Wednesday, September 8, 2010

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും

RAGHUNATH SHORNOOR

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ കിരാത ഭരണത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകപങ്കാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിര്‍വഹിച്ചത്. ബ്രിട്ടീഷ്‌ അടിച്ചമര്‍ത്തലുകള്‍ ക്കെതിരെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും കോണ്‍ഗ്രസ്‌ രൂപീകരണത്തിനും മുന്‍പേ തന്നെ രൂപപ്പെട്ട കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും യഥാര്‍ത്ഥ തുടര്‍ച്ചയായിരുന്നു കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ രൂപീകരണം .സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം പ്രകമ്പനം കൊള്ളുന്ന  സായുധ ചെറുത്തുനില്‍പ്പുകളുടെയും തൊഴിലാളികര്‍ഷക ബഹുജനസമരങ്ങളുടെയും ആശയധാരയും നേതൃത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു .
ആദ്യകാല സമരങ്ങള്‍ 
1600 ആഗസ്റ്റ്‌ 24-തീയതി കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഭരണാധികാരികളായി മാറുകയായിരുന്നു .1757 ല്‍ റോബര്‍ട്ട്‌ ക്ലൈവിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലിഷ് സേന പ്ലാസി യുദ്ധത്തില്‍ വെച്ച് ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലിഷ് വെട്ടിപ്പിടുത്തങ്ങള്‍ക്ക് തുടക്കമായി.ഇന്ത്യന്‍ കാര്‍ഷികവാണിജ്യ മേഖലകളെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധവും കലാപങ്ങളുമായി കൃഷിക്കാരും ഗിരിവര്‍ഗ്ഗക്കാരും തുടക്കത്തില്‍ തന്നെ രംഗത്ത് വന്നു .1793 ലെ സ്ഥിരം സെറ്റില്‍മെന്‍റ് നിയമം പ്രതിഷേധങ്ങളെ ആളിക്കത്തിച്ചു.ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ വ്യാപനം ഉന്നതവിഭാഗങ്ങളില്‍ ദേശീയ ബോധം വളര്‍ത്തി.ചെറുതും വലുതുമായ സമരങ്ങള്‍ക്ക് സംഘടിതരൂപമാര്‍ജ്ജിക്കുകയും കൃഷിക്കാരുടെയും ബ്രിട്ടീഷ്‌ സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെയും നേതൃത്വത്തില്‍ 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുകയും ചെയ്തു .
                            സ്വാതന്ത്ര്യ സമരം നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെടുകയും വിക്ടോറിയ രാജ്ഞി ഇന്ത്യന്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തെങ്കിലും ഇന്ത്യയിലാകെ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രതിഷേധം ശക്തമായി.  രാജ്യത്താകെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും രഹസ്യ സംഘടനകള്‍ രൂപപ്പെട്ടു.തൊഴിലാളികളും കൃഷിക്കാരും ബുദ്ധിജീവികളും എഴുത്തുകാരും ബ്രിട്ടീഷ്‌ വിരുദ്ധരായ ചില മുതലാളിമാരും നാടുവാഴികളും ഈ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരായി .1879 -ല്‍ വാസുദേവ ബാലവന്ത് ഫട്കെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ കലാപം നടന്നു .ഇന്ത്യയിലുടനീളം തൊഴിലാളികളുടെയും കൃഷിക്കാരുടെയും നേതൃത്വത്തില്‍ കലാപങ്ങള്‍ രൂപപ്പെട്ടു.
കോണ്‍ഗ്രസ്‌ രൂപീകരണം ..
ഇന്ത്യയിലാകെ കര്‍ഷകസമരങ്ങളും വിപ്ലവ ഗ്രൂപ്പുകളുടെ വ്യാപനവും പടര്‍ന്നു പിടിക്കുന്നതിനിടയിലാണ് 1885 ല്‍ ആധുനിക വിദ്യഭ്യാസം നേടിയ ബുദ്ധിജീവികളെ സംഘടിപ്പിച്ചു 'ഇത്വാറിലെ' കളക്ടറായിരുന്ന എ ഒ ഹ്യൂമിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപീകൃതമാകുന്നത് .അലയടിച്ചുയരുന്ന പ്രതിഷേധകൊടുങ്കാറ്റിനെ തടയിടുകയായിരുന്നു കോണ്‍ഗ്രസ്‌ രൂപീകരണത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യമിട്ടത്.ഭരണപരിഷ്കരണങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും പൊതുആവശ്യങ്ങള്‍ക്കായി പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും മാത്രം ചെയ്തിരുന്ന കോണ്‍ഗ്രസില്‍ മിത-തീവ്രവാദി ഏറ്റുമുട്ടലുകള്‍ ശക്തമാകുകയും കോണ്‍ഗ്രസ്‌ ഘട്ടം ഘട്ടമായി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്‍റെ നേതൃനിരയിലേക്ക് കടന്നു വരുകയും ചെയ്തു.
ബംഗാള്‍ വിഭജനവും ഒന്നാം ലോകമഹായുദ്ധവും ..
        
           സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായ ബംഗാളിനെ വിഭജിക്കാന്‍ 1905 ല്‍ കഴ്സന്‍ പ്രഭു ഉത്തരവിട്ടു .ബംഗാള്‍ വിഭജനത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധയോഗങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു .കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്ത സ്വദേശി പ്രക്ഷോഭം ദേശീയ തലത്തില്‍ ആളിക്കത്തി .സമരക്കാര്‍ 1907 ഒക്ടോബറില്‍ ബംഗാളില്‍ വൈസ്രോയി സഞ്ചരിച്ച തീവണ്ടിയില്‍ ബോംബിട്ടു .ഡിസംബര്‍ 23 നു ജില്ല മജിസ്‌ട്രേട്ട്‌ ' എല്ലാനു ' നേരെ പ്രക്ഷോഭ കാരികള്‍ വെടിയുണ്ടയുതിര്‍ത്തു .പ്രഫുല്ല ചാകിയുടെയും ഖുദിറാം ബോസിന്‍റെയുംനേതൃത്വത്തില്‍ മുന്‍ ജില്ല മജിസ്ട്രേട്ട് ആയിരുന്ന കിങ്ങ്സ്‌ ഫോര്‍ഡ്‌ സഞ്ചരിച്ചിരുന്ന വണ്ടിയില്‍ ബോംബിട്ടു .പ്രഫുല്ല പാകി പോലീസിനു പിടി കൊടുക്കാതെ സ്വയം വെടിവെച്ചു മരിച്ചു .ഖുദിറാം ബോസിനെ ബ്രിട്ടീഷ്‌ സൈന്യം തൂക്കിക്കൊന്നു.1908 ല്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരില്‍ തിലകനെ അറസ്റ്റു ചെയ്തു.ഇതില്‍ പ്രതിഷേധിച്ച് ബോംബയിലെ തൊഴിലാളികള്‍ നടത്തിയ ഹര്‍ത്താലിനു നേരെ വെടിവെപ്പുണ്ടാകുകയും 15 പേര്‍ മരിക്കുകയും ചെയ്തു .ബോംബയിലെ ഹര്‍ത്താലിനെ ഇന്ത്യന്‍ തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്നും സംഘട്ടനങ്ങളെ വിപ്ലവപരമായ സംഘട്ടനങ്ങളെന്നും ലെനിന്‍ വിശേഷിപ്പിച്ചു. 
വിപ്ലവസംഘങ്ങള്‍ 
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാലഘട്ടം മുതല്‍ തന്നെ ബ്രിട്ടീഷ്‌ നിഷ്ടൂരതകള്‍ക്കെതിരെ സായുധ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു .സാഹസികരായ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ 20 -o നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരം ഗ്രൂപ്പുകള്‍ സംഘടനാരൂപം കൈവരിച്ചു.ബംഗാള്‍ വിഭജനത്തിനെതിരായ സമരങ്ങളും ഒന്നാം ലോകമഹായുദ്ധവും കോണ്‍ഗ്രസിലെ മിതവാദി നേതൃത്വത്തിന്‍റെ ഒത്തു തീര്‍പ്പു സമീപനങ്ങളും വിപ്ലവപാതയിലേക്ക് യുവാക്കളെയും വിദ്യാര്‍ഥികളെയും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരാക്കി.1902 -ല്‍ രൂപീകൃതമായ അനുശീലന്‍ സമിതി ബ്രിട്ടീഷ്‌ കാര്‍ക്കെതിരെ  സായുധകലാപ ശ്രമം നടത്തി .1913 ല്‍ വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയും ഇന്ത്യയിലേക്ക്‌ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്തു .1914 ല്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചിരുന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ ഇന്ത്യയിലേക്ക്‌ മടങ്ങുകയും ദേശീയ സേനയില്‍ ചേര്‍ന്ന് കലാപസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്തു.റാഷ് ബിഹാരി ബോസ്, സചീന്ദ്ര നാഥ് സന്യാല്‍, കര്‍താര്‍ സിംഗ് ,ജഗത് സിംഗ്  തുടങ്ങിയ കലാപ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ സിംഗപ്പൂര്‍ വരെ കലാപം പടര്‍ന്നു പിടിച്ചു.1915 ഫെബ്രുവരി 21  നു വടക്കേ ഇന്ത്യയിലാകെ കലാപം നടത്താനും .കല്‍ക്കത്തയിലെ  ഫോര്‍ട്ട്‌ വില്യം കോട്ട പിടിച്ചെടുക്കാനും  പരിപാടിയിട്ടു.രഹസ്യം പുറത്തായതിനെ തുടര്‍ന്ന് കര്‍താര്‍ സിംഗ് അടക്കം 24 പേരെ തൂക്കി കൊല്ലുകയും  ബാക്കിയുള്ളവരെ നാട് കടത്തുകയും ചെയ്തു.സിംഗപ്പൂരില്‍ നടന്ന പട്ടാള കലാപത്തെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം റഷ്യന്‍ ജപ്പാന്‍ സേനകളുടെ സഹായത്തോടെ അടിച്ചമര്‍ത്തി .ഇതേ കാലയളവില്‍ ലാലാ ഹര്‍ഭയ്യാലിന്‍റെയും ബര്‍ക്കത്തുള്ളയുടെയും നേതൃത്വത്തില്‍ വിപ്ലവകാരികള്‍ കാബൂളില്‍ താല്‍ക്കാലിക ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചു .
കമ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരണം .
സാര്‍വദേശീയ തലത്തില്‍ നടന്നിരുന്ന സാമ്രാജ്യത്വ -മുതലാളിത്തവിരുദ്ധ തൊഴിലാളി സമരങ്ങള്‍ തുടക്കം മുതലേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ ആവേശം കൊള്ളിച്ചിരുന്നു.വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരുടെ സ്വാധീനവും വാര്‍ത്താവിനിമയ  സംവിധാനങ്ങളുടെ വളര്‍ച്ചയും ഇംഗ്ലീഷ് വിദ്യാഭാസത്തിന്‍റെ വ്യാപനവും പുരോഗമന  ആശയങ്ങളെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു .റഷ്യന്‍ വിപ്ലവ വിജയത്തിന് മുന്‍പ് തന്നെ വിവേകാനന്ദന്‍റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും സോഷ്യലിസത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.ലാലാ ഹര്‍ദയാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും 1912  ല്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളും സോഷ്യലിസ്റ്റു വ്യവസ്ഥയും ഇന്ത്യാക്കാര്‍ക്ക് പരിചയപ്പെടുത്തി .ഒക്ടോബര്‍ വിപ്ലവത്തിന്‍റെ വിജയത്തെ തുടര്‍ന്ന് ഗദ്ദര്‍ വിപ്ലവകാരികള്‍ അടക്കമുള്ള ഒട്ടേറെ പോരാട്ടസംഘങ്ങളുടെ നേതാക്കള്‍ റഷ്യയില്‍ പോയി ലെനിനെ കാണുകയും കമ്യൂണിസ്റ്റ്‌ തത്വങ്ങളെ സ്വാംശീകരിക്കുകയും ചെയ്തു.
                                സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നേരെ ബ്രിട്ടീഷ്‌ പട്ടാളം അഴിച്ചുവിട്ട ക്രൂരമായ ആക്രമനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അഫ്ഗാനിലേക്ക് പലായനം ചെയ്ത മുഹാജിറുകളില്‍ മുപ്പതുപേര്‍ താഷ്കെന്റിലേക്ക്  പോകുകയും മാര്‍ക്സിസം പഠിക്കാനുള്ള യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളായി ചേരുകയും ചെയ്തു .ഇതേ കാലയളവില്‍ മോസ്കോവില്‍ വെച്ച് നടന്ന കമ്യൂണിസ്റ്റ്‌ ഇന്‍റര്‍നാഷനലിന്‍റെ രണ്ടാം കോണ്‍ഗ്രസില്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രതിനിധിയായി എം എന്‍ റോയ്‌ പങ്കെടുത്തു .തുടര്‍ന്ന് മുഹജിറുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ചേര്‍ത്ത് എം എന്‍ റോയിയുടെ നേതൃത്വത്തില്‍ 1920 ഒക്ടോബര്‍ 17 നു താഷ്കെന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി .സമ്മേളനം പി ഷഫീക്കിനെ പാര്‍ട്ടി സെക്രട്ടറി ആയി തെരഞ്ഞെടുത്തു .
                                                   .ഇതേ കാലയളവില്‍ തന്നെ തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്‌,ലാഹോര്‍,ബനാറസ്‌ തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. റൗലറ്റു ആക്റ്റ്‌,ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല ,മുതലാളിത്ത ചൂഷണം തുടങ്ങിയവക്കെതിരെ സോഷ്യലിസ്റ്റ്‌ ആശയഗതി ഉള്‍ക്കൊണ്ട  വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജനസമരങ്ങളായിരുന്നു ഇതിനടിസ്ഥാനം.1919 അവസാനത്തിലും 1920 ആരംഭത്തിലുമായി നടന്ന ഈ സമരങ്ങളില്‍ കാന്‍പൂരില്‍ 17000 മില്‍ തൊഴിലാളികളും ജബല്‍ പൂരില്‍ 16000 റെയില്‍വെ തൊഴിലാളികളും കല്‍ക്കത്തയില്‍ 35000 ചണതൊഴിലാളികളും ബോംബയില്‍ 2 ലക്ഷം തൊഴിലാളികളും  ഷോലാപ്പൂരില്‍ 16000  തുണിമില്‍ തൊഴിലാളികളും 20000 പണ്ടിക തൊഴിലാളികളും ടാറ്റാ ഉരുക്ക് ഫാക്ടറിയിലെ 40000 തൊഴിലാളികളും മദ്രാസില്‍ 17000 തൊഴിലാളികളും അഹമ്മദാബാദില്‍ 25000  തുണിമില്‍ തൊഴിലാളികളും പണിമുടക്കില്‍ ഏര്‍പ്പെട്ടു ..
                       പൂര്‍ണ്ണ സ്വാതന്ത്ര്യം,സമൂലമായ സാമ്പത്തിക സാമൂഹ്യ പരിഷ്കാരങ്ങള്‍ തുടങ്ങിയവയാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നു ആദ്യ സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടു.പെഷവാര്‍ ഗൂഡാലോചന കേസിനെ തുടര്‍ന്ന് താഷ്കെന്റില്‍ രൂപീകൃതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തകരുകയും 1925 ല്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കാന്‍പൂരില്‍ ഒത്തു ചേര്‍ന്ന്  ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പുന:സംഘടിപ്പിക്കുകയും ചെയ്തു .
പെഷവാര്‍ -കോണ്‍പൂര്‍ മീററ്റ് ഗൂഡാലോചന കേസുകള്‍ 
                          ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ത്യാഗോജ്ജ്വലമായ പങ്കിനെ അടയാളപ്പെടുത്തുന്നതാണ് മേല്‍ സൂചിപിച്ച കേസുകള്‍ .ഒക്ടോബര്‍  സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ തുടര്‍ന്ന് ലോകത്താകെ അലയടിച്ചുയര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഭയാശങ്കയിലാക്കി.ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഒത്തു തീര്‍പ്പു സമരങ്ങളെ അതിലംഘിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഉശിരന്‍ പണിമുടക്ക്‌ സമരങ്ങള്‍ ദേശീയവിപ്ലവമായി പരിണമിക്കുകയാണോ എന്നു ആശങ്കപ്പെട്ടു.കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുളയിലെ തന്നെ നുള്ളാന്‍ ബ്രിട്ടീഷ്‌ പാര്‍ലിമെന്‍റ് വരെ നീണ്ട ഗൂഡാലോചനയുടെ പരിണിതഫലമായിരുന്നു പ്രസ്തുത കേസുകള്‍.താഷ്കെന്റിലെ പരിശീലനത്തിന് ശേഷം സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങിയ കമ്യൂണിസ്റ്റ്‌പാര്‍ട്ടി പ്രവര്‍ത്തകരെ 5 ബോള്‍ഷെവിക് ഗൂഡാലോചന കേസുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്ത് പെഷവാര്‍ കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചതായിരുന്നു പെഷവാര്‍ ഗൂഡാലോചന കേസ്‌.കേസിന്റെ വിധിയില്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബ്രിട്ടീഷ്‌ ചക്രവര്‍ത്തിയുടെ പരമാധികാരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിട്ടീഷ്‌ കോടതി ആരോപിച്ചു .
                   1921 ല്‍ അഹമ്മദാബാദിലും 1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ്‌ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പുത്രികപദവി എന്ന ആശയം നിരാകരിച്ച് ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന  ആവശ്യം കമ്യൂണിസ്റ്റു പാര്‍ട്ടി ഉന്നയിച്ചു .പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍  ഉയര്‍ത്തിക്കൊണ്ടു വരുകയും AITUC പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു .ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു.
             തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളായ ഷൌക്കത്ത് ഉസ്മാനി ,ഡാങ്കെ,ഗുലാം ഹുസൈന്‍ ,മുസഫര്‍ അഹമ്മദ്‌,നളിനി ഗുപ്ത ,ശിങ്കാര വേലു ചെട്ടിയാര്‍ ,രാമചന്ദ്ര ലാല്‍ ശര്‍മ ,എം എന്‍ റോയി എന്നിവരെ പ്രതികളാക്കി കോണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഡാലോചനകേസ് ചാര്‍ജ്ജ്‌ ചെയ്തു .
                      കോണ്‍പൂര്‍ ഗൂഡാലോചന കേസിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു എങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം പോലിസ്‌ നടപടിയെ എതിര്‍ക്കാന്‍ തയ്യാറായില്ല .കോണ്‍ഗ്രസ്‌ നേതാവായ ആനിബസന്‍റ്  ഇന്ത്യയില്‍ വിപ്ലവകരമായ ഗൂഡാലോചന നടക്കുന്നതിന്‍റെ തെളിവായി കോണ്‍പൂര്‍ ഗൂഡാലോചന കേസിനെ ഉയര്‍ത്തിക്കാണിച്ചു.കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍  1927 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി യുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു.പ്രവിശ്യ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു .പഞ്ചാബ് പ്രവിശ്യയില്‍ രൂപം കൊണ്ട യുവജന ഭാരത സഭക്ക് ഭഗത് സിംഗ് നേതൃത്വം കൊടുത്തു. കമ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഹിന്ദുസ്ഥാന്‍ റിപ്ലബ്ലിക്ക് ആര്‍മിയുടെ പേര് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ആര്‍മി എന്നാക്കി മാറ്റി .
                                          
                                1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി  നേതൃത്വത്തില്‍ ഖരഗ്പൂരില്‍ നടന്ന റെയില്‍വേ തൊഴിലാളി പണിമുടക്കില്‍ 25000   പേര്‍ പങ്കെടുത്തു. 1928 ജൂലായില്‍ നടന്ന ദക്ഷിണ റെയില്‍വേ പണിമുടക്കും  1928 ഏപ്രിലില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്ത ബോംബെ ടെക്സ്റ്റൈല്‍ തൊഴിലാളി പണിമുടക്കും കോണ്‍പൂര്‍ ,ഷോളാപൂര്‍ ജാംഷഡ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളി പണിമുടക്കുകളും കര്‍ഷകസമരങ്ങളും ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു .1928 ല്‍ അഞ്ചു ലക്ഷം തൊഴിലാളികളും 1929 ല്‍ ആറര ലക്ഷം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടു 
                          പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ബഹുജനതൊഴിലാളി പങ്കാളിത്തം ബ്രിട്ടീഷ്‌  അധികാരികളെയും ബൂര്‍ഷ്വാ പരിഷ്കരണവാദികളായ നേതാക്കളെയും അമ്പരപ്പിച്ചു .കടുത്ത അടിച്ചമര്‍ത്തലുകളായിരുന്നു  ഫലം
.
                       പൊതു സുരക്ഷിതത്വ നിയമനുസരിച്ച് മൂന്നു ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളടക്കം 31 കര്‍ഷക-തൊഴിലാളി നേതാക്കളെ പ്രതികളാക്കിക്കൊണ്ട് മീററ്റ് ഗൂഡാലോചന കേസ് ചാര്‍ജ്ജു ചെയ്തു .
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം 
                            പ്രമാദമായ മൂന്നു ഗൂഡാലോചന കേസുകളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി അതിന്‍റെ പ്രവര്‍ത്തന തലങ്ങള്‍ തൊഴിലാളി മേഖലകളിലാകെ വ്യാപിപ്പിച്ചു.1934 ല്‍ ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ അഖിലേന്ത്യ പണിമുടക്കിന് പാര്‍ട്ടി നേതൃത്വം കൊടുത്തു .1934 ല്‍ പാര്‍ട്ടി  നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനകത്തു ബഹുജന സംഘടനകള്‍ രൂപീകരിക്കാനും സ്വാതന്ത്ര്യ സമരത്തി നായി ദേശീയ ഐക്യ മുന്നണി കെട്ടിപ്പടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി.ഇതിന്‍റെ അടിസ്ഥാനത്തില്‍ 1936 ല്‍ അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, പുരോഗമന റൈറ്റെഴ്സ് ഫോറം തുടങ്ങിയവ രൂപം കൊണ്ടു .1937 ല്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്കു മത്സരിക്കുകയും ചില മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു .ഒന്‍പതു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ്‌ സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുത്തു .1937 -38  ല്‍ 379 പണിമുടക്കുകളിലായി ഏഴു ലക്ഷം തൊഴിലാളികള്‍ പണിമുടക്കി കോണ്‍ഗ്രസിലെ ഇടതു പക്ഷമായ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുകയും കോണ്‍ഗ്രസ്സി ന്‍റെ വലതുപക്ഷ നയങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധവും യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളും 
            രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ്  ശ്രമിച്ചപ്പോള്‍ ശക്തമായ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കമ്യൂണിസ്റ്റു പാര്‍ട്ടി രംഗത്ത്‌ വന്നു .ദേശീയ സമ്മര്‍ദ്ദം ശക്തമാക്കി സ്വാതന്ത്ര്യം നേടണമെന്നതായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട് .ബോംബെ നഗരത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം നടന്നു .1940 മാര്‍ച്ചില്‍ രണ്ടു ലക്ഷം തൊഴിലാളികള്‍ ബോംബയില്‍ പണിമുടക്കി.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി പണിമുടക്കുകള്‍ പൊട്ടി പുറപ്പെട്ടു .ലക്ഷ ക്കണക്കിന് കൃഷിക്കാര്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത്‌ വന്നു .
                          ഫാസിസ്റ്റ്‌ സേന റഷ്യയെ ആക്രമിച്ചതോടെ യുദ്ധത്തിന്‍റെ  സ്വഭാവത്തില്‍ മാറ്റം വന്നതായി കമ്യൂണിസ്റ്റു പാര്‍ട്ടി വിലയിരുത്തി .ആഗോള ഫാസിസം ലോക രാജ്യങ്ങളെ കീഴ്പെടുത്തിയാല്‍ കോളനി രാജ്യങ്ങളുടെ വിമോചനം അസാധ്യമാകുമെന്നും കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ സോഷ്യലിസ്റ്റ്‌ റഷ്യ നിലനില്‍ക്കണമെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് ശരിയായിരുന്നുവെന്നു ചരിത്രം രേഖപെടുത്തി .
യുദ്ധാനന്തര പോരാട്ടങ്ങളും ദേശീയ സ്വാതന്ത്ര്യവും 
ഫാസിസ്റ്റ്‌ വിരുദ്ധ യുദ്ധത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്‌ ദേശീയ പ്രസ്ഥാനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പാര്‍ട്ടിയെ കുറച്ചു കാലത്തേക്ക് ഒറ്റപെടുത്തി.കോണ്‍ഗ്രസ്‌ നേതാക്കളുടെ മോചനം, ഐ എന്‍ എ തടവുകാരുടെ വിചാരണ ക്കെതിരായ സമരങ്ങള്‍ ബംഗാളക്ഷാമ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യിലൂടെ പാര്‍ട്ടി നഷ്ടപെട്ട ജനവിശ്വാസം തിരിച്ചുപിടിച്ചു .
                     1946 -ല്‍ ബോംബയില്‍ ആരംഭിച്ച നാവിക കലാപത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ രംഗത്തിറങ്ങിയത് സാമ്രാജ്യത്വ ഭരണത്തെയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെയും കിടിലം കൊള്ളിച്ചു 1946-1947 വര്‍ഷങ്ങളില്‍ രാജ്യമാകെ തൊഴിലാളി കര്‍ഷക സമരങ്ങളാല്‍ മുഖരിതമായി .1946 ല്‍  എ ഐ ടി യു സി നേതൃത്വത്തില്‍ നടന്ന പണിമുടക്ക്‌ സമരങ്ങളില്‍ ഇരുപതു ലക്ഷം പേര്‍ പങ്കെടുത്തു .കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ വമ്പിച്ച കാര്‍ഷിക  സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന തേബാഗ ,മലബാറിലെ കാര്‍ഷിക സമരങ്ങള്‍ ,തെലുങ്കാന സമരങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ ഒരു വിപ്ലവമുന്നേററത്തിനുള്ള സാധ്യത ഒരുക്കിയതായി വിലയിരുത്തപ്പെട്ടു .നാട്ടുരാജ്യങ്ങളില്‍  .ഉത്തരവാദ പ്രക്ഷോഭങ്ങള്‍ ശക്തമായി .
                           ഇന്ത്യയാകെ അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭം ഒരു വിപ്ലവ സമരമായി പരിവര്‍ത്തിക്ക പ്പെടുകയാണെന്ന സാഹചര്യം മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യം കൈമാറാന്‍ തയ്യാറായി.
സംഗ്രഹം 
ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു സുവ്യക്തമാണ്.വൈദേശീയ ഭരണാധികാരികള്‍ക്കെതിരായി രൂപപ്പെട്ട ഒറ്റപ്പെട്ട  സായുധസമരങ്ങളെ തൊഴിലാളി കര്‍ഷക സമരങ്ങളായി അത് പരിവര്‍ത്തിപ്പിക്കുകയും ബഹുജന പ്രക്ഷോഭങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്തു .ഒത്തുതീര്‍പ്പു സമരങ്ങളിലും സമൂഹത്തിന്‍റെ ,മേല്‍ത്തട്ടിലും ഒതുങ്ങി നിന്നിരുന്ന കോണ്‍ഗ്രസിനെ ബഹുജന പാര്‍ട്ടിയാക്കി വികസിപ്പിക്കുന്നതിനും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടി മുഖ്യ പങ്കു വഹിച്ചു .ഇന്ത്യക്ക്‌ വേണ്ടത് പൂര്‍ണസ്വാതന്ത്ര്യമാണെന്ന് ആദ്യമായി ആവശ്യപ്പെട്ടു .പൂര്‍ണ്ണസ്വാതന്ത്ര്യമെന്നാല്‍  എല്ലാ അര്‍ത്ഥത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നുമുള്ള മോചനമാണെന്നും സാമ്പത്തിക സാമൂഹിക പരിഷ്കാരമാണ് അതിനുള്ള അടിസ്ഥാനമെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടി .
                                        ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ അനുഭവ യാഥാര്‍ത്യങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വാംശീകരിച്ച് സമ്പന്നാനുകൂല ഭരണകൂട നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വത്തിന്‍റെ ആഗോളവല്‍ക്കരണ ചൂഷണനയങ്ങള്‍ക്കെതിരായും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോരാട്ടം തുടരുകയാണ് 
                                                                                                             രഘുനാഥ് ഷൊര്‍ണൂര്‍
                                                                                                                 0507913369

No comments:

Post a Comment