Saturday, February 26, 2011

യാത്രികന്റെ സ്വപ്നങ്ങള്‍--നിധീഷ്‌ മുത്തമ്പല


യാത്രികന്റെ സ്വപ്നങ്ങള്‍
ഒന്ന് 
എങ്ങോ ചെന്ന് ചേരാനിരിക്കുന്ന പാളങ്ങളിലൂടെ അവസാനത്തെ രാത്രിവണ്ടിയും കടന്നു പോയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു .ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു നടത്തം തുടര്‍ന്നു...ആരാണയാള്‍ ..ആരെയാണ് അയാള്‍ കാത്തിരിക്കുന്നത് ?.
                                                                                        ഏതാനും ദിവസങ്ങളായി ഞാനയാളെ ശ്രദ്ധിക്കുന്നു .ഓരോ തീവണ്ടിയും വരുമ്പോഴും പോകുമ്പോഴും വഴിക്കണ്ണുമായി ആപ്പീസിനരികിലെ 
മരത്തില്‍ തീര്‍ത്ത ചാരുകസേരയില്‍ അയാളുണ്ടാകും. ആപ്പീസിന്റെ ചില്ലു ജാലകത്തിനപ്പുറത്തു ഏതോ കാലസഞ്ചാരം പോലെ തിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും അയാള്‍ വേറിട്ട്‌ തന്നെ നിന്നു 
ഈ അതിര്‍ത്തി ഗ്രാമത്തിലെ തീവണ്ടിയാപ്പീസിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ മലയാളികള്‍ അപൂര്‍വ്വമായേ ഇതുവഴി വന്നുപോകാറുള്ളൂ.തമിഴരാണിവിടെ ഏറെയും .പുറത്തിപ്പോള്‍ നേര്‍ത്ത മഞ്ഞുവീഴുന്നുണ്ട്‌ .സ്വെറ്ററും ഷാളുമെടുത്തു ഒന്നു പുകയ്ക്കാമെന്ന് കറുത്തി പുറത്തിറങ്ങി .

അയാളെപ്പോഴും ആ കസേരയിലുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അയാള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു ..ആ തണുപ്പില്‍ അയാള്‍ക്ക് വല്ലതും ...?
ഒന്നു രണ്ടു തവണ തട്ടി വിളിച്ചപ്പോലാണ് അയാള്‍ ഉണര്‍ന്നത് ...? ആരാ എന്തുവേണം ...? കണ്ണുകള്‍ പാതി തുറന്നു അയാള്‍ ചോദിച്ചു ..മലയാളി തന്നെ എന്നു ഉറപ്പായപ്പോള്‍ ആശ്വാസമായി .
" ഞാനീ ആപ്പീസില്‍ ജോലി ചെയ്യുന്നതാ ..ഈ തണുപ്പിലിങ്ങനെ കണ്ടപ്പോള്‍ വിളിച്ചതാ .."
ഞാന്‍ പറഞ്ഞു..
"ഓരോന്ന് ഓര്‍ത്തിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല" ..പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു 
"ആരാ വരാനുള്ളത് "
"ഏന്റെ മോള്‍ "-ഏന്റെ ചോദ്യം മുഴുവന്‍ ആകുന്നതിനു മുന്‍പ് ഉത്തരം വന്നു 
"ഗുജറാത്തില്‍ നഴ്സാണ് --നാല് ദിവസം മുന്‍പാണ് പുറപ്പെട്ടത്‌ "
"എന്നിട്ട്"
"ഇടക്കെവിടെയോ തീവണ്ടി പാളം തെറ്റിയെന്നും പറഞ്ഞു വിളിച്ചിരുന്നു പിന്നീട് ഒരു വിവരവും ഇല്ല"
"തീവണ്ടികള്‍ പാളം തെറ്റുന്നതും ചിലപ്പോള്‍ വരാതിരിക്കുന്നതും ഇപ്പോള്‍ പതിവാണ് . കാര്യമാക്കേണ്ട "
'എന്നാലും ഉള്ളില്‍ ഒരു പേടി"
"പേടിക്കേണ്ട മോളിങ്ങെത്തും"
ഞങ്ങളുടെ സംസാരം ഇങ്ങനെ നീളവേ  കൊടക്കാറ്റും മഞ്ഞും മലയിറങ്ങിവരുന്ന നേര്‍ത്ത ശബ്ദം അടുത്തെത്തി.
ഞാനയാളെ ആപ്പീസിനകത്തേക്ക്  ക്ഷണിച്ചു 

രണ്ട്
          നിയോണ്‍ വിളക്കുകളുടെ അരണ്ട വെളിച്ചത്തില്‍ പ്ലാറ്റ്‌ ഫോര്‍മിനരികിലേക്ക് മഴ കിതച്ചെത്തുന്നതു ഏതോ ഒരു നിമിഷം എന്റെ കാഴ്ചയെ അസ്വസ്ഥമാക്കി. ഈ വിജനതയില്‍ ആരോ ഒരാള്‍ ഒറ്റയ്ക്ക് മഴ നനഞ്ഞു പാളത്തിലൂടെ നടക്കുന്ന ഒരു ചിത്രം ,വെറുതെ മനസ്സിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു
 ഓരോ കട്ടന്‍കാപ്പിയുടെ ചൂട് നുകര്‍ന്ന് അയാള്‍ അയാളുടെ കഥ പറഞ്ഞുതുടങ്ങി 
                          കുപിത യൌവ്വനങ്ങളുടെ രാഷ്ട്രീയത്തിലേക്ക് അതിന്റെ മുന്നില്‍ നിന്ന് നടത്തിയ പോരാട്ടങ്ങള്‍ ,,ചെറുത്തുനില്‍പ്പുകള്‍  അടിയന്തിരാവസ്ഥയിലെ ജയില്‍ വാസം  ഒടുവില്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ചു   ഈ അതിര്‍ത്തിഗ്രാമത്തില്‍ ചേക്കേറിയത് .
                      ഉള്ളില്‍ കനലെരിയുന്ന ഒരാള്‍ക്ക് ഇവിടെയും അടങ്ങി ഇരിക്കാന്‍ കഴിയുമായിരുന്നില്ല ..
സൂര്യകാന്തി പാടങ്ങള്‍ക്ക്  പേരുകേട്ട ഗ്രാമത്തിലെ  പാവങ്ങളുടെ  ജീവിതം പക്ഷെ സൂര്യകാന്തിപ്പൂക്കളെ പോലെ 
സുന്ദരമായിരുന്നില്ല ..
             ദാരിദ്യവും മറ്റു കൊടിയ അനാചാരങ്ങളും ഈ കാലത്ത് ഇവിടെ കൊടികുത്തി വാഴുന്നു ..സവര്‍ണ്ണര്‍ തീര്‍ത്ത ജാതി മതിലുകല്‍ക്കപ്പുറം ഒരിക്കലും പൂക്കാത്ത കനവുകളും പേറി ,മണ്ണിനോടും സ്വന്തം ജീവിതത്തോട് തന്നെയും   പടവെട്ടി   ഉരുകിതീര്‍ന്നവര്‍ക്കൊപ്പം നിന്ന് പൊരുതേണ്ടി വരുന്നു ..പിന്നെയും ...
ശിവശങ്കരന്‍ നമ്പൂതിരി , ശിവണ്ണന്‍ ആയ കഥയുടെ പരിണാമ ഗുപ്തി ഇങ്ങനെയൊക്കെയായിരുന്നു

മൂന്ന്
ഗംഗ അതായിരുന്നു അയാലുടെ മകളുടെ പേര്..വീടിന്റെ വരാന്തയുടെ നിറം മങ്ങിയ ചുമരില്‍ അതിലേറേ നിറം മങ്ങിയ ഒരു ഫോട്ടൊ ചൂണ്ടി അയാള്‍ പറഞ്ഞു ."ഇതാണു എന്റെ മകള്‍ ഗംഗ ..." പുഞ്ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അമ്പരന്നു പോയി ..ഞാന്‍ തെടികൊണ്ടിരിക്കുന്ന ഗംഗ.ഒന്നു രണ്ടു വര്‍ഷത്തെ
അന്വേഷണം ഇവിടെ തീരുകയാണ് .ജീവിതത്തിന്റെ കനല്‍ വഴികള്‍ ഒരുമിച്ചു താണ്ടാമെന്നു പറഞ്ഞ ഗംഗ .ഒരു ജന്മം മുഴുവന്‍ തനിക്കുവേണ്ടി കാത്തിരിക്കാമെന്നു പറഞ്ഞ ഗംഗ.ഓര്‍മകളുടെ അപഥസന്ചാരങ്ങളെ തടഞ്ഞു അയാളുടെ ചോദ്യമെത്തി .
' എന്താ അറിയുമോ "
" ഏയ് ഇല്ല " ഉറപ്പിച്ചു തന്നെ പറഞ്ഞു
കാറ്റിലാടുന്ന സൂര്യകാന്തിപ്പൂക്കള്‍ക്കരികിലൂടെ തിരിച്ചു നടക്കുമ്പോള്‍ ഗംഗയായിരുന്നു മനസ്സുനിറയെ .തീര്‍ത്തും യാദൃശ്ചികമായ ഒരു പരിചയപ്പെടല്‍.നല്ല സുഹൃത്തായി .യാത്ര ജീവിതത്തിന്റെ ദുഷ്കരമായ തെരുവിലെത്തിയപ്പോള്‍ ,എന്നെന്നേക്കുമായി ഒരു കൂട്ടിനു രണ്ടുപേര്‍ക്കും മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമായിരുന്നില്ല
.എന്നിട്ടും.ഇടയ്ക്കെപ്പോഴോ വഴി തെറ്റിപോയി .ഒന്നും പറയാതെ .പിടി തരാതെ 
ഇത്രയും കാലം അവള്‍ മറഞ്ഞിരുന്നത് എന്തിനായിരുന്നു ? സത്യത്തില്‍ എന്താണവള്‍ക്ക് സംഭവിച്ചത്

നാല്
പ്ലാറ്റ് ഫോര്‍മിന്റെ ഒരറ്റത്ത് ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എന്താണെന്നറിയാന്‍ ചെന്ന് നോക്കി .തിക്കിത്തിരക്കി നോക്കിയപ്പോള്‍ കണ്ടത് അയാളുടെ ചേതനയറ്റ ശരീരം .ഒരു ബെന്ച്ചിനു താഴെ കിടക്കുന്നു.വായില്‍ നിന്നു രക്തം വാര്‍ന്നതിന്റെ അടയാളം ...
പോലീസും ആംബുലന്‍സും മറ്റു ബഹളങ്ങളും അയാള്‍ക്കിവിടെ അടുത്ത ബന്ധുക്കളാരെങ്കിലും
ഉണ്ടാവാനിടയില്ല ...പരിചയക്കാര്‍ കാണുമായിരിക്കും ..അയാളുടെ മകള്‍ വിവരം അറിഞ്ഞു കാണുമോ..? ആരൊക്കെയോ ചേര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി .പുറകെ പോലിസ് ജീപ്പും കടന്നു പോയി . ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നോ..അതോ മറ്റൊരു കഥ കേള്‍ക്കുകയായിരുന്നോ
.ജീവിതത്തില്‍ ഇന്നേവരെ സംഭവിച്ചതെല്ലാം യാദൃശ്ചികതകളായിരുന്നു .'യാത്ര ' യാണ് ജീവിതം എന്നു പറഞ്ഞത് ആരാണ് .? എനിക്കത് സത്യമായി തീരുകയാണ് .യാത്രക്കാരന്റെ സ്വപനങ്ങളും കൌതുകങ്ങളും തീരുന്നില്ല .വഴിയമ്പലത്തില്‍ കണ്ടുമുട്ടുന്നവരും സ്വന്തം വഴിയില്‍ ഇറങ്ങിപോകുന്നവരും ..ജീവിതത്തില്‍ പിന്നീടൊരിക്കലും കണ്ടുമുട്ടാത്ത സഹയാത്രികയും ...എങ്കിലും യാത്ര തുടരുന്നു ....തീരാത്ത ജീവിതയാത്ര
അയാളുടെ ശവമടക്ക് കഴിഞ്ഞിരിക്കുമോ .ചിലപ്പോള്‍ ഗ്രാമം മുഴുവന്‍ കണ്ണീര്‍ പൊഴിച്ച് ചിതക്ക്‌ ചുറ്റും നിരന്നിരിക്കും .ഗംഗ എത്തിക്കാണുമോ .
റെയില്‍വേ സ്റ്റേ ഷന്‍റെ പരിസരം ഇപ്പോള്‍ വിജനമാണ് .ഒരു വണ്ടി കൂടിയേ ഇന്നിനി വരാനുള്ളൂ.
നേരം തെറ്റി പെയ്യുന്ന നേര്‍ത്ത മഴ .ചില്ലുജാലകതിനപ്പുറത്തെ മങ്ങിയ കാഴ്ചകള്‍ ഇപ്പോള്‍ വിരസമാണ് .
ഒടുവിലത്തെ വണ്ടി വന്നു നിന്നു -ചൂളം വിളിച്ചു കടന്നു പോയപ്പോള്‍ ആരോ പാളത്തിലൂടെ മഴ നനഞ്ഞു .പോകുന്ന പോലെ തോന്നി.ചിത്രം വ്യക്തമല്ല..എന്തോ ഒരു കൌതുകം തോന്നിയതിനാല്‍ പുറകെ ചെന്നു.അല്‍പ്പം അടുത്തെത്തിയപ്പോള്‍ അതൊരു സ്ത്രീയാണെന്നു ബോധ്യമായി .സാരിത്തലപ്പുകൊണ്ട് തല മൂടിയിരിക്കുന്നു ." ഏയ് നില്‍ക്കൂ "..എന്നു പറഞ്ഞപോള്‍ അവര്‍ തിരിഞ്ഞുനോക്കി ..അരണ്ട വെളിച്ചത്തിലും എനിക്കു ആ മുഖം വായിക്കാനായി ...ഗംഗ !..ഏതാനും നിമിഷങ്ങള്‍ പരസ്പരം നോക്കി നിന്നുപോയി എന്തോ ചോദിക്കാനവള്‍ തുനിഞ്ഞു .ഞാനത് വിലക്കി ..അവളെ ചേര്‍ത്തു പിടിച്ചു പാളങ്ങളിലൂടെ പതുക്കെ നടന്നു ..ഒരിക്കലും കൂട്ടിമുട്ടാനിടയില്ലാത്ത, സമാന്തരരേഖകള്‍ പോലെ നീണ്ടു പോകുന്ന പാളങ്ങളിലൂടെ .

No comments:

Post a Comment