Sunday, December 25, 2011

ശിശുദിനങ്ങള്‍ ????!!!!!!!!!!

ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നമസ്കാരം 
                                                              പ്രിയപ്പെട്ട കൂട്ടുകാരെ , ആഹ്ലാദം അലതല്ലുന്ന മനസ്സുമായി ഈ കലോല്‍സവ വേദിയില്‍ ഒത്തു ചേരുമ്പോഴും കുട്ടികള്‍ ലോകമാകെ പീഡിപ്പിക്കപ്പെടുകയാണ്.നമ്മുടെ സങ്കടങ്ങളും അവകാശങ്ങളും ഉറക്കെ വിളിച്ചു പറയേണ്ടിയിരിക്കുന്നു .എത്രയെത്ര ശിശുദിനങ്ങള്‍ , എണ്ണമറ്റനിയമങ്ങള്‍ ,പഠനങ്ങള്‍  , ചര്‍ച്ചകള്‍ !എന്ത് പ്രയോജനം.കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. 

                                                            നമുക്കൊപ്പം തുള്ളിച്ചാടി നടക്കെണ്ടവര്‍ , അക്ഷരങ്ങള്‍ പഠിക്കേണ്ടവര്‍, കീറിപ്പറിഞ്ഞ ഉടുപ്പുമായി ഭിക്ഷ യാചിക്കുന്നു .വിശന്നു പൊരിയുന്ന വയറുമായിഖനികളില്‍ , തീപ്പെട്ടിക്കമ്പനികളില്‍ വയലേലകളില്‍ പണിയെടുക്കുന്നു.കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടോ , മരണവുമായി മല്ലടിക്കുന്ന ഒരു കുഞ്ഞുകുട്ടിയെ തിന്നാന്‍ കൊതിയോടെ കാവലിരിക്കുന്ന ഒരു കഴുകന്‍റെ ചിത്രം .കുട്ടികള്‍ നിത്യവും മരിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള ഒരു ചിത്രമായിരുന്നു അത്.ഞങ്ങള്‍ ചോദിക്കുന്നു എന്നാണ് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് നല്ല ഉടുപ്പുകളും വയര്‍ നിറയെ കഴിക്കാനുള്ള ഭക്ഷണവും പഠിക്കാനുള്ള സൗകര്യവും ഉണ്ടാകുക? 

                                                          പട്ടിണി സഹിക്കാതെ ഇരുപതു രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരുടെ നാടായി നമ്മുടെ ഭാരതവും മാറിയില്ലേ ? കൊടിയ ദാരിദ്ര്യമല്ലേ ആയിരം ആണ്‍കുട്ടികള്‍ക്ക് 900.പെണ്‍കുട്ടികള്‍ എന്ന നാണം കേട്ട അവസ്ഥ നമ്മുടെ രാജ്യത്തുണ്ടാക്കിയത്?.ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടാന്‍ പെണ്‍കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണു ചെയ്തത്? മനുഷ്യവംശത്തിനു വേണ്ടിമുലയൂട്ടുന്നതോ.ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്ക് നല്‍കാത്തത്‌ കാടത്തമല്ലേ ? മദ്യപിച്ചു ബഹളമുണ്ടാക്കുകയും അമ്മമാരെ തല്ലുകയും ചെയ്യുന്ന അച്ഛന്‍മാരെന്താ വീട്ടുപണിയെടുക്കാത്തത് ?സ്ത്രീധനത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും കണക്കില്‍ എത്ര സ്ത്രീജീവിതങ്ങളാണു  പൊലിഞ്ഞുപോകുന്നത് .എന്നാണ് ഈ അടിമത്തം അവസാനിക്കുന്നത്?
 
                                                         നമ്മുടെ  കേരളത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പല്ലേ 'അ' എന്ന അക്ഷരം എഴുതാന്‍ കഴിയാത്തതിന് ഒരു മൂന്നര വയസ്സുകാരനെ അച്ഛന്‍ ബെല്‍റ്റു കൊണ്ട്അടിച്ചു മുറിവേല്‍പ്പിച്ചത്.സ്കൂളുകളിലും വീടുകളിലും മുതിര്‍ന്നവരുടെ തല്ലും ശകാരവും ഏറ്റുവാങ്ങിയും ഇരുമ്പു കമ്പി പഴുപ്പിച്ചുവെച്ചതിന്‍റെ വേദനയേറ്റും എത്രകുട്ടികളാണ് നീറിനീറികരയുന്നത്,അമ്മമലയാളത്തില്‍ പഠിക്കാനും അന്വേഷിച്ചറിയാനും കഥകളിലൂടെയും കളികളിലൂടെയും കാര്യങ്ങള്‍ ഗ്രഹിക്കാനും കഴിയാതെ എത്ര കൂട്ടുകാരാണ് അണ്‍-ഏയ്‌ഡഡ സ്കൂളുകളില്‍ ശ്വാസം മുട്ടുന്നത്.രക്ഷിതാക്കളുടെ അതിമോഹത്തിനും ഗമയ്ക്കും ഞങ്ങള്‍ കുട്ടികളെ ഇങ്ങനെ ബാലിയാടാക്കണോ . 

ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ,കേള്‍ക്കുന്ന കഥകള്‍  ഞങ്ങള്‍ കുട്ടികളെ ഭയപ്പെടുത്തുന്നു.ചെറിയ കുഞ്ഞുങ്ങളെപ്പോലും മുതിര്‍ന്നവര്‍ അവരുടെ ചീത്ത മോഹങ്ങള്‍ക്ക് ഇരയാക്കുകയല്ലേ .പിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പിശാചിന്‍റെ നാടായി കേരളം മാറിയിരിക്കുന്നു .സ്നേഹത്തിന്‍റെ പുലിത്തോലണിഞ്ഞ വാല്‍സല്യങ്ങളും വിഷ മിഠായികളും  എങ്ങനെയാണ് ഞങ്ങള്‍ തിരിച്ചറിയുക? പറയൂ ആരാണ് ഞങ്ങളുടെ രക്ഷകര്‍? 

                                                         ഓര്‍മയില്ലേ , ഒറ്റക്കയ്യന്‍  കാട്ടാളന്‍ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടുകൊന്ന ഷോര്‍ണൂരിലെ സൗമ്യചേച്ചിയെ?. കാണുന്നില്ലേ പെണ്‍കുട്ടികളുടെ നിലവിളികളിലും തേങ്ങലുകളിലും കൊച്ചുകേരളം വിറകൊള്ളുന്നത്?.നിങ്ങളെ കണ്ടു പടിച്ചല്ലേ പാവം അഞ്ചാം ക്ലാസുകാരന്‍ ഞങ്ങളുടെ അംഗന്‍വാടി കൂട്ടുകാരിയെ കുളത്തിലേക്ക് തള്ളിയിട്ടു കൊന്നത്?.കുരുന്നിലെ ഞങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നതാരാണ്.?ഒരു പൂവിതള്‍ പോലെ സൗരഭ്യമുള്ള ഞങ്ങളുടെ ബാല്യത്തെ പിച്ചിച്ചീന്താന്‍ മനോരോഗികളെ നിങ്ങള്‍ക്കാരാണ് അനുവാദം നല്‍കിയത്‌?. 

                                                           ചെറിയ ശതമാനം മാത്രം വരുന്ന കുറ്റവാളികളെ ചെറുക്കാന്‍ എന്താണ് അസമത്വങ്ങള്‍ക്കെതിരെ പോരാടിയ നമ്മുടെ നാടിനാവാത്തത്.ബ്രിട്ടീഷ്‌ ഭരണത്തിനെതിരായും അനാചാരങ്ങള്‍ക്കെതിരായും പൊരുതിജയിച്ച നാടല്ലേ നമ്മുടേത് .ഭൂമിയില്‍ പണിയെടുക്കുന്നവന് അവകാശം നല്‍കിയും പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കിയും ലോകത്തിനു മാതൃകയായ പാരമ്പര്യമല്ലേ കേരളത്തിന്‍റെത്.മഹാത്മജിയും ചാച്ചാജിയും ഇ എം എസും  എ കെ ജിയും കെ കേളപ്പനും കൊളുത്തിവെച്ച സ്നേഹവിളക്കുകള്‍ അണയുകയാണോ? 

                      ഇല്ല അതിനനുവദിച്ചുകൂടാ, നാടിന്‍റെ നന്മകള്‍ക്കായി നമ്മള്‍ ഒത്തുചേരേണ്ടിയിരിക്കുന്നു ." അവനവന്‍  ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം " എന്ന കവിവാക്യം ജീവിതമുദ്രാവാക്യമായി നമുക്ക് ഏറ്റെടുക്കണം.കണ്ണീര്‍ ചാനലുകളും തുണിയില്ലാനൃത്തങ്ങളും , കടം വാങ്ങി നിറയ്ക്കുന്ന ആഡംബരവസ്തുക്കളും  മദ്യവും മയക്കുമരുന്നുമല്ല ജീവിതമെന്ന് നമുക്ക്‌ തിരിച്ചറിയാനാകണം.ചുറ്റുപാടുകളെ വിശകലനം ചെയ്ത് പഠിക്കാനും  കുറ്റവാളികളെ തിരിച്ചറിയാനും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും നാം പഠിക്കണം.പരസ്പരം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ സ്നേഹബന്ധങ്ങളിലൂടെ ഒരു പുതു ലോകം പണിയാന്‍ നമുക്കാവണം. 

സ്നേഹ നിധികളായ ഗുരുനാഥന്മാരും രക്ഷിതാക്കളും മറ്റു പ്രിയപ്പെട്ടവരും വഴിവിളക്കുകളുമായി പ്രകാശം ചൊരുത്തുമ്പോള്‍ ഇടറിവീഴാതെ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.   


നവോദയ കേന്ദ്രകമ്മറ്റി അംഗം സ.രഘുനാഥ് ഷോര്‍ണൂരിന്‍റെ മകള്‍ കുമാരി നവീനയ്ക്ക്‌ ഉപജില്ല കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിക്കൊടുത്ത പ്രസംഗം.കൂടാതെ നാടോടിനൃത്തത്തിലും മോണോആക്ടിലും എ ഗ്രേഡ് നേടി..ഒപ്പം യുറീക്ക വിജ്ഞാന പരീക്ഷയില്‍ രണ്ടാം സ്ഥാനവും സാമുഹ്യശാസ്ത്രം ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലെ പ്രശ്നോത്തരികളില്‍ ഒന്നാം സ്ഥാനവും ഈ മിടുക്കി സ്വന്തമാക്കി...

No comments:

Post a Comment