Wednesday, September 8, 2010

സഖാവ്‌. പിണറായി വിജയനോട്‌ പറയാനുള്ളത്‌

PURAKKADAN


സഖാവെ,
നാം എന്നും ഇരകളായിരുന്നു, ഇന്നുമതെ, നമ്മള്‍ എന്നും ഇരകളായിരിക്കുമ്പോള്‍ തന്നെ പുതിയ ഇരകളെ തേടി, വോട്ട്‌ ബാങ്കുകളെ ലക്ഷ്യമാക്കി നമുക്ക്‌ അലയേണ്ടി വരുന്നത്‌ ഏത്‌ പ്രത്യയശാസ്ത്രത്തിണ്റ്റെ പേരിലാണ്‌. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ലോകം എന്നും നമുക്ക്‌ അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും.. അതിലാണു നമ്മുടെ നിലനില്‍പ്പ്‌ തന്നെ. മലയാളിയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്ക്‌ ആവുന്നുണ്ട്‌, പക്ഷേ സമ്പൂര്‍ണ്ണ സമത്വം എന്ന ആശയം ഒരിക്കലും നടപ്പില്ല തന്നെ. മുതലാളിത്തം ഉണ്ടെങ്കിലേ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക്‌, (കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്സിസ്റ്റ്‌) നമ്മള്‍ അങ്ങനെ തന്നെ ആണെന്നാണ്‌ എണ്റ്റെ വിശ്വാസം) നമുക്ക്‌ പൊരുതാനാവൂ.. എതിര്‍ക്കാന്‍ ആളില്ലാതെ എങ്ങനെ ആണ്‌ നമുക്ക്‌ വളര്‍ച്ചയുണ്ടാവുക.. അതു കൊണ്ട്‌ തന്നെ എന്നും മുതലാളിത്തം ഉണ്ടായിരിക്കണം എന്നാണ്‌ എണ്റ്റെ ആഗ്രഹം.

നമ്മള്‍ ആരോടാണു പൊരുതുന്നതു?? എന്നോ കാലഹരണപ്പെട്ടു പോയ, എന്നും നെഹൃ കുടുംബത്തിണ്റ്റെ ചിറകിലേറി പറന്നുയരാമെന്നു വ്യാമോഹിക്കുന്ന കോണ്‍ഗ്രസ്സോ? ഇന്ന്‌ രാഹുല്‍ ഗാന്ധി എന്ന ഒരു ബിംബം അല്ലാതെ എന്തുണ്ട്‌ അവര്‍ക്ക്‌? ഗാന്ധിജിക്കു ശേഷം എന്നും അവര്‍ക്കു ബിംബങ്ങള്‍ അല്ലാതെ ആശയങ്ങള്‍ ഉണ്ടായിരുന്നില്ലല്ലൊ?? കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും കൂട്ടു പിടിച്ച്‌ ഇന്ത്യ ഭരിക്കുകയും നമ്മുടെ പൈതൃകം പോലും വിസ്മരിച്ച്‌ നമ്മള്‍ കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയ ഭാ.ജ.പ എന്ന, വര്‍ഗീയത മാത്രം കൈമുതലായുള്ള ബി.ജെ.പി. യോടോ?

നമ്മള്‍ ആദ്യം പൊരുതേണ്ടത്‌ നമ്മോട്‌ തന്നെയാണ്‌. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അന്ത:ഛിദ്രങ്ങളോട്‌, ആശയ വ്യതിയാനങ്ങളോട്‌. പിന്നെയേ മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സ്ഥാനമുള്ളൂ. നമ്മള്‍ സമരസപ്പെടേണ്ടത്‌ വോട്ട്‌ ബാങ്കുകളോടോ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഇരകളുടെ പ്രത്യയശാസ്ത്രത്തോടോ അല്ല. നമ്മെ നാമാക്കിയ ഇന്നലെകളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട പാഠം കൈമുതലാക്കി മാറി വരുന്ന സാഹചര്യങ്ങള്‍ മലയാളിയെ എത്തിച്ചിരിക്കുന്ന ജീവിതപരിസരങ്ങളോട്‌ സമരസപ്പെടേണ്ടിയിരിക്കുന്നു നാം.

ഊശാന്‍ താടിക്കാരും താടിവച്ചവരും താടി വടിച്ച്‌ ക്ളീന്‍ഷേവ്‌ ആയി നടക്കുന്ന പുത്തന്‍ മുതലാളിത്തത്തിണ്റ്റെ വക്താക്കളും ഒക്കെ ഇനിയും വരും, ഇരകളുടെ പേര്‌ പറഞ്ഞു കൊണ്ട്‌.. പുതിയ പ്രത്യയശാസ്ത്രങ്ങളുമായി... ഇരകളെ തിരിച്ചറിയുന്നതിനും വേണം ഉള്‍ക്കാഴ്ച്ച. അവരുടെ അജണ്ട നമ്മില്‍ കുത്തിവെക്കാതെ നമ്മുടെ ആശയങ്ങളുടെ ആയുധം അണിയിച്ചു വേണം അവരെ കെട്ടഴിച്ചു വിടേണ്ടത്‌. സ്വപ്നങ്ങള്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌ സഖാവെ. മാനത്ത്‌ മാത്രം നോക്കി നില്‍ക്കുന്നവര്‍ അറിയാറില്ല കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്‌.. ചെങ്കൊടി കണ്ടാല്‍ മനം കുളിര്‍ക്കുന്നവര്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌.. നഷ്ടപ്പെട്ടവരും ഇട്ടിട്ടു പോയവരുമല്ല, ചുവപ്പ്‌ ഒരു വികാരമായി ഇന്നും കൊണ്ട്‌ നടക്കുന്ന സാധാരണക്കാരനു വേണ്ടിയാവണം നമ്മുടെ നാവ്‌...

പിന്‍ കുറിപ്പ്‌: കെ.ഇ,എന്‍ ഒരിക്കല്‍ സൌദിയില്‍ വന്നിരുന്നു.. ചൂടേറിയ വാഗ്വാദം തന്നെ നടക്കുകയുണ്ടായി. സംഘടനയുടെ അച്ചടക്കം ലംഘിക്കേണ്ട എന്നു കരുതി പലതും തുറന്നു പറയാതെ വിട്ടു.. ഇപ്പോള്‍ നടക്കുന്ന ഇരകളുടെയും വര്‍ഗസ്വത്വത്തിണ്റ്റെയും ഒക്കെ പ്രതിസന്ധി കാണുമ്പോള്‍ അന്നു നടന്ന ആശയ സംവാദം ഓര്‍ത്തു പോകുന്നു.. ആരെയൊക്കെയാണ്‌ അന്ന്‌ തള്ളി പറഞ്ഞത്‌. വിജയന്‍ മാഷ്‌ ഇതൊക്കെ കാണുന്നുണ്ടാവുമൊ??

No comments:

Post a Comment