പെട്ടിരുന്ന പ്രൊ.ബി. രാജീവന്‍ എണ്റ്റെ അമ്മയുടെ വലിയച്ഛണ്റ്റെ മകനാണ്‍്‌. ഒരര്‍ത്ഥത്തില്‍ എണ്റ്റെ അമ്മാവന്‍. അദ്ദേഹം കേരളീയ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാനിയിട്ടില്ല എങ്കില്‍ തന്നെയും അദ്ദേഹത്തിണ്റ്റെ ചില ആശയങ്ങളോട്‌., ലേഖനങ്ങളോട്‌ തുറന്ന എതിര്‍പ്പാണ്‌ എനിക്കുള്ളത്‌, സാവിത്രി രാജീവണ്റ്റെ കവിതകളെ സ്നേഹിക്കുമ്പോള്‍ പോലും...

എ കെ ജി -ജീവിതത്തിലൂടെ

SHIJU SASIDHARAN


എ കെ ജി -ജീവിതത്തിലൂടെ
1904-ഒക്ടോബര്‍ 1 ജനനം .
 
1927-വിദേശ വസ്ത്ര ബഹിഷ്കരണം ,ഖാദി പ്രചാരണം മുതലായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു .
1930-നിയമലംഘനം നടത്തി അറസ്റ്റു വരിച്ചു
1931-ഗുരുവായൂര്‍ സത്യാഗ്രഹ പ്രചാരണ ജാഥയുടെ ക്യാപ്ടന്‍ ,ഗുരുവായൂര്‍ സത്യാഗ്രഹ വാളണ്ടിയര്‍ ക്യാപ്ടന്‍
 
1934-കെ പി സി സി സെക്രട്ടറി.
1935-കെ പി സി സി പ്രസിഡണ്ട്‌ .കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്
.
1936-മദിരാശിയിലേക്ക് പട്ടിണി ജാഥ നയിച്ചു.
1938-തിരുവിതാം കൂര്‍ സ്വാതന്ത്ര്യ സമരത്തെ സഹായിക്കാന്‍ അയച്ച മലബാര്‍ ജാഥയുടെ ക്യാപ്റ്റന്‍ .ചരിത്ര പ്രസിദ്ധമായ ആലപ്പുഴ
തൊഴിലാളി സമരത്തെ നയിക്കാന്‍ ആലപ്പുഴയില്‍ പ്രഭാതം പത്രത്തിന്റെ മാനേജര്‍ .പത്രത്തിന് പണം പിരിക്കാന്‍ സിലോണ്‍ സിംഗപ്പൂര്‍ മുതലായ രാജ്യങ്ങളിലേക്ക് പര്യടനം .
1941-മാര്‍ച്ച്‌ 24  നു ത്രിശ്ശിനപള്ളി യില്‍ വെച്ച് അറസ്റ്റ് .സെപ്റ്റംബര്‍ 25 നു ജയില്‍ ചാടി ..
1944-കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരള കമ്മിറ്റി സെക്രട്ടറി..
1947-അറസ്റ്റ് ചെയ്യപ്പെട്ടു
 
1951-കരുതല്‍ തടങ്കല്‍ നിയമത്തിനെതിരായി സുപ്രീം കോടതിയില്‍ വാദിച്ചു ..മദിരാശി ഹൈക്കോടതി മോചിപ്പിച്ചു
1952-അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.പാര്‍ലമെന്റ് മെമ്പര്‍ ആയി .സെപ്റ്റംബര്‍ 10 -തിയതി സുശീലയെ വിവാഹം കഴിച്ചു .ചൈനയിലും റഷ്യ യിലും പോയി മാവോ സെ തുങ്ങിന്റെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു .സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യുടെ 19 -O സമ്മേളനത്തില്‍ പങ്കെടുത്തു .
1956-മഹാ ഗുജറാത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തു അറസ്റ്റു വരിച്ചു .
1958-പഞ്ചാബില്‍ നടന്ന ബെറ്റര്‍മെന്റ് നികുതിക്കെതിരായ സമരത്തില്‍ പങ്കെടുത്തു .
 
1960-ജൂണ്‍ -കാസര്‍ഗോഡ്‌ നിന്ന് പുറപ്പെട്ട കര്‍ഷക ജാഥക്ക് നേതൃത്വം കൊടുത്തു.
.
1961-ജൂണ്‍ 5 അമരാവതിയില്‍ സത്യാഗ്രഹം തുടങ്ങി.
1963-ചുരുളി -കീരത്തോട്  കുടിയിറക്കില്‍ പ്രതിഷേധിച്ചു നിരാഹാരം തുടങ്ങി
1964-കമ്മ്യൂണിസ്റ്റ്‌ (മാര്‍ക്സിസ്റ്റ്‌ )പാര്‍ട്ടി രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ .
1972-മിച്ചഭൂമി സമരം -മുടവന്‍ മുകള്‍ സമരത്തിന്‌ നേതൃത്വം
 
1977-മാര്‍ച്ച്‌ 22 ചരമം .  

എന്‍റെ ലോകകപ്പ്‌ കാഴ്ചകള്‍

SHIJU SASIDHARAN


അങ്ങനെ ഒരു ഫുട്ബാള്‍ ലോകകപ്പ്‌ കൂടി അരങ്ങൊഴിയുന്നു.അമ്പലത്തില്‍ ഉത്സവം തീര്‍ന്നിട്ടു പിറ്റേന്ന് ഉണര്‍ന്നു കാണുമ്പോള്‍ തോന്നുന്ന നഷ്ടബോധം ..തലേന്നു വരെ ചെവിയില്‍ ആര്‍ത്തലച്ച ശബ്ദം പതിയെ ദൂരേക്ക്‌ പോകുന്നു .പ്രവാസലോകത്തിലെ ആദ്യ ലോകകപ്പ്‌ ..ഇനി എത്രയെണ്ണം ഇങ്ങനെ കാണേണ്ടി വരും എന്നത് ഒരു കൌതുകകരമായ ആലോചനയാണ് .64 കളികളില്‍ ഏകദേശം 15 കളികള്‍ ഒഴികെ എല്ലാത്തിലും ശ്രദ്ധ വെക്കാന്‍ കഴിഞ്ഞു,.പ്രതിശ്രുത വധുവിന്‍റെ പരിഭവം പലപ്പോഴും ഫുട്ബാളിനു മേല്‍ ശാപമായി പതിച്ചപ്പോഴും കളിയെ കൈവിടാന്‍ തോന്നിയില്ല.പക്ഷെ ഒടുവില്‍ ആവേശം അവളും ഏറ്റെടുത്ത പ്പോളാണ് ഈ കാല്പന്തുകളിക്ക് ഇത്രയേറെ ആവേശം ഉണ്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലായത്..ഒരു കളി പോലും കാണാതെ ഫൈനലിനു സ്പെയിന്‍ ജയിക്കുമെന്ന് പറഞ്ഞു 1000 റിയാല്‍ പന്തയം വെച്ച ഒരു നാട്ടുകാരന്‍ സ്പെയിന്‍ എന്തുകൊണ്ട് ജയിക്കും എന്നു പറഞ്ഞു തര്‍ക്കിച്ചപ്പോള്‍ അമ്പരപ്പ് എനിക്കും എന്‍റെ സുഹൃത്തിനുമായിരുന്നു.
സ്പെയിന്‍ ഒടുവില്‍ കളിയും കപ്പും ആരവവും എല്ലാം സ്വന്തം പേരിലാക്കി ആന്ദ്രെ ഇനിയെസ്റ്റ 116 മത്തെ മിനുട്ട് തന്‍റെതാക്കി .ആദ്യകളി തോറ്റിട്ടും സ്പെയിനിനെ വിശ്വസിച്ചു കൂടെ കൂടിയ ആരാധകര്‍ക്ക് ഇതു അല്‍പ്പം അഹങ്കാരം കൂടെ ചേര്‍ത്ത് ആഹ്ലാദിക്കാം ..കാളക്കൂറ്റന്‍ മാരുടെ നാട്ടുകാര്‍ കപ്പു ചേര്‍ത്ത് വെച്ചപ്പോള്‍ മാറിയത്കുറെ ചരിത്രമാണ് .ആദ്യകളി തോറ്റവര്‍ ഫൈനല്‍ കളിക്കുന്നു..യുറോ കപ്പു ചാമ്പ്യന്‍ മാരായി വന്നവര്‍ കപ് നേടുന്നു..വിടാതെ പിന്തുടര്‍ന്ന നിര്‍ഭാഗ്യത്തിനെ അവര്‍ ഒഴിവാക്കുന്നു.എല്ലാറ്റിനുമൊടുവില്‍ തുടക്കം മുതല്‍ നിസ്സംഗത കൈവിടാതെ നിന്ന കോച്ചും ഇല്ലായ്മയുടെ വല്ലായ്മയില്‍ നിന്നും പിറന്ന സുന്ദരന്‍ വിയ്യയും ലോകത്തെ സ്നേഹാദരങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങുന്നു..
ഈ ലോകകപ്പിലെ വിജയങ്ങളിലൊന്നും അത്രയധികം വലിയ ആവേശമൊന്നും സ്പെയിന്‍ നല്‍കിയതായി തോന്നുന്നില്ല .ജയങ്ങളിലധികവും ഒറ്റ ഗോളില്‍ തൂങ്ങി .എങ്കിലും ഗോളടിക്കാനുള്ള പിശുക്ക് പോലെ തന്നെ ഗോള്‍ വഴങ്ങാനും അവര്‍ പിശുക്ക് കാട്ടി എന്നതും ശ്രദ്ധേയമായി .എങ്കിലും വിയ്യ തിളങ്ങി നില്‍ക്കുന്നു..മൈതാനത്തിന്‍റെ മധ്യത്തു നിന്നും ഹോണ്ടുറാസ് ഗോള്‍ കീപ്പറെ കബളിപ്പിച്ചു തൊടുത്ത കിക്ക് ,വിയ്യയുടെ മനസ്സ് പറഞ്ഞ വഴിയിലൂടെ പന്തു നേരെ ഗോള്‍പോസ്റ്റില്‍ ചെന്ന് വിശ്രമിക്കുന്ന കാഴ്ച ..ഒപ്പം ഒരു താരമായി വിയ്യ നടത്തിയ ആഹ്ലാദം .ഗാലറികളെ അഭിവാദ്യം ചെയ്തുള്ള ചലനങ്ങള്‍ ..അല്‍പ്പം അസൂയ തോന്നിയോ എന്നു സംശയം ..!!!!!!!
ഹോളണ്ടിനെ പറ്റി പറയാന്‍ തുടങ്ങുമ്പോള്‍ ഒരു നിരവികാരത .അവര്‍ ടോട്ടല്‍ ഫുട്ബാള്‍ കളിക്കുന്നവര്‍ ആണെന്നും ഇപ്പോള്‍ അതു കളിക്കുന്നില്ല എന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നു.പ്രിയപ്പെട്ട അര്‍ജെന്റിന യുടെ വൈരികള്‍ ആയ ബ്രസീലിനെ തോല്‍പ്പിച്ചു എന്നത് കേട്ടപ്പോള്‍ അല്‍പ്പം മതിപ്പ് തോന്നി ഒരു ആരാധനയ്ക്ക് അതു ഇട നല്‍കിയില്ല,,കൂടാതെ ഫൈനല്‍ കളിയുടെ ആദ്യ വിസിലിനോപ്പം വാന്‍ പേഴ്സി തുടങ്ങി വെച്ച ചവിട്ടും തൊഴിയും ഉള്ള താല്‍പര്യവും ഇല്ലാതാക്കി..എങ്കിലും ഹോളണ്ട് ജയിക്കണം എന്നായിരുന്നു ആഗ്രഹം ,നീരാളി യുടെ പറഞ്ഞാല്‍ പറഞ്ഞതു തന്നെ എന്നത് കൊണ്ടു എങ്ങനെയെങ്കിലും അതു പൊളിഞ്ഞാല്‍ കൊള്ളാം എന്നൊരാഗ്രഹമായിരുന്നു വിജയി ആരെന്ന റിഞ്ഞിട്ടു ആ മത്സരം കാണുന്നതില്‍ പിന്നെ എന്തു ആവേശം ..അടുത്ത ലോക കപ്പിലെങ്കിലും ഇത്തരം പ്രവചനങ്ങള്‍ നിയന്ത്രിക്കാനോ..മത്സരം കഴിയുന്നവരെ അടക്കി വെക്കണോ ഫിഫ ക്കു കഴിയുമോ.ഒടുവില്‍ സ്പെയിന്‍ തന്നെ ജയിച്ചു..റോബനും സ്നൈഡറും കണ്ണീര്‍ വാര്‍ക്കുന്നത് കണ്ടപ്പോള്‍ അതില്‍ അപ്രതീക്ഷിതമായി ഒന്നും തോന്നിയില്ല ,അതൊരു അനിവാര്യത ആയിരുന്നു...
ഈ ലോക കപ്പിലെ എന്‍റെ പ്രിയപ്പെട്ട താരം ഡീഗോ ഫോര്‍ലാന്‍ ആണ് .ഒരു ശാന്തനായ ദുര്‍മന്ത്രവാദി എന്നു പറയുന്നത് വെറുതെയല്ല .ലൂസേര്‍സ് ഫൈനലില്‍ അവസാന മിനുട്ടില്‍ ബാറില്‍ തട്ടി തെറിച്ച കിക്ക് ...അതു കണ്ടു തരിച്ചു നിന്ന ഫോര്‍ലാന്‍. ഉറുഗായ്‌ അവരാണ് ഈ ലോകകപ്പിനെ അല്‍പ്പമെങ്കിലും ആവേശം കൊള്ളിച്ചത്..സുവാരസിന്റെ ദൈവത്തിന്‍റെ കൈ പ്രയോഗത്തില്‍ ശരി തെറ്റുകള്‍ ഇനിയും ചെകഞ്ഞെടുതുകൊണ്ടിരിക്കുന്നു .അല്ലെങ്കിലും ആ മത്സരഫലം
എത്ര നിര്‍ണായകമായിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിന്‍റെ ശരിതെറ്റുകള്‍ പറഞ്ഞിട്ട് എന്താ ഉപയോഗം..
ഈ ലോക കപ്പുങ്കളിച്ച 32 ടീമുകളില്‍ എന്തെങ്കിലും ഒക്കെ ഓര്‍മ്മിക്കാന്‍ തരുന്ന ടീമുകള്‍ പകുതിയോളമേ വരുള്ളൂ, കളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ എനിക്കു തന്നെ അജ്ഞാതമായ കാരണങ്ങള്‍ കൊണ്ടു തന്നെ ഇഷ്ടപെട്ട ടീമാണ് അര്‍ജെന്റിന.പക്ഷെ ഞാന്‍ കളി കണ്ട ലോക കപ്പുകളില്‍ ഒന്നു അവര്‍ സെമി കണ്ടിട്ടില്ല .ഇത്തവണയും മാറ്റമൊന്നുമില്ല..അതുകൊണ്ട് ആ ഇഷ്ടത്തിനും മാറ്റമില്ല.എങ്കിലും നാല് ഗോളുകളുടെ തോല്‍വി അതു അല്‍പ്പം കടുത്തുപോയി. .എങ്കിലും മെസ്സിയെക്കാള്‍ എനിക്കു പ്രിയപ്പെട്ട ടെവസ് മെക്സിക്കന്‍ നെഞ്ചു പിളര്‍ത്തി തൊടുത്ത കിക്ക് അതു ഈ ലോകകപ്പ്‌ എനിക്കു സ്വകാര്യമായി അഹങ്കരിക്കാന്‍ തന്നതാണ്..
പിന്നെ ഇഷ്ടം ജര്‍മനിയോട് ..പ്രത്യേകിച്ച് മുള്ളര്‍,ലോകകപ്പ്‌ ഏറ്റവും കനിഞ്ഞിട്ടുള്ളത് ജര്‍മനിയോടാണ് അതിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള എല്ലാ ശ്രമവും അവര്‍ നടത്തുന്നു..അതിനു അവര്‍ പ്രശംസ അര്‍ഹിക്കുകയും ചെയ്യുന്നു..മുള്ളര്‍ സെമി കളിച്ചിരുന്നു എങ്കില്‍ കളി മറ്റൊന്നായേനെ എന്നുഞാന്‍ചിന്തിക്കുന്നു..അതും ഒരു പക്ഷെ നീരാളിയുടെ നമ്പര്‍ ആയിരിക്കും...
അര്‍ജെന്റിനയോടുള്ള ഇഷ്ടം കൊണ്ടു ബ്രസീലിന്റെ ആരാധകര്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അതു ബ്രസീലിനോടുള്ള അനിഷ്ടത്തിനും ഇടയാക്കുന്നു..എങ്കിലും മൈക്കണിന്റെ ഗോളും റോബീഞ്ഞോ യും അവരിലും ഇഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു..
ഏറ്റവും നിരാശപെടുത്തിയത് ഇംഗ്ലണ്ട് ആണെന്ന്എല്ലാവരും
പറയുന്നു .പക്ഷെ എനിക്കു വലിയ ആശകള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ അങ്ങനെ ഒരു തോന്നല്‍ ഇല്ല..എങ്കിലും രണ്ടു ഗോളിന് പുറകില്‍ നിന്നിട്ട് പിന്നെ മടങ്ങി വന്നു പൊരുതുകയും എന്നാല്‍ മണ്ടന്‍ റഫറിയുടെ ഗോള്‍ നിഷേധം കൊണ്ടു കളിയില്‍ നിന്ന് തന്നെ പിന്നോക്കം പോകേണ്ടി വന്നതും അല്‍പ്പം അനുകമ്പ ഉണ്ടാക്കുന്നു..
പിന്നെയും നിറയെ മുഹൂര്‍ത്തങ്ങള്‍ ,സ്വതവേ വലിയ ആരാധന ഇല്ലാത്തതു കൊണ്ടു ഇറ്റലി ,ഫ്രാന്‍സ് ഇവരൊക്കെ പോയത് വലിയ ചലങ്ങള്‍ തോന്നിപിച്ചില്ല..പിന്നെ റഫറിയുടെ പീഡ നങ്ങള്‍ക്ക് ഇരയയിട്ടും പൊരുതിയ അമേരിക്ക ,ഫ്രീക്കിക്കുകളിലൂടെ അതിശയിപിച്ച ജപ്പാന്‍ ,ഗ്രൗണ്ടില്‍ ഇറങ്ങി ആദ്യ പന്തു സ്പര്‍ശത്തില്‍ തന്നെ ഗോളടിച്ചു ഇറ്റലിയെ പുറത്താക്കിയ സ്ലോവാക്യക്കാരന്‍ ..ശബലാലയെയും വുവുസേലയും നല്‍കിയ ദക്ഷിണാഫ്രിക്ക ..വല നിറയെ ഗോളും കൊണ്ടു പോയ ഉത്തരകൊറിയ ..ദക്ഷിണകൊറിയ ..ഇങ്ങനെ കണ്ണില്‍ ഒന്നു ഉടക്കി പോയവര്‍ അനവധി..
ഇങ്ങനെയാണെങ്കിലും സമയം മെനക്കെടുത്തിയ കളികളും ഉണ്ടായിരുന്നു..ഇംഗ്ലണ്ട് ---അള്‍ജീരിയ ..കാമറൂണിന്റെ ചില കളികള്‍ ..തുര്‍ക്കി അങ്ങനെയും ചില കളികള്‍..വിശദമായ കണക്കുകള്‍ക്ക്‌ നിറയെ സാധ്യതകള്‍ ഉള്ളപ്പോള്‍ ഈ ഓര്‍മയിലെ വാകുകള്‍ക്ക് ഇനിയും കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടാകാം,,ഒരുപക്ഷെ അടുത്ത ചിന്തയില്‍ പോലും,,,
ഗ്രൌണ്ടിലെ ആരവങ്ങള്‍ക്കൊപ്പം പ്രസിദ്ധി നേടിയ ജബുലാനി.വുവുസേല തുടങ്ങിയവയും ..പത്രങ്ങളില്‍ ബഫാന വാര്‍ത്തകള്‍ നിറച്ച റിപോര്‍ട്ടര്‍മാര്‍.ശ്രീ രാജീവ്,,ശ്രീ സുരേന്ദ്രന്‍,,പിന്നെ രസകരമായ വിശകനങ്ങലുമായി നിറഞ്ഞ കോച്ച് ചാത്തുണ്ണി..പിന്നെ തങ്ങളെ തോല്പിച്ച വരെ പുകഴ്ത്തി എഴുതാന്‍ വിധിക്കപെട്ട മറഡോണയും ദുംഗയും ..കൌതുകങ്ങള്‍ നിരവധി...
ഇനി ഇതിലും വലുതൊന്നു ബ്രസീലില്‍ 2014 കൊണ്ടു വരുമായിരിക്കും .മാറക്കാനയില്‍ ബ്രസീല്‍ -അര്‍ജെന്റിന ഫൈനല്‍ പ്രവചിച്ച സാക്ഷാല്‍ സോക്രടീസ് ..നമ്മള്‍ മലയാളികളും ലാറ്റിനമെരിക്കയെ മനസ്സില്‍ നിന്ന് കുടിയിറക്കി യുറോപ്പിയന്‍ ടീമുകളെ പ്രതിഷ്ടിക്കുന്നു..ഇതിനെ പ്രതിരോധിക്കാന്‍ ബ്രസീല്‍ ,അര്‍ജെന്റിന ടീമുകള്‍ക്ക് കഴിയട്ടെ എന്നു പ്രതീക്ഷിക്കാം ..
ഒരു മാസത്തെ ബഫാനക്ക് കൊടിയിറങ്ങിയപ്പോള്‍ കയ്യടി നേടുന്നത് ആഫ്രിക്കയും വുവുസേലയും ഒക്കെയാണെങ്കിലും എന്നെ ശല്യം ചെയ്യുന്നത് നീരാളിയാണ്..കളിയുടെ രസം കളയിക്കുന്ന ഒരിക്കലും പിഴക്കാതെ പ്രവചിക്കുന്ന നീരാളി......

കേരളത്തിലെ ക്രമസമാധാനം

SHIJU SASIDHARAN




ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം.ഇതിന്റെ ഗൂഗിള്‍ ബസ്സ്‌ ലിങ്ക്

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം തികച്ചും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒരു ജാമ്യകേസ് പരിഗണിക്കവെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണമാണ് സുപ്രീംകോടതി തിരുത്തിയത്. ആത്മീയ നേതാവായി അറിയപ്പെടുന്ന റഹീം പൂക്കടശ്ശേരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണച്ചപ്പോള്‍, കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ജസ്റ്റിസ് രാംകുമാര്‍ അഭിപ്രായപ്പെട്ടു.സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാംകുമാര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി...............
http://jagrathablog.blogspot.com/2010/07/blog-post_4031.html


shoji D. Thottathil - ഈ വാര്‍ത്ത‍ ഇവിടെ അവതരിപ്പിച്ചത് വെറുമൊരു വാര്‍ത്ത‍ അറിയിക്കല്‍ മാത്രമായി വിശ്വസിച്ചോട്ടെ...?

ഈ വാര്‍ത്ത‍ നമ്മളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യഷപ്പെട്ടെക്കാവുന്ന "വന്‍ ദുരന്തം ഒഴിവായി -20 പേര്‍ മാത്രമേ കൊല്ല ചെയ്യപ്പെടുക ഉണ്ടായുള്ളൂ " എന്നൊരു വാര്‍ത്ത‍ പോലെയാണ്. കാരണം ജ. രാംകുമാര്‍-രിന്റെ ഉത്തരവ് അടിസ്ഥാന രഹിതം എന്ന് കേരള സര്‍ക്കാര്‍ വാദിച്ചത് മറ്റു സംസ്ഥാനങ്ങളെ അപേഷിച്ചു കുറ്റ കൃത്യങ്ങള്‍ കുറവാണു എന്നത് മുന്‍ നിര്‍ത്തിയാണ്. എന്ന് വച്ചാല്‍, ജയില്‍ പീഡനം, സ്ത്രീ പീഡനം, ബോംബ്‌ ആക്രമണം, naxel - ആക്രമണം മുതലയാവയൊക്കെ താരതമ്യേന കുറവാണു.......അപ്പോള്‍, കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടം അല്ല, അത് മറ്റു സ്ഥലങ്ങളില്‍ കൊല്ലപ്പെട്ടവുരെടെയോ അവരുടെ ബന്ധുക്കളുടെയോ നഷ്ടത്തിന്റെ "എണ്ണത്തെ" അപേഷിച്ചു കുറവായത് കൊണ്ട് കേരളത്തിലെ ക്രമസമാധാനം തകരുന്നില്ല.

അപ്പോള്‍, കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളെ അപേഷിച്ചു കുറവയിരിക്കുന്നിടത്തോളം, കേരള സര്‍ക്കാരും, അഭ്യന്തര വകുപ്പും, നമ്മുടെ പോലീസും, സര്‍വ്വോപരി നമ്മുടെ ക്രമസമാധാനവും കീ ജയ്.......

ഈ ഉത്തരവ് മേടിക്കാന്‍ സുപ്രീം കോടതി നിരങ്ങി കഷ്ടപ്പെട്ട (അപ്പോള്‍ കേരളത്തില്‍ കൊലപാതകങ്ങള്‍, കൈ വെട്ടല്‍, മുതലായവ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു) സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മറ്റു സംസ്ഥാനങ്ങളുടെ കൊലപാതക കണക്കുകളും നമ്മുടെതും ചേര്‍ത്ത് ഒരു graph വരച്ചു സര്‍ക്കാരിന്റെ നേട്ടമായി തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്


കോടിയേരിക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍....!!!
6:08 pm

shiju sasidharan - അതെ ,ഈ വാര്‍ത്ത ഒരു അറിയിപ്പാണ് .ഒരു കോടതി വിധി യെ മറ്റൊരു കോടതി വിധി കൊണ്ട് ഖണ്ഡിക്കുന്നു..ആ വിധി വന്നിട്ട് വര്‍ഷം ഒന്നാകുന്നു..അതിനോടെ ചേര്‍ന്ന് ഒരു തെരഞ്ഞെടുപ്പു നടന്നു.കേരളത്തിലെ ഹൈ ക്കോടതി കേരളത്തിന്റെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെയും ആഭ്യന്തരമന്ത്രിയെ വ്യക്തിപരമായും വിമര്‍ശിക്കുന്നു ..കേരളത്തിനെ ക്രമസമാധാന നില തകര്‍ന്നു എന്ന് പറയുന്ന വാര്‍ത്ത കേരള സമൂഹം എങ്ങനെയാകും ഉള്‍ക്കൊള്ളുക ..അതിനെ നമ്മുടെ മാധ്യമങ്ങള്‍ എങ്ങനെ ഒക്കെ അവതരിപ്പിക്കും..അത് ഒരു സര്‍ക്കാരിനെയും പോലീസിനെയും എങ്ങനെ ബാധിക്കും ,അവരുടെ ആത്മവിശ്വാസത്തെ എങ്ങനെ അത് സ്വാധീനിക്കും.ആ വിധി തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും .ഇന്ന് ആ വിധി സുപ്രീം കോടതി ആ വിധി തള്ളുന്നു..ഹൈ കോടതിയുടെ ഈ പരാമര്‍ശം അനവസരത്തിലും അനാവശ്യവുമായിരുന്നു എന്ന് രേഖപെടുത്തി.മാതൃഭൂമി ഒഴികെ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയില്‍ ഈ വാചകം രേഖപെടുത്തിയിട്ടുമുണ്ട്

.മുന്‍പ് ഒരു പോസ്റ്റില്‍ സുഹൃത്തിനോട്‌ തന്നെ ഗോള്‍ഫ് ക്ലബ്‌ വിധിയുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു എന്ന് ഞാന്‍ സൂചിപിച്ചിരുന്നു,,അന്ന് ആ വിധി ആശ്വാസമായത് നിവേദിത പി ഹരന്‍ എന്ന ഐ എ എസ് ഉദ്ദ്യോഗസ്ഥ ക്കും റവന്യു വകുപ്പിനുമാകും .ആ വിധി വന്ന സമയത്ത് ഈ പറഞ്ഞ ഉദ്യോഗസ്ഥയെ ഹൈക്കോടതി എത്ര രൂക്ഷമായാണ് വിമര്‍ശിച്ചത് എന്നറിയാന്‍ അന്നത്തെ പത്രങ്ങള്‍ നോക്കണം ..അതിനെ ചാനലുകാര്‍ എങ്ങനെ കൊണ്ടാടി എന്നതും ചരിത്രം .എന്നിട്ട് അത് സുപ്രീം കോടതി പറഞ്ഞപ്പോള്‍ ഈ ആഘോഷിച്ചവര്‍ ആരെങ്കിലും അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നും അറിയില്ല,,ഇവിടെ ഇപ്പോള്‍ ഇങ്ങനെ ഇരങ്ങിയും നിരങ്ങിയും നേടിയ വിധി ഈ പറഞ്ഞ പോലീസിനും സര്‍ക്കാരിനും കൊടിയെരിക്കുമൊക്കെ അല്‍പ്പം ആശ്വാസം കൊടുക്കുന്നുണ്ടെങ്കില്‍ അതിനു അനുവദിക്കുക ..അന്ന് ഹൈ ക്കോടതി വിധിയില്‍ ഊര്‍ജ്ജം നേടിയവര്‍ ഇന്ന് സുപ്രീം കോടതി വിധിയില്‍ നിരാശ രാകുന്നത് കാണുമ്പോള്‍ അല്‍പ്പം കൌതുകം തോന്നുന്നു

പിന്നെ അനാവശ്യവും അനവസരത്തിലും ഇത്തരം വിധികള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഇങ്ങനെ തീവ്രവാദവും കൈവെട്ടലും നടക്കുന്ന നാട്ടില്‍ എങ്ങനെ പ്രതിഫലിക്കും ഇങ്ങനെ സൃഷ്ടിക്കപെടുന്ന പുകമറകളില്‍ രക്ഷപെടുന്നതാര് .അക്രമികളെ ഒറ്റപെടുത്തി (അതിനെ ഏതു പാര്‍ട്ടിക്കാര്‍ ആയാലും ) സമൂഹത്തിനെ രക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ഇടപെടല്‍ അനിവാര്യമായിരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ വഴി തെറ്റിക്കാനും പരിഭ്രാന്തരാക്കാനും ഇത്തരം നുണ പ്രചാരണങ്ങള്‍ ഉത്തര വാദപെട്ട കേന്ദ്രങ്ങളില്‍ നിന്നും വരുന്നത് നിരാശജനകമാണ്.

സഖാവ്‌. പിണറായി വിജയനോട്‌ പറയാനുള്ളത്‌

PURAKKADAN


സഖാവെ,
നാം എന്നും ഇരകളായിരുന്നു, ഇന്നുമതെ, നമ്മള്‍ എന്നും ഇരകളായിരിക്കുമ്പോള്‍ തന്നെ പുതിയ ഇരകളെ തേടി, വോട്ട്‌ ബാങ്കുകളെ ലക്ഷ്യമാക്കി നമുക്ക്‌ അലയേണ്ടി വരുന്നത്‌ ഏത്‌ പ്രത്യയശാസ്ത്രത്തിണ്റ്റെ പേരിലാണ്‌. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ലോകം എന്നും നമുക്ക്‌ അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും.. അതിലാണു നമ്മുടെ നിലനില്‍പ്പ്‌ തന്നെ. മലയാളിയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്ക്‌ ആവുന്നുണ്ട്‌, പക്ഷേ സമ്പൂര്‍ണ്ണ സമത്വം എന്ന ആശയം ഒരിക്കലും നടപ്പില്ല തന്നെ. മുതലാളിത്തം ഉണ്ടെങ്കിലേ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക്‌, (കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്സിസ്റ്റ്‌) നമ്മള്‍ അങ്ങനെ തന്നെ ആണെന്നാണ്‌ എണ്റ്റെ വിശ്വാസം) നമുക്ക്‌ പൊരുതാനാവൂ.. എതിര്‍ക്കാന്‍ ആളില്ലാതെ എങ്ങനെ ആണ്‌ നമുക്ക്‌ വളര്‍ച്ചയുണ്ടാവുക.. അതു കൊണ്ട്‌ തന്നെ എന്നും മുതലാളിത്തം ഉണ്ടായിരിക്കണം എന്നാണ്‌ എണ്റ്റെ ആഗ്രഹം.

നമ്മള്‍ ആരോടാണു പൊരുതുന്നതു?? എന്നോ കാലഹരണപ്പെട്ടു പോയ, എന്നും നെഹൃ കുടുംബത്തിണ്റ്റെ ചിറകിലേറി പറന്നുയരാമെന്നു വ്യാമോഹിക്കുന്ന കോണ്‍ഗ്രസ്സോ? ഇന്ന്‌ രാഹുല്‍ ഗാന്ധി എന്ന ഒരു ബിംബം അല്ലാതെ എന്തുണ്ട്‌ അവര്‍ക്ക്‌? ഗാന്ധിജിക്കു ശേഷം എന്നും അവര്‍ക്കു ബിംബങ്ങള്‍ അല്ലാതെ ആശയങ്ങള്‍ ഉണ്ടായിരുന്നില്ലല്ലൊ?? കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും കൂട്ടു പിടിച്ച്‌ ഇന്ത്യ ഭരിക്കുകയും നമ്മുടെ പൈതൃകം പോലും വിസ്മരിച്ച്‌ നമ്മള്‍ കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയ ഭാ.ജ.പ എന്ന, വര്‍ഗീയത മാത്രം കൈമുതലായുള്ള ബി.ജെ.പി. യോടോ?

നമ്മള്‍ ആദ്യം പൊരുതേണ്ടത്‌ നമ്മോട്‌ തന്നെയാണ്‌. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അന്ത:ഛിദ്രങ്ങളോട്‌, ആശയ വ്യതിയാനങ്ങളോട്‌. പിന്നെയേ മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സ്ഥാനമുള്ളൂ. നമ്മള്‍ സമരസപ്പെടേണ്ടത്‌ വോട്ട്‌ ബാങ്കുകളോടോ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഇരകളുടെ പ്രത്യയശാസ്ത്രത്തോടോ അല്ല. നമ്മെ നാമാക്കിയ ഇന്നലെകളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട പാഠം കൈമുതലാക്കി മാറി വരുന്ന സാഹചര്യങ്ങള്‍ മലയാളിയെ എത്തിച്ചിരിക്കുന്ന ജീവിതപരിസരങ്ങളോട്‌ സമരസപ്പെടേണ്ടിയിരിക്കുന്നു നാം.

ഊശാന്‍ താടിക്കാരും താടിവച്ചവരും താടി വടിച്ച്‌ ക്ളീന്‍ഷേവ്‌ ആയി നടക്കുന്ന പുത്തന്‍ മുതലാളിത്തത്തിണ്റ്റെ വക്താക്കളും ഒക്കെ ഇനിയും വരും, ഇരകളുടെ പേര്‌ പറഞ്ഞു കൊണ്ട്‌.. പുതിയ പ്രത്യയശാസ്ത്രങ്ങളുമായി... ഇരകളെ തിരിച്ചറിയുന്നതിനും വേണം ഉള്‍ക്കാഴ്ച്ച. അവരുടെ അജണ്ട നമ്മില്‍ കുത്തിവെക്കാതെ നമ്മുടെ ആശയങ്ങളുടെ ആയുധം അണിയിച്ചു വേണം അവരെ കെട്ടഴിച്ചു വിടേണ്ടത്‌. സ്വപ്നങ്ങള്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌ സഖാവെ. മാനത്ത്‌ മാത്രം നോക്കി നില്‍ക്കുന്നവര്‍ അറിയാറില്ല കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്‌.. ചെങ്കൊടി കണ്ടാല്‍ മനം കുളിര്‍ക്കുന്നവര്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌.. നഷ്ടപ്പെട്ടവരും ഇട്ടിട്ടു പോയവരുമല്ല, ചുവപ്പ്‌ ഒരു വികാരമായി ഇന്നും കൊണ്ട്‌ നടക്കുന്ന സാധാരണക്കാരനു വേണ്ടിയാവണം നമ്മുടെ നാവ്‌...

പിന്‍ കുറിപ്പ്‌: കെ.ഇ,എന്‍ ഒരിക്കല്‍ സൌദിയില്‍ വന്നിരുന്നു.. ചൂടേറിയ വാഗ്വാദം തന്നെ നടക്കുകയുണ്ടായി. സംഘടനയുടെ അച്ചടക്കം ലംഘിക്കേണ്ട എന്നു കരുതി പലതും തുറന്നു പറയാതെ വിട്ടു.. ഇപ്പോള്‍ നടക്കുന്ന ഇരകളുടെയും വര്‍ഗസ്വത്വത്തിണ്റ്റെയും ഒക്കെ പ്രതിസന്ധി കാണുമ്പോള്‍ അന്നു നടന്ന ആശയ സംവാദം ഓര്‍ത്തു പോകുന്നു.. ആരെയൊക്കെയാണ്‌ അന്ന്‌ തള്ളി പറഞ്ഞത്‌. വിജയന്‍ മാഷ്‌ ഇതൊക്കെ കാണുന്നുണ്ടാവുമൊ??

സ്വാഗതം

SHIJU SASIDHARAN

അക്ഷരങ്ങളിലേക്ക് സ്വാഗതം 

അക്ഷരം .പ്രവാസികള്‍ ക്കുള്ളിലെ ആശയവിനിമയം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനു വേണ്ടി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജ്..
നമ്മള്‍ക്കു പരിചയമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജുകള്‍ പോലെ തന്നെ യാണ് ഇതിന്‍റെയും രീതികള്‍ ..ഇതില്‍ 
പ്രിയപ്പെട്ട ചിത്രങ്ങള്‍ , വീഡിയോകള്‍ എല്ലാം അംഗങ്ങളുമായി പങ്കുവെക്കാം  

അക്ഷരങ്ങളിലേക്ക് കടക്കുന്നതിനു .
http://aksharangal.socialgo.com/    ക്ലിക്ക് ചെയ്യുക ..

ഇതില്‍ അംഗമാകുന്നതിന് നിങ്ങളുടെ e-mail id ഉപയോഗിച്ചു  ലോഗിന്‍ ചെയ്യുക. അതില്‍ നിങ്ങളുടെ പ്രൊഫൈല്‍ നിര്‍മിക്കുക ..
ഓരോ വിഭാഗങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ ഉള്ളതുപോലെ കവിതകള്‍ക്കും മറ്റു വിഷയങ്ങള്‍ക്കും എല്ലാം കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ അംഗമാകുന്ന എല്ലാവര്‍ക്കും ഇതുപോലെ അവരവര്‍ക്ക് ഇഷ്ടമായ വിഷയങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..മറ്റുള്ളവര്‍ ഉണ്ടാക്കിയിട്ടുള്ള കൂട്ടങ്ങളില്‍ ചെരുകയുമാകാം .അതില്‍ ഒക്കെ അഭിപ്രായം രേഖപെടുത്താം പുതിയ ചിത്രങ്ങളും വീഡിയോകളും കൂട്ടി ചേര്‍ക്കാം ..
അത് പോലെ നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ..വിഷയങ്ങള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം..
ചര്‍ച്ചാവേദിയില്‍ നമ്മള്‍ ഓരോ വിഷയങ്ങള്‍ പോസ്റ്റ്‌ ചെയ്യും അതിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക .അഭിപ്രായങ്ങള്‍ രേഖപെടുത്തുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന് 
ക്ലിക്ക് ചെയ്താല്‍ മതി..അതില്‍ ഉദാഹരണമായി അമ്മ എന്ന് ടൈപ്പ് ചെയ്യുന്നതിന് amma എന്ന് ടൈപ്പ് ചെയ്തു സ്പേസ് ബാര്‍ ക്ലിക്ക് ചെയ്യുക ...ഇങ്ങനെ മലയാളത്തില്‍ നന്നായി എഴുതാന്‍ കഴിയും ..

മറ്റുള്ള ബ്ലോഗുകളിലേക്കും വാര്‍ത്താ സൈറ്റ് കളിലേക്കും ഉള്ള ലിങ്കുകളും ഇതില്‍ നമുക്ക് ഉള്‍ പ്പെടുത്താം .ഒപ്പം ഓരോ വാര്‍ത്തകളെയും നമ്മള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു..അതില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതൊരു ഫലപ്രദമായ ചര്‍ച്ചയായി മാറും.

ഒപ്പം നമ്മുടെ ഇടയില്‍ സാഹിത്യത്തില്‍ അഭിരുചി ഉള്ളവര്‍ക്കും എഴുതുന്നവര്‍ക്കും എല്ലാം ഇതിലെ മാഗസിന്‍ പേജില്‍ ബ്ലോഗ്‌ പോസ്റ്റുകള്‍ ആയി അതൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്..അത് അക്ഷരത്തിലെ എല്ലാവര്‍ക്കും വായിക്കാനും അഭിപ്രായം പറയാനും ഒക്കെ  അവസരം ഉണ്ടാകും 
.ഇങ്ങനെ നമ്മുടെ നാടിന്‍റെ വിശേഷങ്ങളില്‍ ഇടപെടാനും നമ്മള്‍ പ്രവാസികളുടെ ഒരു ശബ്ദമാകാനും ഈ അക്ഷരങ്ങള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു..

എല്ലാവരും ഇതില്‍ അംഗങ്ങള്‍ ആകുക ..ഈ പേജില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എങ്കില്‍ ദയവായി ഈ മെയിലിലോ അല്ലെങ്കില്‍ എന്റെ പ്രൊഫൈലില്‍ ഒരു മെസ്സേജ് ആയോ ചോദിക്കുക ..ഇതൊരു സജീവമായ ഒരു വെബ്സൈറ്റ് ആക്കി മാറ്റാന്‍ എല്ലാവരുടെയും വിലയേറിയ ഉപദേശങ്ങളും അഭിപ്രായങ്ങളും സജീവമായ സാന്നിധ്യവും എല്ലാം പ്രതീക്ഷിക്കുന്നു..

Friday, July 9, 2010

ആമുഖം

SHIJU SASIDHARAN


പ്രിയപ്പെട്ട നവോദയ സുഹൃത്തുക്കളെ 
                                                            നമ്മള്‍ പ്രവാസികള്‍ നമ്മുടെ നാടിനെ കുറിച്ചും നമ്മുടെ നാട്ടിലെ സംഭവവികാസങ്ങളെ കുറിച്ചും ഒക്കെ വളരെ ആശങ്കയോടെ സംസാരിക്കുന്നവരാണ്‌.നമ്മുടെ നാട്ടുകരെക്കാളും പ്രവാസികള്‍ നമ്മുടെ നാടിന്‍റെ മാറ്റങ്ങളില്‍ ശ്രദ്ധാലുക്കള്‍ ആണ് എന്നത് ഏവരും അംഗീകരിക്കുന്ന ഒന്നാണ് .നമ്മള്‍ മലയാളികള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയബോധവും സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ഉള്ള ഇടപെടലുകളും ഒക്കെയാണ് ലോകത്തിന്‍റെ ഇതു കോണില്‍പോയാലും നമ്മള്‍ മലയാളികളെ വേറിട്ട്‌ നിര്‍ത്തുന്നത് .ഇവിടെ അത്തരം ഒരു ബോധത്തെ പോഷിപ്പിക്കുന്നതില്‍ നമ്മോടൊപ്പം നമ്മള്‍ കൂട്ടിയിട്ടുള്ളത് 'നവോദയയെ' ആണ് .സാമൂഹ്യക്ഷേമം സംസ്കാരികം തുടങ്ങി നിരവധി മേഖലകളില്‍ നിരവധി പേര്‍ക്ക് ആശ്വാസമായി നമ്മുടെ സംഘടന പ്രവര്‍ത്തിക്കുന്നു .ഇപ്പോള്‍ അതിന്‍റെ തന്നെ ഒരു ഭാഗമായാണ് സര്‍ഗസദസ്സ് എന്ന പേരില്‍ സാഹിത്യ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .കഴിഞ്ഞ രണ്ടു പരിപാടികളില്‍ ആയി നടന്ന ചര്‍ച്ചകളും കൂടി ചേരലുകളും നമുക്ക് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല.പലപ്പോഴും ഇതിന്‍റെ തുടര്‍ച്ചകള്‍ നടക്കുന്നില്ല എന്നത് നമ്മളെ സങ്കടപ്പെടുത്തുന്നു എങ്കിലും ഇപ്പോള്‍ ഉണ്ടായ ഈ ചലനം അതിന്‍റെ തുടര്‍ ചലനങ്ങള്‍ രേഖപെടുത്തി മുന്നോട്ടു പോകുമെന്നുതന്നെ പ്രതീക്ഷിക്കുന്നു .ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന നേതൃനിരയേ നമ്മുടെ സചേതനമായ സാന്നിധ്യം കൊണ്ടു പിന്തുണക്കുകയും അനുമോദിക്കുകയും ചെയ്യാം .
                        വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവ് നമ്മുടെ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ നമ്മളൊക്കെ ബോധവാന്മാരാണ് .ഐ ടി സാക്ഷരത എന്നത് നമ്മുടെ നിലനില്‍പ്പിനു തന്നെ അനിവാര്യമായി മാറുന്നു എന്നത് അല്‍പ്പം ആശങ്കളോടെ നമ്മള്‍ അംഗീകരിക്കുന്നു .ചര്‍ച്ച ചെയ്യുന്നു .എന്നാല്‍ ഇതിലൊക്കെയുള്ള ആശങ്കള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ ഗുണഫലങ്ങള്‍ അംഗീകരിക്കാതെ കഴിയില്ല.
സോഷ്യല്‍ വെബ്‌ സൈറ്റുകള്‍ ഇന്ന് നിരവധിയാണ് .ലോകവിസ്തീര്‍ണം ഒരു കടുകുമണിയോളം ചെറുതാക്കി അതിന്‍റെ അതിരുകള്‍ ഇല്ലാതാക്കിയിരിക്കുന്നു.ലോകസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ ഇതിലും പുറകില്‍ അല്ല .ഫേസ് ബുക്ക്‌ .ഓര്‍ക്കുട്ട് ,ട്വിറ്റെര്‍, ഗൂഗിള്‍ ബസ്സ്‌ തുടങ്ങി ലോകത്തിലെ പ്രമുഖ പേജുകള്‍ക്കൊപ്പം നമ്മുടെ മലയാളത്തിലും അനവധിയുണ്ട് .കൂട്ടം ,വാക്ക്, സുഹൃത്ത്‌,കന്മദം അങ്ങനെ അനവധി..ഇവയിലൊക്കെ നടക്കുന്ന ചര്‍ച്ചകള്‍ ,അതില്‍ പോസ്റ്റ്‌ ചെയ്യുന്ന സാഹിത്യ സൃഷ്ടികള്‍  ,
ഇതിലെല്ലാം വളരെ സജീവമായി പങ്കെടുക്കുന്നവരാണ് നമ്മള്‍ പ്രവാസികള്‍ ..അതിനു മപ്പുറം സ്വന്തമായി ബ്ലോഗുകള്‍ സൂക്ഷിക്കുന്നവരും അനവധി..
              ഇവിടെ ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നതിന്‍റെ പുറകിലെ ചിന്ത അത്തരം പൊതുഇടങ്ങള്‍ നമുക്കിടയില്‍ സൃഷ്ടിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ആലോചനകള്‍ ആണ് .ഇപ്പോള്‍ അങ്ങനെ ഒന്നു നിലവിലുണ്ടോ എന്നറിയില്ല..നവോദയയിലെ അംഗങ്ങള്‍ക്കിടയില്‍ അത്തരം സര്‍ഗവാസനകള്‍ പരിപോഷിക്കുന്നതിനും .ഓരോ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും ഒക്കെ ഇങ്ങനെ ഒരു ഇടം പുതിയ സാധ്യതകള്‍ രൂപപെടുത്തുന്നു.പൊതുവേദിയില്‍ സംസാരിക്കുന്നതിന്‍റെ സങ്കീര്‍ണതകളെ ഭയപെടുന്നവര്‍ ,സ്വന്തം സ്വകാര്യതകളില്‍ പിറവി കൊള്ളുന്ന വാക്കുകളെ ആഘോഷിക്കുന്നവര്‍,കൂടാതെ ഇവിടുത്തെ നാടിന്‍റെ രീതികൊണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുടുംബാംഗങ്ങള്‍ ഇവര്‍ക്കൊക്കെ ഇത്തരം ഒരു ഇടം ഉപയോഗിക്കാം എന്നു ഞാന്‍ കരുതുന്നു..അതു കൂടാതെ സ്വന്തമായി ബ്ലോഗുകള്‍ ഉള്ളവരെയൊക്കെ നമുക്ക് ഇവിടെ യോജിപ്പിക്കാം ..ഒപ്പം പ്രവാസികളുടെ ഇടയില്‍ ഉണ്ടാകുന്ന രചനകള്‍ അതൊക്കെ പരിചയപ്പെടുത്താനും  .പുതിയ വിഷയങ്ങളെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാനും ഒക്കെയായി ഒരു വേദി..കൂടാതെ നമ്മുടെ പൊതുപരിപാടികളുടെ അറിയിപ്പുകളും ചിത്രങ്ങളും മറ്റും എല്ലാവരിലും എത്തിക്കാനും ഇതു ഉപയോഗപ്രദമാണ്.
ഇത്തരം പേജുകള്‍ സൗജന്യമായി നിര്‍മിക്കാനുള്ള സൈറ്റുകള്‍ ഇന്ന് ഇന്‍റെര്‍നെറ്റില്‍  ലഭ്യമാണ് .പിന്നെ മലയാളം ഫോണ്ടുകളും ഗൂഗിള്‍ മലയാളം സൈറ്റും  ഒക്കെ ഉപയോഗിച്ച് ഇതിനെ മലയാളത്തില്‍ തന്നെ നിലനിര്‍ത്തുവാനും കഴിയും .ഊഷ്മളമായ സാന്നിധ്യവും ഇടപെടലും അതിനുള്ള മനസ്സും ആവശ്യപെടുന്ന ഈ ആശയത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞാന്‍ ആഗ്രഹിക്കുന്നു.ഒപ്പം ഇതിലേക്ക് ചേര്‍ക്കേണ്ട വിഷയങ്ങളും പംക്തികളും നിര്‍ദ്ദേശിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
                                                                              വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് 
.
ഷിജു ശശിധരന്‍