മുല്ലപ്പൂക്കളുടെയും വിയര്‍പ്പിന്റെയും വാടിയ മണം കുമിയുന്ന നോട്ടുകളിലേക്കു നോക്കി നില്‍ക്കെ പിഞ്ചു കണ്ണുകളില്‍ കൌതുകം കൂട് കൂട്ടി .
നിസ്സഹായത സ്ഫുരിക്കുന്ന കണ്ണുകള്‍ കാലുകള്‍ തളര്‍ന്നു കിടക്കുന്ന അച്ഛന്റെതാണെന്ന് കൌതുക നയനങ്ങള്‍ കണ്ടു പിടിച്ചു
കൌതുകം നിസ്സഹായതയുമായി കൊമ്പ് കോര്‍ത്തു .
" എന്തിനാ അച്ഛാ എല്ലാവരും വന്നു അമ്മയുടെ കൂടെ മുറിയില്‍ അടച്ചിരിക്കുന്നെ? "
നിസ്സഹായത നേര്‍ത്തൊരു ഞെട്ടലോടെ കൌതുക നയനങ്ങളിലേക്ക് നോക്കി .
" അമ്മ ഒരു ദേവിയാണ് മോളേ .. ആഗ്രഹങ്ങളെല്ലാം നിറവേറ്റുന്ന അഭീഷ്ട വരദായിനി "
മങ്ങി കത്തുന്ന മണ്ണെണ്ണ വിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കണ്ണടക്കാന്‍ ഒരുങ്ങി
കൌതുകം ഇരുണ്ടു വരുന്ന നേര്‍ത്ത ഇരുട്ടിലേക്ക് നോക്കി . " അപ്പൊ വരുന്നവരെല്ലാം അമ്മക്ക് പൈസ കൊടുക്കുന്നതോ? "
പുറത്തു മഴ ആര്‍ത്തലച്ചു പെയ്തു . ഓല മേഞ്ഞ വീടിനുള്ളിലേക്ക് കണ്ണീര്‍ കണങ്ങള്‍ പോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.
" നമ്മള്‍ അമ്പലത്തില്‍ പോകുമ്പോള്‍ ഭാണ്ടാരത്തില്‍ പൈസ ഇടാറില്ലേ ? അത് പോലെയാ മോളേ .. "
നേര്‍ത്തൊരു വിതുമ്പലോടെ വെളിച്ചം കണ്ണടച്ചു കളഞ്ഞു .
പിഞ്ചു കണ്ണുകളില്‍ പിന്നെയും സംശയത്തിന്റെ തിരമാലകള്‍ ഇരമ്പി .
" അപ്പൊ വലുതാകുമ്പോ ഞാനും അമ്മയെപ്പോലെ ദേവിയാവോ അച്ഛാ? "
നിസ്സഹായമായ കണ്ണുകളില്‍ നടുക്കവും ദൈന്യതയും മിന്നി മറഞ്ഞു . കണ്ണില്‍ ഉരുണ്ടു കൂടിയ തുലാവര്‍ഷം ഇരുളില്‍ അലിഞ്ഞു ഇല്ലാതെയായി
ഇനി സംശയം തല പൊക്കാത്തവണ്ണം കൌതുകത്തെ നിസ്സഹായത നെഞ്ചോടു ചേര്‍ത്ത് പിടിച്ചു .
ഇടി മുഴക്കത്തോട് കൂടി മഴ ആര്‍ത്തലച്ചു പെയ്തു . ഇരുളില്‍ പ്രാവിന്റെ കുറുകല്‍ പോലെ വിതുമ്പലുകള്‍ ഇടറി വീണു ....
നിസ്സഹായന്റെ വിതുമ്പലാണോ ?
ReplyDeleteഒരു ഭാര്ത്താവിന്റെ ,ഒരു പിതാവിന്റെ നിസഹായവസ്ഥ ..!
ReplyDelete