മദ്യകേരളം by ravidran kavil
മദ്യകേരളം ഇനി മലപ്പുറമാണ്.എന്തും ഏതും ആഘോഷമാക്കുന്ന കേരളീയ ജനത ,മദ്യവില്‍പ്പനയില്‍ കേരളം പഞ്ചാബിനെ കടത്തി വെട്ടിയിരിക്കുന്നു. നല്ല പുരോഗമനം!!!
ഈ പുരോഗമനവും മദ്യത്തിലൂടെ തന്നെ കേരളം ആഘോഷിക്കുന്നു . കേരളത്തിന്റെ ഇപ്പോഴത്തെ പുരോഗതി നമ്മുടെ ഒരു മന്ത്രി പറഞ്ഞപോലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെട്ടുകളില്‍ ഇപ്പോള്‍ കാണുന്ന തിരക്ക് പോലും നമ്മുടെ ഭരണത്തിന്‍റെ നേട്ടങ്ങളുടെ ഭാഗമാണത്രേ .
ഇക്കുറി ഞാന്‍ ഓണം ആഘോഷിക്കാന്‍ നാട്ടിലുണ്ടായിരുന്നു .പതിവിനു വിപരീതമായി ഇത്തവണ ഓണത്തിന് എന്റെ നാട്ടിലെ കുറെ ആളുകളെ സംഘടിപ്പിച്ചു ,പ്രത്യേകിച്ച് കുട്ടികളെ ചേര്‍ത്ത് ഒരു കലാപരിപാടി ആസൂത്രണം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി.ഇതിനു വേണ്ടി കുറച്ചു പേരെ ചെന്ന് കണ്ടപ്പോളാണ് നാട്ടിലെ സ്ഥിതിഗതികള്‍ ഒരു വിധം മനസ്സിലായത് .ചെന്ന് കണ്ടവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ഓണാഘോഷം എങ്ങനെ "ആഘോഷി"ക്കണമെന്നു നേരത്തെ നിശ്ചയിച്ചിരിക്കുന്നു.മറ്റൊന്നുമല്ല മദ്യം തന്നെ അവിടെയും ...
നാട്ടില്‍ രണ്ടു വിഭാഗത്തിലുള്ള ചെറുപ്പക്കാരെ കാണാന്‍ കഴിഞ്ഞു ..ഒരു കൂട്ടര്‍ സമൂഹത്തെ പറ്റി ഒന്നും ചിന്തിക്കാത്തവര്‍ .തങ്ങളുടെ ഒഴിവു സമയങ്ങള്‍ എങ്ങനെ മദ്യത്തില്‍ ചെലവിടാനാകുമെന്നു ചിന്തിച്ചു നടക്കുന്നവര്‍ .മറ്റൊരു കൂട്ടര്‍ ഒന്നിനും താല്പര്യം കാണിക്കാത്തവര്‍ .ഏറെ പരിശ്രമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാനായില്ല എന്നാലും ഓണദിവസം ജനങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന ഒരു ഊഹം കിട്ടി .തിരുവോണനാളില്‍ അധികമാരെയും നിരത്തുകളില്‍ കണ്ടില്ല.എല്ലാവരും അവരവരുടെ വീടുകളില്‍ വിഡ്ഢിപ്പെട്ടിയുടെ മുന്‍പില്‍ പണ്ട് കാലങ്ങളില്‍ എങ്ങനെയാണ് ഓണം ആഘോഷിച്ചിരുന്നതെന്നു കാട്ടിത്തരുന്ന പരിപാടികള്‍ കണ്ടുകൊണ്ട് ചടഞ്ഞിരുന്നു.തിരുവോണത്തിന് മുന്‍പ് കൂടുതല്‍ കണ്ട തിരക്ക് വസ്ത്രശാലകളിലും പച്ചക്കറി ചന്തയിലും പിന്നെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും
ഓണവും ഓണത്തോടനുബന്ധിച്ചുള്ള കളികളും പരിപാടികളും കേരളത്തില്‍ ഓരോരുത്തരും ഗര്‍വ്വോടെ ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അത് കാണാന്‍ ഓരോ വര്‍ഷവും മഹാബലി കേരളം സന്ദര്‍ശിച്ചിരുന്നു ഇത് ഐതിഹ്യം ..അധികം താമസിയാതെ മാവേലി കേരളം വിട്ടു മലയാളികള്‍ താമസിക്കുന്ന മറ്റുസ്ഥലങ്ങളിലേക്ക് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലേക്ക് ചെല്ലേണ്ടിവരും ,മലയാളികള്‍ ഓണം ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് കാണാന്‍ .
No comments:
Post a Comment